Edit Content

Section

Edit Content

തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കും : തിരഞ്ഞെടുപ്പ് കമ്മീഷണര്‍

HIGHLIGHTS : Complete transparency will be ensured in local elections: Election Commissioner

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പൂര്‍ണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കര്‍ശനനിരീക്ഷണം നടത്തുന്നതിന് നിയോഗിച്ചിട്ടുള്ള പൊതുനിരീക്ഷകര്‍ കമ്മീഷന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കണം. കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുനിരീക്ഷകരുടെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഗമമായ തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ നിരീക്ഷകര്‍ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മുതല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് വരെയാണ് നിരീക്ഷകരുടെ പ്രവര്‍ത്തനം. ഈ കാലയളവില്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണമാണ് മുഖ്യമായും നിര്‍വഹിക്കേണ്ടത്. നിരീക്ഷകരുടെ പ്രവര്‍ത്തനം സംബന്ധിച്ച ചെക്ക് ലിസ്റ്റ് കമ്മീഷന്‍ നല്‍കും.
എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും മതിയായ മിനിമം സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം. മുന്‍കാല സംഭവങ്ങളുടെയും ക്രമസമാധാന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ പ്രശ്‌നബാധിത പോളിംഗ് സ്റ്റേഷനുകളില്‍ ആവശ്യമായ പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.
വനമേഖലകള്‍, എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങള്‍, നക്‌സല്‍ പ്രവര്‍ത്തനമുള്ള സ്ഥലങ്ങള്‍, സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങള്‍, അനധികൃതമായ മദ്യം, പണം, ലഹരിവസ്തുക്കള്‍ എന്നിവയുടെ നീക്കം തുടങ്ങിയ വിഷയങ്ങള്‍ കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കുന്നുണ്ടെന്നും, ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നടപടിയെടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം എല്ലാ നിരീക്ഷകരും വിശദമായ റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കണം. പാര്‍ലമെന്റ് ഇലക്ഷനും തദ്ദേശ സ്ഥാപന ഇലക്ഷനും തമ്മില്‍ വോട്ടര്‍മാരുടെയും നിയോജകമണ്ഡലങ്ങളുടെയും എണ്ണത്തില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും സംവിധാനങ്ങളുടെയും പ്രവര്‍ത്തനരീതി ഒരുപോലെ തന്നെയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലേക്കും നിയോഗിച്ച പൊതുനിരീക്ഷകരായിട്ടുള്ള ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കമ്മീഷന്‍ സെക്രട്ടറി ബി എസ് പ്രകാശ്, കണ്‍സള്‍ട്ടന്റ് കെ ടി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. ചെലവ് നിരീക്ഷകര്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ പരിശീലനവും നടന്നു.

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി നാളെ (നവം. 21) 3 മണിവരെ മാത്രം
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ (നവം.21) ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കും.
പത്രിക സമര്‍പ്പിക്കുന്നയാള്‍ക്ക് സ്വന്തമായോ / തന്റെ നിര്‍ദ്ദേശകന്‍ വഴിയോ പൊതുനോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം 2 – ല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. സ്ഥാനാര്‍ത്ഥി ബധിര – മൂകനായിരിക്കരുത്. സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടറായിരിക്കണം.
ഒരു സ്ഥാനാര്‍ത്ഥിക്ക് 3 സെറ്റ് പത്രിക സമര്‍പ്പിക്കാം. സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണവാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പത്രികയോടൊപ്പം അതത് സ്ഥാനങ്ങളിലേക്ക് നിശ്ചിത തുകയും കെട്ടിവയ്ക്കണം. ഗ്രാമപഞ്ചായത്തില്‍ 2000 രൂപയും, ബ്‌ളോക്ക്പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 4000 രൂപയും, കോര്‍പ്പറേഷന്‍, ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളില്‍ 5000 രൂപയും ആണ് കെട്ടിവെയ്‌ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് തുകയുടെ പകുതി മതി.

സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദശ പത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട തുക അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അടച്ച്, അതിന്റെ രസീത് പത്രികയോടൊപ്പം വരണാധികാരിയ്ക്ക് സമര്‍പ്പിക്കാം. പണം നേരിട്ട് വരണാധികാരിയുടെ പക്കല്‍ ഏല്‍പ്പിച്ചും ട്രഷറിയില്‍ അടവാക്കിയും നിക്ഷേപിക്കാം.
സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, പത്രിക സമര്‍പ്പിക്കുന്ന സമയത്ത് സ്ഥാനാര്‍ത്ഥി ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകള്‍, സ്ഥാനാര്‍ത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആസ്തിയും ബാധ്യതയും, സര്‍ക്കാരിനോ ഏതെങ്കിലും തദ്ദേശസ്ഥാപനത്തിനോ നല്‍കാനുള്ള കുടിശ്ശിക, അയോഗ്യതയുണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം തുടങ്ങിയ വിവരങ്ങള്‍ പത്രികയോടൊപ്പം ഫാറം 2അ യില്‍ സമര്‍പ്പിക്കണം. ഒരാള്‍ക്ക് ഒരു തദ്ദേശസ്ഥാപനത്തിലെ ഒരു വാര്‍ഡില്‍ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. എന്നാല്‍ ത്രിതല പഞ്ചായത്തുകളില്‍ വ്യത്യസ്ത തലങ്ങളില്‍ മത്സരിക്കാം.
നാമനിര്‍ദ്ദേശ പത്രികയും 2എ ഫാറവും പൂര്‍ണ്ണമായി പൂരിപ്പിക്കണം. സ്ഥാനാര്‍ത്ഥികള്‍ വരണാധികാരി മുമ്പാകെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെയോ നിയമപ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് നിശ്ചിത ഫാറത്തില്‍ ഒപ്പുവച്ച് പത്രികയോടൊപ്പം സമര്‍പ്പിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!