അതിജീവിതയുടെ വിവരങ്ങള്‍ തഹസില്‍ദാര്‍ പരസ്യമാക്കിയതായി പരാതി

അരൂര്‍: ആലപ്പുഴ അരൂരില്‍ പോക്‌സോ കേസ് അതിജീവിതയുടെ വിവരങ്ങള്‍ തഹസില്‍ദാര്‍ പരസ്യമാക്കിയതായി പരാതി. വൈക്കം തഹസില്‍ദാര്‍ റെജിക്കെതിരെയാണ് അതിജീവിതയുടെ കുടുംബം പരാതി നല്‍കിയത്. കൈക്കൂലി ആവശ്യപ്പെട്ടത് വിജിലന്‍സിനെ അറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് മജിസ്ട്രറ്റിന്റെ ചുമതല കൂടിയുള്ള തഹസില്‍ദാര്‍ ക്രൂരത കാട്ടിയതെന്നും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു.

പോക്‌സോ കേസുമായി ബന്ധപ്പെട്ട് ആവശ്യമായിവന്ന ജാതി സര്‍ട്ടിഫിക്കറ്റിനായി തഹസില്‍ദാരെ സമീപിച്ചപ്പോഴാണ് ഇയാള്‍ 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ കുടുംബം വിജിലന്‍സിന് പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തില്‍ തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് ജിലാ കളക്ടര്‍ ഇടപെട്ട് ലഭിച്ചു. തുടര്‍ന്നാണ് തഹസില്‍ദാര്‍ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് നിയമലംഘനം നടത്തിയത്.

നാട്ടിലെ സാമുദായിക നേതാക്കളോടാണ് തഹസില്‍ദാര്‍ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇവര്‍ ഇത് പൊതുസ്ഥലത്തുവെച്ച് കുട്ടിയുടെ മാതാവിനോട് ചോദിച്ചു. ഇതിന്റെ മനോവിഷമത്തില്‍ മതാവ് രണ്ടുതവണ ആത്മഹത്യയ്ക്കു ശ്രമിച്ചു. സംഭവത്തില്‍ അരൂര്‍ പോലീസ്, ജില്ലാ പോലീസ് മേധാവി, സി.ഡബ്ല്യു.സി എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇയാള്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top