തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഭാര്യക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി 

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ആള്‍മാറാട്ടം നടത്തി ഭാര്യക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി. അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോ.സഹീദക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഏറെ നാളായി ഡോ.സഹീദയും ഭര്‍ത്താവായ ഡോ.സഫീലും ഒരുമിച്ചാണ് ആശുപത്രിയില്‍ വരാറ്. എന്നാല്‍ രാത്രി പത്ത് മണിക്ക് ശേഷം ഡോ.സഫീലാണ് അത്യാഹിത വിഭാഗം കൈകാര്യം ചെയ്യാറെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

2025 ഫെബ്രുവരി 19-ന് രാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടി ഉണ്ടായിരുന്ന ഡോ.സഹീദക്ക് പകരം അവരുടെ ഭര്‍ത്താവായ ഡോക്ടര്‍ സഫീലാണ് ജോലി എടുത്തത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍ സ നിഷേധിച്ചതും മറ്റും നിരവധി പരാതികള്‍ നിരന്തരം ഉയരുന്ന ഈ സാഹചര്യത്തില്‍ തന്നെ ആള്‍മാറാട്ട പരാതിയെ ആരോഗ്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.

നേരത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിലായിരുന്ന ഡോ.സഫീല്‍ ഇപ്പോള്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ കുട്ടികളുടെ ഡോക്ടറായാണ് ജോലി ചെയ്യുന്നത്. ഇവരുടെ കുട്ടിയുടെ കരച്ചില്‍ ഒഴിവാക്കാനും പാല് കൊടുക്കുന്നതിനുമാണ് ഭാര്യയുടെ ജോലി സഫീല്‍ ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ തന്നെ ഡോക്ടര്‍മാരെ ജോലിക്ക് തെയ്യാറാക്കുന്നതിന് പകരം പുറത്ത് നിന്നുള്ള ഡോക്ടറെ ജോലിക്ക് ഏല്‍പ്പിച്ചതാണ് വലിയ വിവാദമായിരിക്കുന്നത്. ഡോക്ടര്‍ ജോലി ചെയ്യുന്ന ചിത്രം പരാതിക്കാര്‍ തന്നെയാണ് പുറത്ത് വിട്ടത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
2025 ജനുവരി 2-ന് മൂന്നിയൂര്‍ കുന്നത്ത്പറമ്പ് സ്വദേശി അബൂബക്കര്‍ മുസ്ലിയാരുടെ മരണം, ജനുവരി എട്ടിന് ആലുങ്ങല്‍ സ്വദേശിയായ ഒരു വയസ്സുള്ള മുഹമ്മദ് ഷഫിന്‍ എന്ന കുട്ടിക്ക് ചികില്‍സ നിഷേധിച്ചത്, ഇത് ചൂണ്ടിക്കാട്ടിയ യുവാവിനെ കേസില്‍ കുടുക്കിയതടക്കം നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന അത്യാഹിത വിഭാഗത്തിലാണ് ആള്‍മാറാട്ടം നടന്നതെന്നത് ഗൗരവകരമാണ്. ഇത് വരെ സി.സി.ടി.വി തകരാറിലാക്കി വെച്ചതും അതിന്റെ ഭാഗമാണോ എന്ന് സംശയിക്കണമെന്നും ക്യാഷ്വാല്‍റ്റിയെ കുത്തഴിച്ചുവിട്ടവര്‍ക്കെതിരെ നടപടി വേണമെന്നും യൂത്ത്‌ലീഗ് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നേരിട്ടും മന്ത്രിക്ക് ഇ മെയില്‍ മുഖേനയുമാണ് പരാതി നല്‍കിയത്. വിഷയത്തെ ലാകവത്തോടെ കാണാനാകില്ലെന്നും അന്വേഷണം വേണമെന്നും റസാഖ് ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top