പണം ഈടാക്കിയുള്ള പാര്‍ക്കിംഗിനെതിരെ ഉപഭോക്തൃ സമിതി യോഗത്തില്‍ പരാതി

HIGHLIGHTS : Complaint against paid parking in consumer committee meeting

കോഴിക്കോട് ജില്ലയിലെ ചില മാളുകള്‍, ആശുപത്രികള്‍, തീയറ്ററുകള്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിംഗിനായി പണം ഈടാക്കുന്നതിനെതിരെ ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി യോഗത്തില്‍ പരാതി ഉയര്‍ന്നു. സ്വന്തം ചിലവില്‍ പാര്‍ക്കിംഗ് സജ്ജമാക്കാമെന്ന വ്യവസ്ഥയില്‍ ലൈസന്‍സ് നേടിയിട്ടാണ് പാര്‍ക്കിങ്ങിന് അനധികൃതമായി പണം ഈടാക്കുന്നതെന്ന്
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സക്കരിയ പള്ളിക്കണ്ടി (കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് കേരള) ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ പണം ഈടാക്കിയുള്ള പാര്‍ക്കിംഗിനെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി, ബീച്ച് ആശുപത്രി പരിസരങ്ങളിലും ഇത്തരത്തില്‍ അനധികൃത പാര്‍ക്കിംഗ് ഉണ്ട്.

sameeksha-malabarinews

അഞ്ച് കിലോമീറ്ററിനുള്ളില്‍ ഗ്യാസ് വിതരണം ചെയ്യുന്നതിനും ചില ഗ്യാസ് ഏജന്‍സികള്‍ അനധികൃതമായി പണം ഈടാക്കുന്നതായി ടി കെ എ അസീസ് (ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ്) ഉന്നയിച്ചു.

അമൃതം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നഗരത്തിലെ പല റോഡുകളും കുത്തിപ്പൊട്ടിച്ചതിന്റെ ഭാഗമായി കരാറുകാര്‍ പഴയ ജലവിതരണ പൈപ്പുകള്‍ പൊട്ടിച്ചിട്ടുണ്ടെന്നും ഇത് പുന:സ്ഥാപിക്കാത്തതിനാല്‍ ജലജന്യരോഗങ്ങള്‍ പകരുന്നതായും ജോയ് പ്രസാദ് പുളിക്കല്‍ ചൂണ്ടിക്കാട്ടി. പൊട്ടിയ പൈപ്പുകള്‍ ജനങ്ങള്‍ തന്നെ നന്നാക്കണം എന്നാണ് കരാറുകാര്‍ പറയുന്നത്. പണിക്കര്‍ റോഡിലൊക്കെ ഇത് വ്യാപകമാണ്. വഴിയോര കച്ചവടക്കാര്‍ ഉപയോഗിക്കുന്ന ത്രാസില്‍ അളവ് തൂക്കം കൃത്യമല്ല.

നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും സര്‍ക്കുലര്‍ ബസ് സര്‍വീസ്, ഷെയര്‍ ഓട്ടോ പോലുള്ള സംവിധാനങ്ങള്‍ പരീക്ഷിക്കണമെന്നും
ഷെവലിയാര്‍ സി ഇ ചാക്കുണ്ണി (ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍) പറഞ്ഞു.

ഹോട്ടലുകളിലും മറ്റും പാചകം ചെയ്യുന്ന തൊഴിലാളികളുടെ യാതൊരു ആരോഗ്യ പരിശോധനയും നടത്തുന്നില്ലെന്ന് സലാം വെള്ളയില്‍ (കേരള കണ്‍സ്യൂമര്‍ അസോസിയേഷന്‍ പ്രസിഡന്റ്) ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപത്രിയില്‍ പകര്‍ച്ചവ്യാധി ഭീഷണി പോലും വകവെക്കാതെ ഒരു മുറി രണ്ട് രോഗികള്‍ക്കായി വിഭജിച്ച് കൊള്ളലാഭം ഈടാക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ഉപഭോക്തൃ സംരക്ഷണ സമിതി യോഗം മൂന്നു മാസത്തിലൊരിക്കലെങ്കിലും വിളിക്കണമെന്ന് പി കെ നാസര്‍ (എഐടിയുസി ജനറല്‍ സെക്രട്ടറി) ആവശ്യപ്പെട്ടു. നഗരത്തില്‍ ചായക്കടികളുടെ വിലയില്‍ കൊള്ളലാഭമാണ് വ്യാപാരികള്‍ ഈടാക്കുന്നത്.

ടാങ്കറില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് പി ഐ അജയന്‍ (ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി) ആവശ്യപ്പെട്ടു. പി കെ ഏലിയാസ് (ഹരിതമിത്രം കര്‍ഷകസമിതി), ശെല്‍വരാജ് തുടങ്ങിയവരും സംസാരിച്ചു.

യോഗത്തില്‍ ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി ചെയര്‍മാന്‍ ആയ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഉയര്‍ന്ന പരാതികളും അഭിപ്രായങ്ങളും അതാത് വകുപ്പുകള്‍ക്ക് അയച്ചു നല്‍കുമെന്ന് എഡിഎം സി മുഹമ്മദ് റഫീഖ് പറഞ്ഞു.

ജില്ലാ സപ്ലൈ ഓഫീസര്‍ കെ കെ മനോജ് കുമാര്‍, കോഴിക്കോട് സൗത്ത് സിറ്റി റേഷനിങ് ഓഫീസര്‍ ബി അഷ്‌റഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!