മുംബൈ: വനിതാ സഹപ്രവര്‍ത്തകയുടെ മുടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ജോലിസ്ഥലത്തെ ലൈംഗിക പീഡനത്തിന് തുല്യമല്ലെന്ന് ബോംബെ ഹൈക്കോടതി.
ഹര്‍ജിക്കാരനെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് കണക്കാക്കിയാല്‍ പോലും, ലൈംഗിക പീഡനത്തെക്കുറിച്ച് വ്യക്തമായ ഒരു നിഗമനത്തിലെത്താന്‍ കഴിയില്ലെന്ന് ജസ്റ്റിസ് സന്ദീപ് മാര്‍നെ മാര്‍ച്ച് 18 ലെ തന്റെ ഉത്തരവില്‍ പറഞ്ഞു.
പൂനെയിലെ സ്വകാര്യ ബാങ്കിലെ അസോസിയേറ്റ് റീജിയണല്‍ മാനേജരായ കച്ചാവെ, 2013 ല്‍ ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനം (തടയല്‍, നിരോധനം, പരിഹാരം) നിയമം (പോഷ് ആക്ട്) പ്രകാരം മോശം പെരുമാറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബാങ്കിന്റെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെയുള്ള തന്റെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള വ്യവസായ കോടതി പുറപ്പെടുവിച്ച 2024 ജൂലൈയിലെ ഉത്തരവിനെ ചോദ്യം ചെയ്തിരുന്നു.
കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്, കച്ചാവെയെ ഡെപ്യൂട്ടി റീജിയണല്‍ മാനേജരായി തരംതാഴ്ത്തിയിരുന്നു.
പരാതിക്കാരിയായ സ്ത്രീയുടെ പരാതി പ്രകാരം, ഹര്‍ജിക്കാരന്‍ തന്റെ മുടിയെക്കുറിച്ച് ഒരു കമന്റ് പാസാക്കി, മുടിയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ഗാനം ആലപിച്ചു. മറ്റൊരു സാഹചര്യത്തില്‍, മറ്റ് വനിതാ സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഒരു പുരുഷ സഹപ്രവര്‍ത്തകന്റെ സ്വകാര്യ ഭാഗത്തെക്കുറിച്ച് ഒരു പരാമര്‍ശം നടത്തിയതായി പരാതിയില്‍ പറയുന്നു.
ഹര്‍ജിക്കാരന്റെ ആരോപണവിധേയമായ പെരുമാറ്റം ലൈംഗിക പീഡനമാണോ എന്ന് ബാങ്കിന്റെ പരാതി സമിതി പരിഗണിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
‘സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടതായി അംഗീകരിച്ചാലും, ഹര്‍ജിക്കാരന്‍ ലൈംഗിക പീഡനം നടത്തിയിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രയാസമാണെന്നും കോടതി പറഞ്ഞു.
2022 സെപ്റ്റംബറിലെ ബാങ്കിന്റെ ആഭ്യന്തര റിപ്പോര്‍ട്ടും പൂനെ വ്യവസായ കോടതിയുടെ ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
പരാതിക്കാരി തന്റെ മുടി കൈകാര്യം ചെയ്യാന്‍ ഒരു ‘ജെസിബി’ ഉപയോഗിക്കേണ്ടിവരുമെന്ന് കച്ചാവെ സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് അഭിഭാഷകന്‍ പറഞ്ഞു. മറ്റൊരു സംഭവത്തെക്കുറിച്ച്, ആരോപിക്കപ്പെട്ട പരാമര്‍ശം പാസാക്കുമ്പോള്‍ പരാതിക്കാരന്‍ അവിടെ ഉണ്ടായിരുന്നില്ല എന്ന് അഭിഭാഷകന്‍ ഖാന്‍ പറഞ്ഞു.
പരാതിക്കാരി രാജി സമര്‍പ്പിച്ചതിന് ശേഷമാണ് ലൈംഗിക പീഡന പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.




