ദില്ലി: ഓപ്പറേഷന്‍ സിന്ദുറിനെ വിശദീകരിക്കുന്നതിനായി ദില്ലിയില്‍ കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രക്കൊപ്പം എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സൈനിക ഉദ്യോഗസ്ഥരായ രണ്ട് വനിതകള്‍. ഇന്ത്യന്‍ സായുധ സേനയിലെ രണ്ട് മുതിര്‍ന്ന വനിത ഓഫീസര്‍മാരായ വിംഗ് കമാണ്ടര്‍ വ്യോമിക സിംങും, കേണല്‍ സോഫിയ ഖുറേഷിയുമാണ് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.ഭീകരാക്രമണത്തില്‍ ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ട സ്ത്രീകള്‍ക്കുള്ള ആദരവായാണ് സൈനിക നടപടിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേര് നല്‍കിയത്. ഇന്ത്യന്‍ സ്ത്രീകള്‍ വളരെ ശക്തരാണെന്ന സന്ദേശം നല്‍കുന്നതായിരുന്നു വിക്രം മിശ്രക്കൊപ്പം ഓപ്പറേഷന്‍ സിന്ദൂര്‍ എങ്ങിനെ നടപ്പിലാക്കിയതെന്ന് വിശദീകരിച്ച രണ്ട് ഉന്നത വനിതാ ഓഫീസര്‍മാര്‍ നയിച്ച ഇന്നത്തെ വാര്‍ത്താസമ്മേളനം.
കേണ്‍ സോഫിയ ഖുറേഷി ഇന്ത്യന്‍ സൈന്യത്തിലെ കോര്‍പ്‌സ് ഓഫ് സിഗ്നല്‍സിലെ ഓഫീസറാണ്. നിരവധി നേട്ടങ്ങളിലൂടെ ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തിയാണ്. 2016 മാര്‍ച്ചില്‍ ഒന്നിലധികം രാജ്യങ്ങള്‍ പങ്കെടുത്ത ഒരു സൈനികാഭ്യാസത്തില്‍ ഇന്ത്യയുടെ ഒരു സൈനിക സംഘത്തെ അവര്‍ നയിച്ചിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വനിതാ ഓഫീസറെന്ന നേട്ടം അവര്‍ സ്വന്തമാക്കി. മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് എട്ട് വരെ പൂനെയില്‍ നടന്ന സൈനിക അഭ്യാസത്തില്‍ ആസിയാന്‍ അംഗരാജ്യങ്ങളും ജപ്പാന്‍, ചൈന, റഷ്യ, അമേരിക്ക, ദക്ഷിണ കൊറിയ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ ആഗോള ശക്തികളും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു.
2006ല്‍ കോംഗോയില്‍ ഐക്യരാഷ്ട്രസഭയുടെ പീസ് കീപ്പിംഗ് ഓപ്പറേഷനില്‍ ഒരു സൈനിക നിരീക്ഷകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010 മുതല്‍ പികെഒകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അതിന്ശേഷം അവര്‍ മികച്ച സംഭാവനകള്‍ നല്‍കി വരുന്ന മേഖലയാണിത്.
ഇന്ത്യന്‍ സൈന്യവുമായി സോഫിയ ഖുറേഷിക്കുള്ളത് ആഴത്തിലുള്ള ബന്ധമാണ് . അവരുടെ മുത്തച്ഛന്‍ ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച വ്യക്തിയാണ്. മെക്കണൈസ്ഡ് ഇന്‍ഫന്‍ട്രിയിലെ ഒരു ഉദ്യോഗസ്ഥനെയാണ് സോഫിയ ഖുറേഷി വിവാഹം കഴിച്ചിരിക്കുന്നത്. സൈന്യത്തിലെ സ്ത്രീകളുടെ ആഖ്യാനത്തെ പുനര്‍നിര്‍വചിക്കാന്‍ സഹായിച്ച ഒരു ഉദ്യോഗസ്ഥയെന്നാണ് സോഫിയ ഖുറേഷി വിശേഷിപ്പിക്കപ്പെടുന്നത്.
ഇന്ത്യന്‍ വ്യോമസേനയിലെ ഹെലികോപ്ടര്‍ പൈലറ്റാണ് വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്. എന്‍സിസിയിലൂടെയാണ് അവര്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറുന്നത്. ഇന്ത്യന്‍ വ്യോമസേനയില്‍ ഹെലികോപ്റ്റര്‍ പൈലറ്റായി കമ്മീഷന്‍ ചെയ്യപ്പെട്ട വ്യോമിക സിങ് 2019 ഡിസംബര്‍ 18 ന് ഫൈയിംഗ് ബ്രാഞ്ചില്‍ സ്ഥിരം കമ്മീഷന്‍ ലഭിച്ചു. 2,500 ലേറെ മണിക്കൂര്‍ ഹെലികോപ്ടര്‍ പറത്തിയിട്ടുള്ള വ്യോമിക ജമ്മു കാശ്മീര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയുള്‍പ്പെടെ ഏറെ ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൂടെ ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപറ്ററുകള്‍ പറത്തിയിട്ടുണ്ട്. 2020 ല്‍ അരുണാചല്‍ പ്രദേശിലുള്‍പ്പെടെ നിരവധി രക്ഷാപ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. 2021 ല്‍ 21,650 അടി ഉയരമുള്ള മണിരംഗ് പര്‍വതത്തിലേക്കുള്ള പര്‍വതാരോഹണ പര്യവേഷണത്തിലും അവര്‍ പങ്കെടുത്തിരുന്നു.



