Section

malabari-logo-mobile

സ്ത്രീസുരക്ഷയില്‍ കേരളത്തെ ഒന്നാമതെത്തിക്കും – മുഖ്യമന്ത്രി

HIGHLIGHTS : The renovated building of the Women Development Corporation was inaugurated

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളത്തെ, രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിക്കാന്‍ വൈകാതെ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ ലിംഗസമത്വത്തില്‍ കേരളം ഒരു പ്രകാശരേഖയെന്നാണ് വ്യക്തമാക്കുന്നത്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ നിലവില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനത്തെ അധികം വൈകാതെ ഒന്നാമതെത്തിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോട്ടയ്ക്കകം ട്രാന്‍സ്്‌പോര്‍ട്ട് ഭവനിലെ വനിതാ വികസന കോര്‍പ്പറേഷന്റെ നവീകരിച്ച ഓഫീസ് സമുച്ചയവും കോര്‍പ്പറേറ്റ് ഓഫീസും ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പല സാമൂഹിക സൂചികകളിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. സ്ത്രീ സുരക്ഷയിലും ലിംഗസമത്വത്തിലും ഇതേ പദവി നിലനിര്‍ത്താനാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക സ്വാശ്രയത്വത്തിന്റെ പടവുകളിലൂടെ അര്‍ഹമായ സാമൂഹിക പദവിയിലേക്ക് സ്ത്രീകളെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 1988 മുതല്‍ വനിത വികസന കോര്‍പ്പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. അതിനായി വിവിധ വായ്പാ പദ്ധതികള്‍, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ നടത്തുന്നു. ഇതിലൂടെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുന്‍ധാരയിലെത്തിക്കാന്‍ ഒരു പരിധി വരെ സാധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് വിവിധ വ്യക്തികളെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച കൈത്താങ്ങ് കര്‍മ്മസേന, വണ്‍സ്റ്റോപ്പ് സെന്ററുകള്‍, എന്റെ കൂട് പദ്ധതി, വനിത മിത്ര കേന്ദ്രങ്ങള്‍ എന്നിവ വന്‍ വിജയമായ പദ്ധതികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാലയളവില്‍ പത്ത് ലക്ഷത്തിലധികം വനിതകള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കാന്‍ വനിത വികസന കോര്‍പ്പറേഷനായിട്ടുണ്ട്. സ്ത്രീയുടെ ജീവിതം വീടിനുള്ളിലും പുറത്തും സുരക്ഷിതവും അന്തസ്സുള്ളതുമാക്കി മാറ്റാന്‍ കൂടുതല്‍ പദ്ധതികളുമായി മുന്നേറാന്‍ വനിത വികസന കോര്‍പ്പറേഷന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
13 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തില്‍ കോര്‍പ്പറേറ്റ് ഓഫീസിനു പുറമെ മേഖലാ ഓഫീസും റീച്ച് ഫിനിഷിംഗ് സ്‌കൂളുമാണ് പ്രവര്‍ത്തിക്കുക. ആരോഗ്യ-സാമൂഹ്യനീതി-വനിതാശിശു വികസന മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ സ്വാഗതം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!