ഭരണഘടനാ നിർമ്മാണസഭാ ചർച്ചകളുടെ മലയാള പരിഭാഷ മുഖ്യമന്ത്രി 24ന് പ്രകാശനം ചെയ്യും

HIGHLIGHTS : CM to release Malayalam translation of Constituent Assembly deliberations on 24th

ഭരണഘടനാ നിർമാണസഭാ ചർച്ചകളുടെ മലയാള പരിഭാഷയുടെ ഒന്നാം വാല്യത്തിന്റെ പ്രകാശനം ജൂൺ 24 ന് നിയമസഭാ സമുച്ചയത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ വച്ച് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യാതിഥിയാകും.

രാവിലെ 9ന് ദേശീയ നേതാക്കളുടെ പ്രതിമയിൽ പുഷ്പാർച്ചനയോടെ ആരംഭിക്കുന്ന പരിപാടിയെ തുടർന്ന് ഭരണഘടനാനിർമ്മാണസഭയെയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തേയും കുറിച്ച് നിയമസഭാ മ്യൂസിയം ഒരുക്കുന്ന പ്രദർശനം സ്പീക്കർ ഉദ്ഘാടനം ചെയ്യും.

ചടങ്ങിനോടനുബന്ധിച്ച് രാവിലെ 9.30ന് ‘പെയ്തിറങ്ങുന്ന ഓർമ്മകൾ’ എന്ന പേരിൽ മുൻ നിയമസഭാ സാമാജികരുടെയും മുൻ നിയമസഭാ ജീവനക്കാരുടെയും മുൻ നിയമസഭാ സെക്രട്ടറിമാരുടെയും മാധ്യമപ്രവർത്തകരുടെയും സ്‌നേഹകൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. നിയമസഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം, ഈ നിയമസഭയുടെ കാലയളവിൽ 25 വർഷം പൂർത്തിയാക്കുന്ന നിയമസഭാ സാമാജികർ, മുതിർന്ന മുൻ നിയമസഭാ സാമാജികർ, മുതിർന്ന മുൻ നിയമസഭാ ജീവനക്കാർ, മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവരെ ആദരിക്കൽ, നിയമസഭ ഏർപ്പെടുത്തിയിട്ടുള്ള വിവിധ അവാർഡുകളുടെ വിതരണം, ഭരണഘടനാ നിർമ്മാണസഭയെക്കുറിച്ച് സഭാ ടി.വി. തയ്യാറാക്കിയ വീഡിയോ പ്രദർശനം എന്നിവയും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ‘കോൺസ്റ്റിറ്റ്യൂഷണൽ ഫെഡറലിസം – എമർജിംഗ് ചലഞ്ചസ് ആൻഡ് റെസ്‌പോൺസസ്’ എന്ന വിഷയത്തിൽ നിയമ വിദഗ്ധരായ പ്രൊഫ. ജി. ബി. റെഡ്ഡി, റിട്ട. ജസ്റ്റിസ് ജെ. ബി. കോശി, റിട്ട. ജസ്റ്റിസ് സോഫി തോമസ്, ഡോ. കെ. സി. സണ്ണി എന്നിവർ പങ്കെടുക്കുന്ന ഒരു സെമിനാർ ഉച്ചയ്ക്ക് 2.30ന് സംഘടിപ്പിക്കും. തുടർന്ന് നിയമസഭാ സാമാജികരും നിയമസഭാ ജീവനക്കാരും പങ്കെടുക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!