ആരുടേതാണീ ഇന്ത്യ? ഷിജു ദിവ്യ എഴുതുന്നു….
നാടുകടത്തപ്പെടുന്നത് രാഷ്ട്രീയമെന്ന പ്രക്രിയ തന്നെയാണ്
ആരാണ് പിറന്ന മണ്ണില്‍ അഭയാര്‍ത്ഥികളാവാന്‍ പോവുന്നത്? 2019 IFFK യില്‍ നിന്ന് മടങ്ങും മുമ്പ് കൈരളി തിയറ്ററിന്റെ ഒഡേസപ്പടവുകളിരുന്ന് ഇതു കുറിക്കുമ്പോള്‍ ഞാന്‍ ട്രൂ നൂണ്‍ , നോ മാന്‍സ് ലാന്‍ഡ്, ലെമണ്‍ ട്രീ തുടങ്ങിയ നിരവധി സിനിമകള്‍ ഓര്‍ത്തു. മുള്ളുവേലികള്‍ , വൃത്താകൃതിയുള്ള സീലു ചാര്‍ത്തി ബോട്ടുകളിലും ട്രക്കുകളിലും ഡീപ്പോര്‍ട്ട് ചെയ്യുന്ന മനുഷ്യര്‍ , അവരലയുന്ന ആരുടേതുമല്ലാത്ത ഭൂമികള്‍. എങ്ങോട്ട് ചൂണ്ടണമെന്നറിയാത്ത കൗമാരം കയ്യേന്തിയ തോക്കുകള്‍ , അവയ്ക്ക് മുന്നില്‍ പുകഞ്ഞു പോവുന്ന ജീവിതങ്ങള്‍. വിദ്വേഷം വിതച്ച് കലാപങ്ങള്‍ വിളവെടുത്ത് ലാഭമുണ്ടാക്കുന്ന കോര്‍പ്പറേറ്റുകള്‍ , മുറിവേറ്റ മനുഷ്യരുടെ നിലവിളികള്‍ക്കിടയില്‍ അവരുടെ ആകാശയാനങ്ങള്‍ വലിച്ചെറിയുന്നത് ബോംബാണോ ഭക്ഷണപ്പൊതിയാണോ എന്നറിയാത്ത അഭയാര്‍ത്ഥി ക്യാമ്പുകള്‍.
വെയില്‍ മങ്ങി ഇരുട്ടു പടരുന്നൊരു ദിനാന്ത്യത്തിന്റെ സ്വാഭാവികതയില്‍ ഈ രാജ്യമൊരു അന്ധകാരയുഗത്തെ സ്വാംശീകരിക്കുകയാണ്.
കേരളത്തിലല്ലാതെ ജാതി-ജന്മിത്വത്തിന്റെ വാഴ്ചയ്ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാത്ത ഇന്ത്യയില്‍ ആരുടെ പൗരത്വത്തിനാണ് പാര്‍ക്കുന്ന ഭൂമിയുടെ അടിയാധാരം സാക്ഷ്യം പറയുക? ഉത്തരേന്ത്യയിലെ , പ്രത്യേകിച്ച് അതിര്‍ത്തി ദേശങ്ങളിലെ മുസ്ലീങ്ങള്‍ക്ക് അവശ്യമായ രേഖകള്‍ കയ്യിലുണ്ടാകുമെന്ന് തന്നെയാണ് എന്റെ കണക്കുകൂട്ടല്‍ . അവയുടെ കൂടി ബലത്തിലാണ് ബ്രിട്ടീഷ് ഇന്ത്യ മുതല്‍ വിഭജന കാലം തൊട്ട് തങ്ങളെ അപരവല്‍ക്കരിക്കുന്ന ഹിന്ദുത്വ പൊതുബോധത്തെ അവര്‍ അതിജീവിച്ചിട്ടുണ്ടാവുക. അതുകൊണ്ട് അവരെക്കുറിച്ച് ആശങ്ക വേണ്ടെന്നല്ല.കയ്യിലെ കടലാസുകള്‍ കൊണ്ട് മാത്രം രക്ഷപ്പെടാവുന്നതല്ല , നിലവില്‍ തന്നെ അവര്‍ പെട്ടിരിക്കുന്ന വിഷമവൃത്തങ്ങള്‍.
സാങ്കേതികമായി ചിന്തിച്ചാല്‍ അതിലേറെ സങ്കീര്‍ണ്ണമാവും ഭൂരഹിതരായ പിന്നാക്ക / ദലിത് / ആദിവാസി ജനതയുടെ അവസ്ഥ. പക്ഷേ അവര്‍ ഭയക്കേണ്ടെന്ന് ഭരണകൂടം പറയുന്നുണ്ട്. ശരിയാണ് ശതകോടികള്‍ വരുന്ന ഈ മനുഷ്യരെ മുഴുവന്‍ എങ്ങോട്ട് കയറ്റിവിടാന്‍ ? ആ അര്‍ത്ഥത്തില്‍ ഭയക്കാനൊന്നുമുണ്ടാവില്ല. പക്ഷേ അങ്ങനെ ആശ്വസിക്കാന്‍ വരട്ടെ , അംബേദ്ക്കറെപ്പോലൊരാള്‍ , ജ്യോതി ഫൂലയെപ്പൊരാള്‍ , അവസര നിഷേധത്തിന്റെ ഇരുമ്പുമറകള്‍ ഭേദിച്ച് നിവര്‍ന്നു നില്‍ക്കുന്നൊരു കീഴാള(ന്‍) അഭിമുഖീകരിക്കാന്‍ പോവുന്ന ചോദ്യം ‘അതു പറയാന്‍ നീയാര്?’ എന്നതാവും. ജീവവായു പോലെ , ശ്വസിക്കുന്നവായു പോലെ നിത്യാനുഭവം കൊണ്ട് അത്രമേല്‍ സാധാരണമായ ഒന്നായിരുന്നു നമ്മുടെ ദേശം. ദേശാനുഭവം. അതില്‍ നിന്നാണ് നാം ഈ അന്യവല്‍ക്കരണം നേരിടാന്‍ പോവുന്നത്. പൗരനെന്ന അസ്തിത്വമാണ് നിങ്ങള്‍ക്കി രാഷ്ട്രത്തിന്റെ പരമാധികാരിയായിരിക്കാന്‍ അവകാശം നല്‍കുന്നത്. ആ ബലത്തിലാണ് നാം ഭരണകൂടത്തോട് അവകാശങ്ങള്‍ ചോദിക്കുന്നത്. പ്രക്ഷോഭങ്ങള്‍ നടത്തുന്നത്. അഭയാര്‍ത്ഥിയാവുന്നൊരാള്‍ക്ക് ഉഛ്വാസ വായു പോലും ഔദാര്യമായിത്തീരും. നീട്ടിവയ്ക്കപ്പെടുന്നൊരു നാടുകടത്തല്‍ തീയതി തലയില്‍ തൂങ്ങുമ്പോള്‍ നിങ്ങള്‍ക്കെന്ത് അവകാശബോധം ?
ഏത് പ്രക്ഷോഭം ?
പൗരാവകാശങ്ങളാണ് ജനാധിപത്യത്തിന്റേയും ആധുനിക രാഷ്ട്രീയത്തിന്റെയും ആണിക്കല്ല്. ഈ ബില്ല് ആദ്യം നാടുകടത്താന്‍ പോവുന്നത് രാഷ്ട്രീയമെന്ന പ്രക്രിയ തന്നെയാണ്.
വരൂ നമുക്ക് പൗരത്വമെന്ന അഭിമാന ചിഹ്നം അഴിച്ചു വയ്ക്കാം . തിരുവായ്‌ക്കെതിര്‍വായില്ലാത്ത നാടിന്റെ പ്രജയാവാം.




