
ദുബായ് : പൊതുവീഥിയിൽ മറ്റൊരു കുട്ടിയോടൊപ്പം ക്വാഡ് ബൈക്ക് ഓടിച്ച കുട്ടിയുടെ രക്ഷിതാവിനെതിരെ നിയമനടപടി സ്വീകരിച്ച് ദുബായ് പൊലീസ്. വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്ന മോട്ടോർ ബൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. പൊതുവീഥിയിൽ കുട്ടികൾ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ട് കുട്ടികളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കിയിരുന്നു.
രക്ഷിതാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വാഹനം കസ്റ്റഡിയിലെടുക്കുകയും 50,000 ദിർഹം മോചന ഫീസ് ചുമത്തുകയും ചെയ്തതായി ഓപ്പറേഷൻ അസിസ്റ്റൻ്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂയി അറിയിച്ചു. കുട്ടികളുടെ സുരക്ഷയെ അവഗണിക്കുകയോ അപകടാവസ്ഥയിലാക്കുകയോ ചെയ്യുന്നതിനെ കുറ്റകരമാക്കുന്ന വാദിമാസ് നിയമപ്രകാരം നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പൊതുവീഥികളിൽ കുട്ടികളെ വാഹനമോടിക്കാൻ അനുവദിക്കുന്നത് അത്യന്തം അപകടകരമാണെന്ന് അൽ മസ്റൂയി മുന്നറിയിപ്പ് നൽകി. ഗതാഗതനിയമങ്ങളും അടിയന്തര സാഹചര്യങ്ങളും കൈകാര്യം ചെയ്യാൻ കുട്ടികൾ ശാരീരികമായും മാനസികമായും തയ്യാറല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിനോദ ബൈക്കുകൾ നിശ്ചിതവും മേൽനോട്ടമുള്ള സ്ഥലങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ. നിയമപ്രകാരമുള്ള പ്രായം എത്തും മുമ്പോ ലൈസൻസ് നേടുന്നതിന് മുമ്പോ കുട്ടികളെ യാതൊരു വാഹനവും ഓടിക്കാൻ അനുവദിക്കരുതെന്നും രക്ഷിതാക്കൾക്ക് നിർദേശം നൽകി.
നിയമത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ ഉത്തരവാദിത്വത്തിൽ നിന്ന് ആരെയും ഒഴിവാക്കില്ല. അപകടകരമായ പെരുമാറ്റങ്ങൾ 901 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പൊലീസ് ആപ്പിലെ ‘പോലിസ് ഐ’ സേവനം ഉപയോഗിച്ചോ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





