മലപ്പുറം:സംസ്ഥാനത്തെ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ബാലാവകാശ കമ്മിഷന്‍ ഏകദിന പരിശീലനം നല്‍കുന്നു. മലപ്പുറം ജില്ലയിലെ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ആഗസ്റ്റ് 18 ) രാവിലെ 10ന് ജില്ലാ ആസൂത്രണ സമിതി ഓഫിസ് ഹാളില്‍ കമ്മിഷന്‍ അംഗം സിസിലി ജോസഫ് നിര്‍വ്വഹിക്കും.
പരിശീലനത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍, മാനസികാരോഗ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ വിദഗ്ധര്‍ കൈകാര്യം ചെയ്യും.
കൗമാരക്കാരായ കുട്ടികളുടെ ശാരീരിക- മാനസിക പ്രശ്നങ്ങളെ തിരിച്ചറിയാനും പരിഹാരം നിര്‍ദ്ദേശിക്കാനും അധ്യാപകരെ പ്രാപ്തരാക്കുക, അധ്യാപക- വിദ്യാര്‍ത്ഥി ബന്ധം സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക, വിദ്യാഭ്യാസ- മനഃശാസ്ത്ര സിദ്ധാന്തങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ശാസ്ത്രീയ കാഴ്ചപ്പാടോടു കൂടിയ സമീപനം വിദ്യാലയാന്തരീക്ഷത്തില്‍ നടപ്പിലാക്കുക, ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുക, സാമൂഹ്യ മാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളില്‍ അവബോധം വളര്‍ത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലനം ലഭിക്കുന്ന അധ്യാപകര്‍ അവരുടെ സ്‌കൂളിലെ അധ്യാപകരിലേക്കും എട്ട്, ഒന്‍പത്, 10 ക്ലാസുകളിലെ കുട്ടികളിലേക്കും ബോധവല്‍ക്കരണം എത്തിക്കും.
പരിശീലനത്തിന്റെ ഒന്നാം ഘട്ടം കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 11 ന് കോഴിക്കോട് ആരംഭിച്ച പരിശീലനം 20 ന് തൃശൂര്‍ സമാപിക്കും.




