
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ അകാല വിയോഗം ഏറെ ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നവീന്‍ ബാബുവിന്റെ അനുഭവം ഒരു ഉദ്യോഗസ്ഥനും ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഉറപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. സുതാര്യമായും സത്യസന്ധമായും കാര്യക്ഷമമായും തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മനുഷ്യസ്‌നേഹവും സാമൂഹ്യപ്രതിബന്ധതയും ഉദ്യോഗസ്ഥരുടെ മുഖമുദ്രയായിരിക്കണം. സര്‍ക്കാര്‍ സേവനമെന്നത് ഇത്തരമൊരു മുഖമുദ്രയോടെ നിര്‍വഹിക്കുന്ന അവസ്ഥ ഉണ്ടാകാണം. തങ്ങളുടെ അധികാരപരിധിയില്‍പ്പെട്ട കാര്യങ്ങളില്‍ സമബന്ധിതമായി തീരുമാനങ്ങളെടുക്കണം. നിര്‍ഭയമായി ചട്ടപ്രകാരം ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എ.ഡി.എമ്മിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഒരു രീതിയിലുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും അന്വേഷണം ശരിയായ രീതിയില്‍ നടക്കുമെന്നും അത് എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും കഴിഞ്ഞദിവസം എല്‍.ഡി.എഫ്. യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.



