പ്രവാസികള്‍ക്കുള്ള സേവനങ്ങള്‍ മികച്ച ഗുണനിലവാരത്തില്‍ സമയബന്ധിതമായി നല്‍കുന്നതില്‍ കേരളം മാതൃക: മുഖ്യമന്ത്രി പിണറായി വിജയന്‍

നോര്‍ക്ക കെയര്‍’ സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ മികച്ച ഗുണനിലവാരത്തില്‍ സമയബന്ധിതമായി നല്‍കുന്നതിലും കേരളം മികച്ച മാതൃകയാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി മലയാളികള്‍ക്കായുള്ള ‘നോര്‍ക്ക കെയര്‍’ സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസി മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒരു സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി എന്നത്. ലോക കേരള സഭയിലും ഇതേ ആവശ്യം ഉയര്‍ന്നുവന്നിരുന്നു. ആ ആവശ്യമാണ് ഇപ്പോള്‍ നിറവേറ്റപ്പെടുന്നത്. നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിലാണ് ‘നോര്‍ക്ക കെയര്‍’ എന്ന പേരില്‍ പ്രവാസികള്‍ക്കായി സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുന്നത്. ലോകത്തെമ്പാടുമുളള പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രതിബദ്ധതയുടെ തെളിവുകൂടിയാണ് നോര്‍ക്ക കെയര്‍. ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം മുതല്‍ ഈ സേവനം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. നോര്‍ക്കയുടെ ഐഡി കാര്‍ഡുള്ള ലോകമെങ്ങുമുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികളും ഇതിന്റെ പരിധിയില്‍ വരും. ഈ പദ്ധതി പ്രകാരം അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രീമിയം നിരക്കിലുള്ള കുറവാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം. മാത്രമല്ല, പോളിസി എടുക്കുന്നതിന് മുന്‍പുള്ള രോഗങ്ങള്‍ക്കും കാത്തിരിപ്പ് കാലം ഒഴിവാക്കി ക്കൊണ്ടുള്ള ചികിത്സയ്ക്കും ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും.

കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം 16,000 ത്തിലധികം ആശുപത്രികളില്‍ ഇതുവഴി ക്യാഷ്ലെസ് ചികിത്സ ലഭ്യമാകും. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും കുടുംബത്തിനും അവര്‍ താമസിക്കുന്ന ഇടങ്ങളില്‍തന്നെ ചികിത്സ ഉറപ്പാക്കാനാകും. നിലവില്‍ രാജ്യത്തിനുള്ളില്‍ മാത്രമാണ് ഈ സേവനം ലഭ്യമാകുകയെങ്കിലും, ഭാവിയില്‍ ജി സി സി രാജ്യങ്ങളിലുള്‍പ്പെടെയുളള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിച്ചുകൊണ്ട് നമ്മുടെ നാടിന്റെ പുരോഗതിക്കായി വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികള്‍. അതുകൊണ്ടുതന്നെ പ്രവാസികളെ ചേര്‍ത്തുപിടിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്.

പ്രവാസത്തിനു മുമ്പ്, പ്രവാസകാലം, പ്രവാസത്തിന് ശേഷം എന്നിങ്ങനെയുള്ള മൂന്ന് ഘട്ടങ്ങളിലും വ്യക്തികള്‍ക്കാവശ്യമായ സേവന, ക്ഷേമ കാര്യങ്ങളില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ നോര്‍ക്കയ്ക്ക് സാധിക്കുന്നുണ്ട്. ഇതിന് സമാനമായൊരു സംവിധാനം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമില്ല എന്ന കാര്യവും ഓര്‍മിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ 9 വര്‍ഷങ്ങളായി പ്രവാസികളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും താങ്ങും തണലുമാകാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. 2016 ന് മുമ്പ് 13 പദ്ധതികളാണ് പ്രവാസിക്ഷേമത്തിനായി ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അത് 20 പദ്ധതികളായി വര്‍ധിച്ചു. വിവിധ പദ്ധതികള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച തുക 150.81 കോടി രൂപയാണ്.

നോര്‍ക്കയുടെ ജോബ് പോര്‍ട്ടല്‍, പ്രവാസികളാകാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കുവേണ്ടി നടത്തുന്ന നൈപുണ്യ വികസന പരിപാടികള്‍, മലയാളി നഴ്സുമാരെ ജര്‍മനിയില്‍ ജോലിക്കയക്കുന്ന ട്രിപ്പിള്‍ വിന്‍ പ്രൊജക്ട്, തൊഴില്‍ റിക്രൂട്ട്മെന്റിനായി ജപ്പാന്‍, ദക്ഷിണ കൊറിയ, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളുമായി ഏര്‍പ്പെടുത്തിയിട്ടുള്ള കരാര്‍, പ്രവാസി ലീഗല്‍ എയ്ഡ് സെല്‍, സാന്ത്വനം പദ്ധതി, പ്രവാസി ഡിവിഡന്റ് സ്‌കീം, എന്നിങ്ങനെ ഒട്ടനവധി പദ്ധതികളാണ് സംസ്ഥാനത്ത് കാര്യക്ഷമമായി നടന്നുവരുന്നത്.

ലോക കേരളസഭയുടെ സമ്മേളനങ്ങളില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി ഏഴു മേഖലാ കേന്ദ്രിത സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രൂപീകരിച്ചു. ലോക കേരളസഭ സെക്രട്ടേറിയറ്റ് അവയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അവലോകനം ചെയ്തു. ഇതിന്റെയൊക്കെ ഫലമായാണ് ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ്, എന്‍ ആര്‍ ഐ നിര്‍മ്മാണക്കമ്പനി, എന്‍ ആര്‍ ഐ സഹകരണ സൊസൈറ്റി, നോര്‍ക്ക റൂട്ട്സില്‍ ആരംഭിച്ച വിമന്‍സ് സെല്‍, സി ഡി എസ്സിലെ അന്താരാഷ്ട്ര മൈഗ്രേഷന്‍ സെന്റര്‍, തുടങ്ങിയവയൊക്കെ യാഥാര്‍ത്ഥ്യമായത്.

ഇതിനെല്ലാം പുറമെയാണ് ഇപ്പോള്‍ സമഗ്ര ആരോഗ്യ-അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയും ആരംഭിച്ചിട്ടുള്ളത്. ഈ പദ്ധതിയുടെ ഗ്ലോബല്‍ രജിസ്ട്രേഷന്‍ ഡ്രൈവ് ഇന്നു മുതല്‍ ഒക്ടോബര്‍ 22 വരെ നടക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ പ്രവാസി മലയാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നോര്‍ക്ക നടപ്പിലാക്കുന്ന ‘നോര്‍ക്ക കെയര്‍’ ഇന്‍ഷുറന്‍സ് പദ്ധതി അങ്ങേയറ്റം മാതൃകാപരമാണെന്നും സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയ ‘മെഡിസെപ്’ പദ്ധതി ഇതിന് പ്രചോദനമായെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ഒ.വി. മുസ്തഫ, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടര്‍ അസീഫ് കെ. യൂസഫ്, ദി ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഗിരിജ സുബ്രഹ്മണ്യം, കേരള നോണ്‍-റസിഡന്റ് കേരളൈറ്റ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഗഫൂര്‍ പി. ലില്ലിസ്, ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബാജു ജോര്‍ജ്, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ. അജിത് കോളശേരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top