തിരുവനന്തപുരം: പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിലും മുഖ്യമന്ത്രി തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ശിവശങ്കറിനെതിരെ നടപടി സ്വീകരിക്കുന്നത് തന്നിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഭയന്നാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ബെവ്‌കോ നിയമങ്ങളുമായി ബന്ധപ്പെട്ട അഴിമതി ചൂണ്ടിക്കാണിച്ചപ്പോഴും മുഖ്യമന്ത്രി അദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയും അദേഹത്തിന്റെ ഓഫീസും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിലപാട് ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു.
കേസില്‍ സിബിഐ അന്വേഷണം വേണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. സ്പ്രിംക്‌ളര്‍ അഴിമതിയെ കുറിച്ച് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് സെക്രട്ടറിയെ മാറ്റിനിര്‍ത്തിയില്ലെന്നും ചെന്നിത്തല ചോദിച്ചു.
അദേഹത്തിന്റെ ഓഫീസ് നടത്തിക്കൊണ്ടിരിക്കുന്ന ഗുരുതരമായ അഴിമതിയും തീവെട്ടിക്കൊള്ളയും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴൊക്കെ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇത്തരത്തിലുള്ളവര്‍ എങ്ങിനെ വന്നുവെന്ന് ജനങ്ങളോട് പറയണം.




