ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ച അടയ്ക്കുന്ന പണികള്‍ ഇന്ന് മുതല്‍

പൊന്നാനി: ചമ്രവട്ടം റഗുലേറ്ററിന്റെ ചോര്‍ച്ച അടയ്ക്കുന്ന പണികള്‍ ഇന്നു മുതല്‍ ആരംഭിക്കും. ഷീറ്റ് പൈലിങ്ങിന് മുന്നോടിയായുള്ള പണികളാണ് വെള്ളിയാഴ്ച ആരംഭിക്കുകയെന്ന് കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു.

നിലവിലെ ഷീറ്റുകള്‍ ഉപയോഗിച്ച് ചോര്‍ച്ച അടയ്ക്കുന്ന പണികള്‍ ആരംഭിക്കാമെന്ന വിദഗ്ധസമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പണികള്‍ ആരംഭിക്കുന്നത്. പൈലിങ്ങിനായി കൊണ്ടുവന്ന ഷീറ്റുകള്‍ ചെന്നൈ ഐ.ഐ.ടി.യിലോ മറ്റോ വിദഗ്ധപരിശോധന നടത്തിയശേഷം പണികള്‍ തുടങ്ങിയാല്‍ മതിയെന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാല്‍, പീച്ചിയിലെ പരിശോധനയില്‍ ഷീറ്റുകള്‍ക്ക് മതിയായ കനം ഉണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ വേനലിലെ വരള്‍ച്ച പ്രയോജനപ്പെടുത്തി പണികള്‍ ഇപ്പോള്‍തന്നെ ആരംഭിക്കാമെന്നും പണികള്‍ ആരംഭിച്ചശേഷം ആവശ്യമെങ്കില്‍ തുടര്‍പരിശോധനകള്‍ നടത്താമെന്നുമാണ് വിദഗ്ധസമിതി അറിയിച്ചത്.

പാലത്തിനടിയിലെ കട്ടകള്‍ മാറ്റി നിലം പാകപ്പെടുത്തുന്ന പണികളാണ് വെള്ളിയാഴ്ച ആരംഭിക്കുക. രണ്ടാഴ്ചയ്ക്കകം ഷീറ്റ് പൈലിങ് ആരംഭിക്കാനാകും. ഉപ്പുവെള്ളം കയറുന്ന സ്ഥലമായതിനാല്‍ ഷീറ്റുകള്‍ തുരുമ്പെടുക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ ഏജന്‍സി അധികൃതര്‍ വ്യാഴാഴ്ച പദ്ധതിപ്രദേശം സന്ദര്‍ശിച്ചിരുന്നു. റെഗുലേറ്ററിലെ ചോര്‍ച്ച പരിഹരിക്കാന്‍ 32.06 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്.

16 മാസത്തിനകം പണികള്‍ പൂര്‍ത്തീകരിക്കാനാണ് കരാര്‍ നല്‍കിയിരുന്നതെങ്കിലും ഒരുവര്‍ഷത്തോളം കാര്യമായ പണികളൊന്നും നടന്നിരുന്നില്ല. പുഴയിലെ ജലനിരപ്പ് വളരെയധികം താഴ്ന്നതിനാല്‍ കഴിയുന്നത്ര വേഗത്തില്‍ പണികള്‍ പൂര്‍ത്തീകരിക്കാനാണ് കരാര്‍ കമ്പനിയുടെ ശ്രമം.

 

 

 

Share news
error: Content is protected !!
Scroll to Top