
2023-24 സീസണ്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തില്‍ ജര്‍മ്മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയാണ് റയല്‍ മാഡ്രിഡ് വീഴ്ത്തിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അവരുടെ വിജയം. എഴുപത്തിനാലാം മിനിറ്റില്‍ സൂപ്പര്‍ താരം ഡാനി കര്‍വാഹലും, എണ്‍പത്തിമൂന്നാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറുമാണ് സ്പാനിഷ് ടീമിന്റെ വിജയ ഗോളുകള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ അവരുടെ പതിനഞ്ചാമത് കിരീട നേട്ടം കൂടിയാണ് ഇത്തവണത്തേത്. ഇതിന് മുന്‍പ് 2021-22 ലാണ് ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മുത്തമിട്ടത്.
ഇംഗ്ലണ്ടിലെ പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ റയലിന് പക്ഷേ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാതെയാണ് അവര്‍ ആദ്യ പകുതി അവസാനിപ്പിച്ചത്. എന്നാല്‍ മികച്ച ബില്‍ഡ് അപ്പ് കളിയായിരുന്നു ബൊറൂസിയയുടേത്. ഫൈനല്‍ തേഡില്‍ മികവ് കാട്ടാന്‍ സാധിക്കാതിരുന്നത് അവര്‍ക്ക് പക്ഷേ തിരിച്ചടിയായി. എഴുപത്തിനാലാം മിനിറ്റില്‍ ടോണി ക്രൂസ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു റയലിന്റെ ആദ്യ ഗോള്‍ പിറന്നത്. ക്രൂസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ഒരു കിടിലന്‍ ഹെഡറിലൂടെ കര്‍വാഹല്‍ വലയിലെത്തിക്കുകയായിരുന്നു. എണ്‍പത്തിമൂന്നാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡിന്റെ ലീഡ് ഉയര്‍ത്തി.
രണ്ട് ഗോളിന് പിന്നിലായതോടെ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ ബൊറൂസിയ ഊര്‍ജിതമാക്കിയെങ്കിലും റയല്‍ മാഡ്രിഡ് പ്രതിരോധം വിട്ടുകൊടുത്തില്ല. ഇതിനിടെ എണ്‍പത്തിയേഴാം മിനിറ്റില്‍ ജര്‍മ്മന്‍ ക്ലബ്ബ് നേടിയ ഒരു ഗോള്‍ ഓഫ്‌സൈഡായതിനാല്‍ അനുവദിക്കപ്പെട്ടുമില്ല. ശേഷിക്കുന്ന സമയവും ഗോള്‍ വഴങ്ങാതെ റയല്‍ പിടിച്ചുനിന്നതോടെ പതിനഞ്ചാം യുസിഎല്‍ കിരീടത്തിലേക്കാണ് അവര്‍ എത്തിയത്.
നേരത്തെ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ സെമിഫൈനലില്‍ വീഴ്ത്തിയാണ് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്ക് എത്തിയത്. ഇരുപാദങ്ങളിലുമായി 4-3 നാണ് റയല്‍ ജെര്‍മ്മന്‍ ക്ലബ്ബിനെ മറികടന്നത്. ഇരു ടീമുകളും തമ്മിലുള്ള ആദ്യ പാദം 2-2 എന്ന സ്‌കോറില്‍ അവസാനിച്ചപ്പോള്‍ രണ്ടാം പാദം റയല്‍ 2-1 ന് സ്വന്തമാക്കുകയായിരുന്നു.
ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മ്മനെ സെമിയില്‍ വീഴ്ത്തിയാണ് ജര്‍മ്മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ഇരു പാദങ്ങളിലുമായി 2-0 നായിരുന്നു ഡോര്‍ട്ട്മുണ്ട്, പിഎസ്ജിയെ മറികടന്നത്. ആദ്യ പാദ സെമിയും, രണ്ടാം പാദ സെമിയും 1-0 എന്ന സ്‌കോറിനാണ് ജര്‍മ്മന്‍ ക്ലബ്ബ് സ്വന്തമാക്കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




