ചാലിയത്ത് തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷം; നിരവധി വീടുകളില്‍ വെള്ളം കയറി

മോഹന്‍ ചാലിയം
ചാലിയം:രൂക്ഷമായ കടലാക്രമണത്തില്‍ ദുരിതമനുഭവിക്കുകയാണ് ചാലിയം കടുക്ക ബസാര്‍ മുതല്‍ വാക്കടവ് വരെയുള്ള തീരദേശ മേഖലയിലെ ജനങ്ങള്‍.

10 മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ കടല്‍ ഭിത്തിക്കു മുകളില്‍ ആഞ്ഞടിച്ചെത്തിയത് ജനങ്ങളെ ഭയചകിതരാക്കി.നിരവധി വീടുകളില്‍ വെള്ളം കയറി.
ബൈത്താനി – കപ്പലങ്ങാടി റോഡില്‍ വെള്ളം കയറിയത് കാല്‍നട യാത്രക്കാരെയും ഇരുചക്ര വാഹനങ്ങളെയും ഏറെ ബുദ്ധിമുട്ടിച്ചു.

വര്‍ഷം തോറും കാലവര്‍ഷ സമയത്ത് ഏറെ ദുരിതമനുഭവിക്കുകയാണ് ഇവിടത്തുകാര്‍.
മത്സ്യത്തൊഴിലാളികളും കല്ലുമ്മക്കായ തൊഴിലാളികളുമാണ് മേഖലയില്‍ കൂടുതതലും.കടല്‍ ക്ഷോഭത്തില്‍ അടിഞ്ഞു വരുന്ന മാലിന്യങ്ങള്‍ സമീപ പ്രദേശത്ത് ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്.

കടല്‍ ഭിത്തി ഉയരം കുറഞ്ഞതും കല്ലിളകിയതുമായ ഭാഗങ്ങളിലൂടെയാണ് വെള്ളം ഇരച്ചെത്തുന്നത്.എല്ലാ വര്‍ഷവും കടലാക്രമണ സമയത്ത് അധികാരികള്‍ എത്തുമെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടാവാറില്ലെന്ന് പരിസരവാസികള്‍ പറയുന്നു.

പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ അടിയന്തിര യോഗം ചേര്‍ന്നു.
കടല്‍ ഭിത്തി ഉയരം കൂട്ടി 150 മീറ്റര്‍ ഇടവിട്ട് 50 മീറ്റര്‍ നീളത്തില്‍ ചെറിയ പുളിമുട്ടുകള്‍ നിര്‍മ്മിച്ച് കടലാക്രമണം തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇനിയും ശാശ്വത പരിഹാരത്തിന് നടപടിയായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കും.

വാര്‍ഡ് മെമ്പര്‍ കെ.വി. അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലുബൈന ബഷീര്‍, കെ.വി. റഷീദ്, എന്‍.കെ. ബിച്ചിക്കോയ, കെ. അഷ്‌റഫ്, വാര്‍ഡ് അംഗങ്ങളായ അഡ്വ:ഷാഹിദ് കടലുണ്ടി, സി.എം.സതീദേവി തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top