HIGHLIGHTS : Chairmanship of the Film Academy; Additional charge to Premkumar
തിരുവനന്തപുരം: രഞ്ജിത്ത് ഒഴിഞ്ഞ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പുതിയ ആളെ ഉടന്‍ നിയമിച്ചേക്കില്ല. നിലവിലെ വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന് ചെയര്‍മാന്റെ അധിക ചുമതല നല്‍കിയേക്കും. ഡിസംബറില്‍ നടക്കുന്ന ഐഎഫ്എഫ്‌കെയ്ക്ക് മുന്നോടിയായി പുതിയ ചെയര്‍മാനെ നിശ്ചയിച്ചേക്കും. ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞദിവസം സംവിധായകന്‍ രഞ്ജിത്തിന്റെയും എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള നടന്‍ സിദ്ദിഖിന്റെയും രാജി.
ബംഗാളി നടിയായ ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ രഞ്ജിത്ത് രാജിവക്കണമെന്ന മുറവിളികള്‍ ശക്തമായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറഞ്ഞിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും ശ്രീലേഖ മിത്ര മാധ്യമങ്ങളോട് പറഞ്ഞു.
രഞ്ജിത്തിന്റെ രാജിക്ക് മുന്‍പാണ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചത്. യുവനടി രേവതി സമ്പത്ത് ഉയര്‍ത്തിയ ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019-ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ സമ്മതമില്ലാതെ ദേഹത്ത് കയറി ഉപദ്രവിച്ചയാളാണ് സിദ്ദിഖെന്നും അയാള്‍ നമ്പര്‍ വണ്‍ ക്രിമിനലാണെന്നും രേവതി ആരോപിച്ചു. സ്വയം കണ്ണാടി നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു. 21ാം വയസിലാണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു