
ന്യൂഡല്‍ഹി: രാജ്യത്തെ 9 സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍ നിര്‍മാണത്തിനുള്ള 206.56 കോടിയുള്‍പ്പെടെയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 4654.60 കോടിയാണ് 9 സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 260. 56 കോടി വയനാടിനുള്ള പ്രത്യേക സഹായമാണോ എന്ന് വ്യക്തമല്ലെന്ന് മന്ത്രി എംബി രാജേഷ്. കേരളത്തിനുള്ള അധിക സഹായമാണോ എന്നതില്‍ സംശയമുണ്ട്. സമാനതകളില്ലാത്ത ദുരന്തത്തില്‍ കേരളത്തിന്റെ ആവശ്യം പ്രത്യേക സഹായമെന്നും മന്ത്രി പറഞ്ഞു.
ഇത് കേരളത്തിനുള്ള അധിക സഹായമാണോ എന്ന കാര്യത്തില്‍ സംശയം തോന്നുന്നുണ്ട്. ദുരന്ത ലഘൂകരണ നിധിയില്‍ നിന്നുള്ള സഹായം എന്ന് പറയുമ്പോള്‍ സാധാരണ ഗതിയില്‍ തന്നെ കേരളത്തിന് അവകാശപ്പെട്ടതാണോ, അതോ വയനാടിനുള്ള പ്രത്യേകമായ അധിക സഹായമാണോ എന്നത് വ്യക്തമല്ല. സമാനതകളില്ലാത്ത ഒരു ദുരന്തമുണ്ടായപ്പോള്‍ അതിന് പ്രത്യേകമായിട്ടുള്ള സഹായമാണ് വേണ്ടത്. അതാണോ എന്നുള്ളത് എനിക്ക് വ്യക്തമായിട്ടില്ല. വിവരങ്ങള്‍ പൂര്‍ണമല്ല – അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നഗരങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് 2444.42 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നു. തിരുവനന്തപുരത്തിന് പുറമെ 10 നഗരങ്ങള്‍ക്കാണ് വെള്ളപ്പൊക്ക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക നീക്കിവച്ചിരിക്കുന്നത്.
അര്‍ബര്‍ ഫ്ളഡ് റിസ്‌ക് മാനേജ്മെന്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരം ഉള്‍പ്പെട്ടിരിക്കുന്നത്. പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവിന്റെ 90 ശതമാനം കേന്ദ്ര സര്‍ക്കാരും 10 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



