
തിരുവനന്തപുരം : സമ്പൂർണ്ണ ലോക്ക് ഡൗണിനോടനുബന്ധിച്ച് സംസ്ഥാനത്തെ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളും ബാറുകളും നാളെയും അടുത്ത ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കില്ലന്ന് അധികൃതർ അറിയിച്ചു. കള്ളുഷാപ്പുകൾക്ക് തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയുണ്ട്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെതാണ് ഉത്തരവ്.
കൊവിഡ് നിയന്ത്രണത്തിന് ഭാഗമായി അടുത്ത രണ്ട് ഞായറാഴ്ചകളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഞായറാഴ്ച ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ ഇന്ന് അർദ്ധരാത്രി നിലവിൽ വരും.
ഹോട്ടലുകൾ, പഴം,പച്ചക്കറി, പലച്ചരക്ക്, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾക്കും ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറന്നു പ്രവർത്തിക്കും എങ്കിലും പാഴ്സൽ വിതരണവും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. രാവിലെ 7 മുതൽ രാത്രി 9 വരെ ഈ കൊമേഴ്സ് കൊറിയർ സേവനങ്ങൾക്കും തടസ്സമില്ല.




