HIGHLIGHTS : Care provided to girl with abnormal Hb levels through Viva Keralam campaign
വിളര്‍ച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം ക്യാമ്പയിനിലൂടെ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. സ്‌കൂള്‍ ലെവല്‍ വിവ ക്യാമ്പയിനിലൂടെ നടത്തിയ പരിശോധനയെത്തുടര്‍ന്ന് ഹീമോഗ്ലോബിന്‍ അളവ് വളരെ കൂടിയതിനാല്‍ കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കി. ഹൃദയത്തിന് സാരമായ പ്രശ്‌നമുള്ള കുട്ടിയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തി. വിജയകരമായ ശസ്ത്രക്രിയയിലൂടെ കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. മുഴുവന്‍ ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ ടീമിനും ചികിത്സ ഏകോപിപ്പിച്ച കോട്ടയം ജില്ലാ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്‌കൂള്‍ തല വിവ ക്യാമ്പയിനാണ് വഴിത്തിരിവായത്. വിളര്‍ച്ച കണ്ടെത്തുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മതിയായ അവബോധവും ചികിത്സയും ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന പാലയിലെ സ്‌കൂളില്‍ ക്യാമ്പ് നടത്തിയപ്പോഴാണ് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയ്ക്ക് ഹീമോഗ്ലോബിന്‍ അളവ് ഉയര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ഹീമോഗ്ലോബിന്‍ അളവ് വളരെ കൂടുതല്‍ ആയാണ് കാണിച്ചത്.
വിവ പദ്ധതിയില്‍ സ്‌ക്രീനിംഗ് വഴി കണ്ടെത്തുന്ന പ്രശ്നങ്ങള്‍ക്ക് സ്ഥിരീകരണം നടത്തുന്നത് ലാബുകളില്‍ രക്തപരിശോധന നടത്തിയാണ്. ലാബില്‍ പരിശോധിച്ചപ്പോഴും ഹീമോഗ്ലോബിന്‍ അളവ് ഉയര്‍ന്നു തന്നെയായിരുന്നു. കുട്ടിയുടെ ഹൃദയത്തിന്റെ വാല്‍വിന് ചെറുപ്പത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ശ്രദ്ധിച്ചിലായിരുന്നു. കുട്ടിക്ക് വിദഗ്ദ്ധ ചികിത്സക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി തുടര്‍പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് ഹൃദയ വാല്‍വിന് ഗുരുതര പ്രശ്‌നമുണ്ടായതിനാല്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു