കരുതലും കൈത്താങ്ങും: താലൂക്ക് തല അദാലത്തിനുള്ള പരാതികള്‍ 15 വരെ സമര്‍പ്പിക്കാം

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന താലൂക്ക്തല അദാലത്തുകളിലേക്കുള്ള പരാതികള്‍ ഏപ്രില്‍ 15 വരെ നല്‍കാം. മേയ് രണ്ടു മുതല്‍ ജൂണ്‍ നാല് വരെയാണ് ജില്ലകളില്‍ അദാലത്ത് നടക്കുക. ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ നല്‍കാം. www.karuthal.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് പരാതികള്‍ നല്‍കേണ്ടത്. പരാതിക്കാരുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം.

അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയേറ്റം തുടങ്ങി ഭൂമി സംബന്ധമായ പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം, തണ്ണീര്‍ത്തട സംരക്ഷണം, വിവാഹം/ പഠനസഹായം, ക്ഷേമപെന്‍ഷന്‍ മുതലായ ക്ഷേമപദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും. പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കുടിശിക ലഭിക്കല്‍, പെന്‍ഷന്‍ അനുവദിക്കല്‍ എന്നീ കാര്യങ്ങളും അദാലത്തില്‍ പരിശോധിക്കും. പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, തെരുവുനായ ശല്യവും സംരക്ഷണവും, തെരുവുവിളക്കുകള്‍, അപകടനിലയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നത്, അതിര്‍ത്തി തര്‍ക്കം, വഴി തടസപ്പെടുത്തല്‍, വയോജന സംരക്ഷണം, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ അദാലത്തില്‍ ഉന്നയിക്കാം. പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ്, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച അപേക്ഷകള്‍/ പരാതികള്‍, വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷി നാശത്തിനുള്ള സഹായം, കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇലഷ്വറന്‍സ് തുടങ്ങിയവയാണ് മറ്റു വിഷയങ്ങള്‍.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുടെ വിഷയങ്ങള്‍, ശാരീരിക, മാനസിക, ബുദ്ധിവൈകല്യമുള്ളവരുടെ പുനരധിവാസം/ ധനസഹായം, പെന്‍ഷന്‍, വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി തുടങ്ങിയ പരാതികളും അപേക്ഷകളും അദാലത്തില്‍ പരിഗണിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top