നെല്ലിക്ക ക്യാമ്പയിന് പിന്തുണയുമായി നാളെ പെരിന്തല്‍മണ്ണ മുതല്‍ കൊണ്ടോട്ടി വരെ കാര്‍ റാലി

HIGHLIGHTS : Car rally from Perinthalmanna to Kondotti tomorrow in support of Nellika camp

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ആരോഗ്യപൂര്‍ണമായ ജീവിതം ഉറപ്പാക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് നടപ്പാക്കി വരുന്ന നെല്ലിക്ക ക്യാമ്പയിന്റെ പ്രചാരണാര്‍ഥം നാളെ (ഞായര്‍) പെരിന്തല്‍മണ്ണ മുതല്‍ കൊണ്ടോട്ടി വരെ കാര്‍ റാലി സംഘടിപ്പിക്കും. രാവിലെ എട്ടിന് പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിക്കുന്ന കാര്‍ റാലി മലപ്പുറം, മഞ്ചേരി വഴി ഉച്ചയ്ക്ക് 11.30ന് കൊണ്ടോട്ടി ഇ.എം.ഇ.എ കോളെജില്‍ സമാപിക്കും. നൂറിലധികം പ്രീമിയം കാറുകള്‍ റാലിയില്‍ അണിനിരക്കും. പെരിന്തല്‍മണ്ണയില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഫ്‌ളാഗ് ഓഫ് ചെയ്യും. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ പങ്കെടുക്കും. റാലിക്ക് മഞ്ചേരിയില്‍ സ്വീകരണം നല്‍കും. കാറുകളുടെ പ്രദര്‍ശനവും ഇ.എം.ഇ.എ കോളേജില്‍ നടക്കും. സമാപന ചടങ്ങില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ പങ്കെടുക്കും.

ഭക്ഷണ രീതി മാറിയതിന്റെ ദോഷങ്ങള്‍ ഏറ്റുമധികം ബാധിക്കുന്നത് യുവാക്കളെയാണെന്നും നല്ല ഭക്ഷണ രീതിയുടെ ലക്ഷ്യങ്ങള്‍ പരമാവധി ചെറുപ്പക്കാരിലേക്ക് എത്തിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്ന നിലയിലാണ് കാര്‍ റാലി സംഘടിപ്പിക്കുന്നതെന്നും ജില്ലാ കളക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ത്രീ-ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് പോളിസി സ്റ്റഡീസ് എന്ന എന്‍.ജി.ഒ യുടെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. ഗതാഗത തടസ്സമുണ്ടാകാത്ത വിധത്തില്‍ വേഗത കുറച്ചാകും റാലി നടത്തുകയെന്നും കളക്ടര്‍ പറഞ്ഞു. ത്രീ-ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് പോളിസി സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. ഷാഹിദ് ചോലയില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

sameeksha-malabarinews

നെല്ലിക്ക ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് ഒന്നു മുതല്‍ മലപ്പുറത്ത് ഹോട്ടലുകളില്‍ മധുരം, ഉപ്പ്, ഓയില്‍ തുടങ്ങിയവ പരമാവധി കുറച്ചുള്ള ഭക്ഷണങ്ങള്‍ കൂടി ലഭ്യമാക്കാന്‍ തീരുമാനിക്കുകയും ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകളുടെ സഹകരണത്തോടെ നടപ്പാക്കുകയും ചെയ്തിരുന്നു. ജീവിതശൈലീ രോഗങ്ങള്‍ നേരിടുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയായാണ് ജില്ലയില്‍ പുതിയ ക്യാംപയിന് തുടക്കം കുറിച്ചത്. നിലവിലുള്ള ഭക്ഷണ രീതികള്‍ തുടരുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഓയില്‍, കൃത്രിമ നിറങ്ങള്‍, അമിതമായ ഉപ്പ്, പഞ്ചസാര എന്നിവ കുറവുള്ള ഭക്ഷണങ്ങള്‍ കൂടി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!