Section

malabari-logo-mobile

കലാലയം.

HIGHLIGHTS : രാവറിയാത്ത കലാലയം. ശ്രീജിത്ത് പൊയില്‍കാവ്‌ ലാലൂരില്‍ ഒരു ഗോപാലേട്ടനുണ്ടായിരുന്നു...ഒരു ചായക്കടക്കാരന്‍ ഗോപാലേട്ടന് തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ...

രാവറിയാത്ത കലാലയം.

ശ്രീജിത്ത് പൊയില്‍കാവ്‌

sameeksha-malabarinews


ലാലൂരില്‍ ഒരു ഗോപാലേട്ടനുണ്ടായിരുന്നു…ഒരു ചായക്കടക്കാരന്‍ . ഗോപാലേട്ടന് തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ചരിത്രം ഹൃദിസ്ഥമാണ്. ജി.ശങ്കരപ്പിള്ള മുതല്‍ ഈ കുറിപ്പെഴുതുന്നവന്‍ വരെ ഗോപാലേട്ടന്റെ പറ്റുകാരായിരുന്നു. സമാവറിന്റെ പുകക്കറ പിടിച്ച  ചായക്കടയിലെ ചുമരുകളിലായിരുന്നു ഗോപാലേട്ടന്‍ പറ്റുകണക്കുകള്‍ സൂക്ഷിച്ചിരുന്നത്. രജ്ഞിത്തും ശ്യാമപ്രസാദും, വി.കെ.പ്രകാശും, പ്രേംകുമാറുമെല്ലാം ഗോപാലേട്ടനെ മറന്നെങ്കിലും അവസാനകാലം വരെ ഗോപാലേട്ടന്‍ അവരെ ഓര്‍ക്കാറുണ്ടായിരുന്നു. ഒപ്പം തീക്കനല്‍ മനസ്സില്‍ സൂക്ഷിച്ച ജോണ്‍എബ്രഹാമും സുരാസുവും, മുരുകനും രാമചന്ദ്രന്‍ മൊകേരിയുമെല്ലാം ഗോപാലേട്ടന്റെ സുഹൃത്തുക്കളും പറ്റുകാരുമായിരുന്നു.

ഗോപാലേട്ടന്റെ ഓര്‍മ്മകളിലൂടെയാണ് ഡ്രാമാസ്‌കൂളിന്റെ ചരിത്രം ഇവിടെ തുറക്കുന്നത്. എഴുപതുകളുടെ അവസാനത്തില്‍ ഇന്ത്യയുടെ പ്രഥമ ധനകാര്യ വകുപ്പ് മന്ത്രി ഡോ.ജോണ്‍ മത്തായി നല്‍കിയ വസതിയും സ്ഥലവുമാണ് ഇന്ന് തൃശ്ശൂരിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജോണ്‍ മത്തായി സെന്റര്‍. ജോണ്‍ മത്തായി സെന്ററും അതിന് സമീപത്തുള്ള ലാലൂര്‍ മത്തായിപുരം കോളനിയും ജോണ്‍മത്തായിയുടെ സംഭാവനയാണെങ്കിലും ലാലൂരുകാര്‍ ഇന്നും ഓര്‍ക്കുന്നത് ജി.ശങ്കരപ്പിള്ളയെയും ഡ്രാമാസ്‌കൂളിനെയും ആണ്. കാടുമൂടിക്കിടക്കുന്ന ജോണ്‍മത്തായി സെന്ററില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ആരംഭിക്കുന്നത് 1979 ല്‍ ആണ്. ഗോപാലേട്ടന്റെ ഓര്‍മ്മയില്‍ ഒരു കറുത്ത അംബാസിഡര്‍ കാറില്‍ വന്നിറങ്ങിയ പരിചയമില്ലാത്ത ഒരു മുഖം മാത്രമായിരുന്നു ജി.ശങ്കരപ്പിള്ള. പിന്നീട് ശങ്കരപ്പിളള സാറായി മാറിയ ആ മഹാമനുഷ്യന്‍ ചായക്കടയിലും മത്തായിപുരം കോളനിയിലും നാടകം പ്രചരിപ്പിച്ചു. ലാലൂരുകാര്‍ക്ക് ആന്റിഗണിയും മാക്ബത്തും, കറുത്ത ആ ദൈവവുമെല്ലാം പരിചിതരാവുന്നത് ജി.ശങ്കരപ്പിള്ളയിലൂടെ.


ആദ്യബാച്ചിലും പിന്നീടും നിരവധി മഹരഥന്‍മാരെ സ്‌കൂള്‍ ഓഫ് ഡ്രാമ സൃഷ്ടിച്ചു. പി.ബാലചന്ദ്രന്‍, ജോസ് ചിറമ്മല്‍, മുരളി മേനോന്‍, കുക്കു പരമേശ്വരന്‍, രാജു നരിപ്പറ്റ, ജയസൂര്യ, പ്രേംകുമാര്‍, രജ്ഞിത്ത്, വി.എം.വിനു അങ്ങിനെ പലരും ഈ സ്ഥാപനത്തിന്റെ സൃഷ്ടികളായിരുന്നു. ലോകത്തിലെ തന്നെ പ്രശസ്തരായ നാടകപ്രവര്‍ത്തകരായിരുന്നു സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അന്ന് ക്ലാസ്സുകള്‍ നല്‍കിയിരുന്നത്. കൃഷ്ണന്‍ നമ്പൂതിരി, റിച്ചാര്‍ഡ് ഷെയ്‌നര്‍, ബെറ്റി ബെര്‍നാഡ്, മയത്താന്‍ ബര്‍ഗ്ഗ്, ഗ്രോട്ടേവിസ്റ്റി തുടങ്ങിയ നിരവധി മഹരഥന്‍മാര്‍ നല്‍കിയ നവനാടക സങ്കല്‍പ്പങ്ങളിലൂടെയായിരുന്നു. അന്ന് സ്‌കൂള്‍ ഓഫ് ഡ്രാമ സഞ്ചരിച്ചിരുന്നത് രാവിലെ അഞ്ച് മണിമുതല്‍ രാത്രി പന്ത്രണ്ടു മണിവരെ നീളുന്ന ക്ലാസ്സുകള്‍. ഷേക്‌സ്പിയറും പിരാന്തിലോയും, ബെക്കറ്റുമെല്ലാം സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ലാബ് തിയേറ്ററില്‍ അരങ്ങിന്റെ പുതിയ രംഗശീലങ്ങളിലുടെ ജീവന്‍ വെച്ചു.

ജി.ശങ്കരപ്പിള്ളയും, എസ്.രാമാനുജവും തമ്മിലുണ്ടായ കൂട്ടുകെട്ടിലാണ് സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യ നാടകമായിരുന്ന മൂധേവിതെയ്യം രൂപം കൊള്ളുന്നത്. ശങ്കരപ്പിള്ളയുടെ രചനയ്ക്ക് എസ്. രാമാനുജം രംഗശില്‍പം നല്‍കുകയായിരുന്നു. അതിനു ശേഷം നിരവധി നാടകങ്ങള്‍ തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ സാക്ഷിയായി. കറുത്ത ദൈവത്തെ തേടി, ആന്റിഗണി, പിശുക്കന്‍, ഹോറ തുടങ്ങിയ നിരവധി നാടകങ്ങള്‍ ഉണ്ടാകുന്നതും ഈ കാലഘട്ടത്തില്‍ തന്നെയാണ്. കുട്ടികളുടെ പ്രായോഗിക പരിശീലനത്തിന് വേണ്ടി സി.യു.എല്‍.ടി(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലിറ്റില്‍ തിയേറ്റര്‍) എന്ന സംരഭവും സ്‌കൂള്‍ ഓഫ് ഡ്രാമയും ഭാഗമായി എണ്‍പത്തി രണ്ടില്‍ ആരംഭിച്ചു. കള്‍ട്ട് അവതരിപ്പിച്ച ഗോഥെയെ കാത്ത് എന്ന നാടകം ശക്തമായി ഇന്നും മലയാളികള്‍ ഓര്‍ക്കുന്ന നാടകമാണ്.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ രാപ്പകലില്ലാത്ത പരിശീലനത്തിന്റെ ഭാഗമായാണ് ഓരോ വിദ്യാര്‍ത്ഥിയും പുറത്തിറങ്ങുന്നത്. രാവും പകലും നാടകക്കാരന് ഒന്നാണല്ലോ… ചിലര്‍ മറ്റു ദൃശ്യമാധ്യമങ്ങളിലേക്ക് ചേക്കേറുന്നു. മറ്റു ചിലര്‍ നാടകങ്ങളില്‍ അലിഞ്ഞു ചേരുന്നു. ഒടുവില്‍ ജോസേട്ടനെപ്പോലെ ആരാലും തിരിച്ചറിയാനാവാതെ മോര്‍ച്ചറിയില്‍………

ഗോപാലേട്ടന്‍ പറഞ്ഞ ഒരു വാചകമാണ് ഓര്‍മ്മ വരുന്നത്. ഡ്രാമസ്‌കൂളുകാര്‍ രാവറിയാത്തവര്‍.. അതെ രാത്രികളില്‍ ഞങ്ങള്‍ ഉറങ്ങാറില്ലായിരുന്നു. റിഹേഴ്‌സലുകളില്‍ നിന്നും റിഹേഴ്‌സലുകളിലേക്ക് പോകുകയായിരന്നു ഞങ്ങളുടെ രാത്രികള്‍. അതെ പകലും രാത്രിയും ഒന്നാവുന്ന ആനന്ദത്തിന്റെ കളിയൊരുക്കം…………………..

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!