Edit Content

Section

Edit Content

കാലിക്കറ്റ് സർവകലാശാല വാർത്തകൾ; വിദ്യാഭ്യാസത്തിൽ ഇപ്പോൾ നടക്കുന്നതിന് അപകോളനിവത്കരണം- രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

HIGHLIGHTS : Calicut University News; What is happening now in education is decolonization- Rajendra Vishwanath Arlekar

വിദ്യാഭ്യാസത്തിൽ ഇപ്പോൾ നടക്കുന്നതിന് അപകോളനിവത്കരണം- രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

വിദ്യാഭ്യാസത്തിന്റെ അപകോളനിവത്കരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് കേരളാ ഗവർണറും ചാൻസിലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ലോക് ഭവനിൽ കാലിക്കറ്റ് സർവകലാശാലയുടെ അഭുമുഖ്യത്തിൽ നടന്ന പുസ്തക പ്രകാശനവും മലയാളത്തിലുള്ള മൂക് (മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സസ്) പ്രോഗ്രാമുകളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ വികസനത്തിനാണ് നാം ശ്രദ്ധയൂന്നേണ്ടത് ദേശീയ വിദ്യാഭ്യാസ നയവും കേന്ദ്ര സർക്കാരിന്റെ പദ്ധതികളും അതിനാണ് ശ്രമിക്കുന്നത്. മാതൃഭാഷയിൽ എല്ലാ വിദ്യാഭ്യാസവും നൽകാനാവണം. കോളേജുകളിലും സർവകലാശാലകളിലും വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുൻ കേന്ദ്ര മന്ത്രിയും കേരള സർവകലാശാലയുടെ വൈസ് ചാൻസിലറുമായിരുന്ന ഡോ. ജോൺ മത്തായിയെ കുറിച്ച് ഭക്തിയാർ കെ. ദാദാ ഭായി എഴുതിയ ‘ഹോണസ്റ്റ് ജോൺ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഗവർണർ നിർവഹിച്ചു. ജോൺ മത്തായിയുടെ ജീവചരിത്രം വായിക്കുന്നതിലൂടെ അദ്ദേഹത്തെ മാത്രമല്ല അക്കാലത്തെ രാഷ്ട്രീയവും രാഷ്ട്രീയത്തിലെ ശരി തെറ്റുകളും അറിയാനാകുമെന്നും ഗവർണർ പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സി. മലയാളത്തിൽ തയ്യാറാക്കിയ ആറ് മസീവ് ഓപ്പൺ ഓൺലൈൻ കോസുകളുടെ ഉദ്ഘാടനവും ചാൻസിലർ നിർവഹിച്ചു. കേരള സർവകലാശാലയുടെ സഹകരണത്തോടു കൂടി നടന്ന പരിപാടിയിൽ കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഇൻഫ്‌ലിബ്നെറ്റ് ഡയറക്ടർ ഡോ. ദേവിക മാഡള്ളി സംസാരിച്ചു. കേരള സർവകലാശാലാ വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റംഗങ്ങളായ ഡോ. പി. റഷീദ് അഹമ്മദ്, എ.ജെ. അനുരാജ്, പി. മധു, ഇ.എം.എം.ആർ.സി. ഡയറക്ടർ ദാമോദർ പ്രസാദ്, ഡോ ജോൺ മത്തായി സെന്ററിലെ ഇക്കണോമിക്സ് പഠനവകുപ്പ് മേധാവി ഡോ. കെ.പി. റജുല ഹെലൻ, ഡോ. ജോൺ മത്തായിയുടെ ചെറുമകൻ വിവേക് മത്തായി, എസ്.ബി.ഐ., ഇന്ത്യൻ റെയിൽവേ തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മലയാളത്തിൽ ‘ മൂക് ‘ ചരിത്രം കുറിച്ച് കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സി.

മലയാള ഭാഷയിൽ ആദ്യമായി മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ (മൂക്) വികസിപ്പിച്ച് കാലിക്കറ്റ് സർവകലാശാലാ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ. ഇ.എം.എം.ആർ.സി. തയ്യാറാക്കിയ കോഴ്സുകളുടെ ഉദ്ഘാടനം കേരളാ ലോക് ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിച്ചു. ജിയോ ഇൻഫർമാറ്റിക്സ്, ഹരിത രസതന്ത്രം, മധ്യകാല കേരള ചരിത്രം, ടൂറിസം ഹെറിറ്റേജ് ആന്റ് കൾച്ചറൽ, ടൂറിസം കൺസപ്റ്റ്, സുസ്ഥിര വികസനം എന്നിങ്ങനെയാണ് കോഴ്സുകൾ. കാലിക്കറ്റ് സർവകലാശാല അംഗീകരിച്ചിട്ടുള്ള പുതിയ ഓണേഴ്സ് ബിരുദ സിലബസിനെ ആസ്പദമാക്കിയാണ് ഇവ വികസിപ്പിച്ചിട്ടുള്ളത്. ഡോ. പി. ബ്രിജേഷ്, ഡോ. പി.ആർ. ജ്യോതി, ഡോ. പി.എസ്. മനോജ് കുമാർ, ഡോ. പി.വി. സനൂപ് കുമാർ, ഡോ. എസ്. അനുജിത്ത്, ഡോ. അനീഷ് എന്നിവരാണ് കോഴ്സുകൾ തയ്യാറാക്കിയത്. കോഴ്സുകളിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. പ്രവേശനം സൗജന്യമാണ്. കോഴ്സ് പൂർത്തീകരിക്കുന്ന ബിരുദ / ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് രണ്ട് മുതൽ നാല് വരെ ക്രെഡിറ്റ് ലഭ്യമാകും. ആറുമാസമാണ് കോഴ്സ് കാലാവധി. ക്ലാസുകൾ ജനുവരിൽ തുടങ്ങും.

സൂക്ഷ്മപരിശോധനാഫലം

രണ്ടാം സെമസ്റ്റർ എം.ബി.എ. – എച്ച്.സി.എം. ജൂലൈ 2025, നാലാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) എം.ബി.എ. ജൂലൈ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!