Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; വ്യവസായ യൂണിറ്റുകളുമായി സഹകരണത്തിനൊരുങ്ങി കാലിക്കറ്റ് സര്‍വകലാശാല

HIGHLIGHTS : Calicut University News; University of Calicut ready to collaborate with industrial units

വ്യവസായ യൂണിറ്റുകളുമായി സഹകരണത്തിനൊരുങ്ങി
കാലിക്കറ്റ് സര്‍വകലാശാല

വ്യവസായ സംരഭങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പാഠ്യപദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ സംഘം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വ്യവസായ യൂണിറ്റുകള്‍ സന്ദര്‍ശിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. വ്യവസായ സംരഭങ്ങള്‍ക്കാവശ്യമായ തരത്തില്‍ പാഠ്യപദ്ധതി ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുക, പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ പരിശീലനത്തിന് സഹകരണം ഉറപ്പാക്കുക, തൊഴില്‍ ലഭ്യത ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങുന്നത് പരിഗണിക്കുക തുടങ്ങിയവയാണ് സഹകരണത്തിന്റെ ലക്ഷ്യം. ചെരുപ്പ് കമ്പനികള്‍, ഭക്ഷ്യോത്പന്ന നിര്‍മാണ ശാലകള്‍, മരവ്യവസായശാലകള്‍, ഐ.ടി. പാര്‍ക്ക് എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 130-ഓളം ചെരുപ്പ് നിര്‍മാണക്കമ്പനികളുണ്ട്. കെമിസ്ട്രി പഠനവകുപ്പുമായാണ് ഇവര്‍ സഹകരിക്കുക. ഭക്ഷ്യോത്പന്ന നിര്‍മാണ കമ്പനികളുമായി ബയോടെക്നോളജി പഠനവകുപ്പും സര്‍ക്കാറിന്റെ ഐ.ടി. പാര്‍ക്കുമായി കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പും കൈ കോര്‍ക്കും. കല്ലായി മേഖലയിലെ മരവ്യവസായത്തിന്റെ ഭാഗമായുണ്ടാകുന്ന അറക്കപ്പൊടി മൂല്യവര്‍ധിത ഉത്പന്നമാക്കുന്നതിനുള്ള ഗവേഷണ സഹായവും പരിഗണനയിലുണ്ട്. അടുത്ത ഘട്ടത്തില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ അധ്യക്ഷതയില്‍ സംരഭകരുമായി വിശദമായ ചര്‍ച്ച നടത്തും.   സര്‍വകലാശാലയുടെ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ ഡോ. അബ്രഹാം ജോസഫ്, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. ടി. മുഹമ്മദ് ഷാഹിന്‍, ഡോ. സി. ഗോപിനാഥന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളായ എം.എ. മഹബൂബ്, കെ. അരുണ്‍ കുമാര്‍ എന്നിവര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

sameeksha-malabarinews
സുബ്ബരാമപട്ടര്‍ പുരസ്‌കാര പ്രഭാഷണവും
അവാര്‍ഡ് വിതരണവും

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം സംഘടിപ്പിച്ച പ്രൊഫ. സുബ്ബരാമ പട്ടര്‍ പുരസ്‌കാര പ്രഭാഷണം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സമ്പൂര്‍ണാനന്ദ സംസ്‌കൃത സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. രാജാറാം ശുക്ലയാണ് പ്രഭാഷണം നടത്തിയത്. സംസ്‌കൃത പഠനവിഭാഗത്തില്‍ പി.ജിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥിക്കുള്ള ക്യാഷ് അവാര്‍ഡ് എം. മിഥുവിന് വൈസ് ചാന്‍സലര്‍ സമ്മാനിച്ചു. വകുപ്പ് മേധാവി ഡോ. കെ.കെ. അബ്ദുള്‍ മജീദ് അധ്യക്ഷനായി. പഠനവിഭാഗം പ്രസിദ്ധീകരിച്ച കേശവ മിശ്രന്റെ അലങ്കാര ശേഖരത്തിന് ഡോ. കെ.വി. വാസുദേവന്‍ എഴുതിയ രത്‌നപരീക്ഷാ വ്യാഖ്യാനം വി.സി. പ്രകാശനം ചെയ്തു. ഡോ. ഇ.എന്‍. നാരായണന്‍, പ്രൊഫ. എന്‍.കെ. സുന്ദരേശ്വരന്‍, വെങ്കിട കൃഷ്ണന്‍, ഡോ. കെ.കെ. ഗീതാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

ഇ.എം.എസ്. അനുസ്മരണവും സെമിനാറും

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ ഇ.എം.എസ്. അനുസ്മരണവും സെമിനാറും സംഘടിപ്പിക്കുന്നു. 17-ന് രാവിലെ 10 മണിക്ക് ചെയര്‍ ഹാളില്‍ നടക്കുന്ന പരിപാടി മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. നിവേദിത മേനോന്‍ (ജെ.എന്‍.യു.), ഡോ. എല്‍.എം. സണ്ണി (കാലിക്കറ്റ് സര്‍വകലാശാല), ജി.പി. രാമചന്ദ്രന്‍, രാജേഷ് എരുമേലി, ഡോ. ലെനിന്‍ ലാല്‍ (കേരള സര്‍വകലാശാല), ഡോ. പി.കെ. പോക്കര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ഹിന്ദി ഗവേഷണ-ലേഖന ശില്‍പശാല

ഭാരതീയ ഭാഷാസമിതിയും കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പും സംയുക്തമായി ത്രിദിന ഗവേഷണ അക്കാദമിക ലേഖന ശില്‍പശാല സംഘടിപ്പിക്കുന്നു. 16-ന് പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ശശിമുദിരാജ് (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി) പ്രൊഫ. സുധാസിംഗ് (ദില്ലി യൂണിവേഴ്‌സിറ്റി), പ്രൊഫ. രാകേഷ് മിശ്ര (മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി യൂണിവേഴ്‌സിറ്റി, വാര്‍ധ), പ്രൊഫ. പ്രശാന്ത് കുമാര്‍ എന്‍. (കാലടി സംസ്‌കൃത സര്‍വകലാശാല), പ്രൊഫ. ദിനേശന്‍ വടക്കിനിയില്‍, ഡോ. വിമല്‍ കുമാര്‍ (എം.ജി. യൂണിവേഴ്‌സിറ്റി കോട്ടയം), ഡോ. വൈഭവ സിംഗ് (അംബേദ്കര്‍ യൂണിവേഴ്‌സിറ്റി ന്യൂഡല്‍ഹി), ഡോ. വിനോദ് വി.എം., ഡോ. പ്രശാന്ത് എം. (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), അനിലേഷ് ടി.ടി. തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ശില്‍പശാല 18-ന് സമാപിക്കും.

പി.ജി. അസൈന്‍മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2020 പ്രവേശനം പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ 1, 2 സെമസ്റ്ററുകളിലെ ഓഡിറ്റ് കോഴ്‌സിന്റെ ഭാഗമായുള്ള ബുക്ക് റിവ്യൂ, അസൈന്‍മെന്റ്, റിപ്പോര്‍ട്ട് എന്നിവ നിര്‍ദ്ദിഷ്ട രൂപത്തില്‍ 31-ന് മുമ്പായി വിദൂരവിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പക്കണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407494.

പി.ജി. പ്രോജക്ട്

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ പി.ജി. 2018 വരെ പ്രവേശനം ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രൊജക്ട് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് കോപ്പി സഹിതം ഏപ്രില്‍ 20-നുള്ളില്‍ എസ്.ഡി.ഇ. ഡയറക്ടര്‍ക്ക് നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം. ഫോണ്‍ 0494 2407356, 7494.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷ 27-ന് തുടങ്ങും.

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 28-ന് തുടങ്ങും.

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 27-ന് തുടങ്ങും.

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 28-ന് തുടങ്ങും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.വി.എസ്. നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!