കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സര്‍വകലാശാലാ സ്ഥാപകദിനാഘോഷം

സര്‍വകലാശാലാ സ്ഥാപകദിനാഘോഷം

കാലിക്കറ്റ് സര്‍വകലാശാലാ സ്ഥാപകദിനാഘോഷം ജൂലായ് 23 – ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുമെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു. അഫിലിയേറ്റഡ് കോളേജുകളിലെ മികച്ച അധ്യാപകര്‍ക്കായി പ്രഥമ വൈസ് ചാന്‍സലറുടെ പേരില്‍ സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രൊഫ. എം.എം. ഗനി അവാര്‍ഡുകളും വിവിധ മേഖലകളില്‍ മികവു തെളിയിച്ച അധ്യാപകര്‍ – വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി നല്‍കുന്ന മെറിറ്റോറിയസ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും. ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ നിര്‍വഹിക്കും. ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചസിലെ പ്രൊഫസര്‍ ഡോ. ഉമേഷ് വി. വാഗ്മറെ സ്ഥാപകദിന പ്രഭാഷണം നടത്തും. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ. മുഖ്യാതിഥിയാകും ഗനി അവാര്‍ഡ് വിതരണവും മെറിറ്റോറിയസ് അവാര്‍ഡ് വിതരണവും വൈസ് ചാന്‍സലർ നിര്‍വഹിക്കും. സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ചടങ്ങില്‍ അധ്യക്ഷനാകും. സിന്‍ഡിക്കേറ്റംഗങ്ങള്‍, സെനറ്റംഗങ്ങള്‍, സര്‍വകലാശാലാ അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തിൽ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. പി.പി. പ്രദ്യുമ്നനൻ എന്നിവരും പങ്കെടുത്തു.

എം.എം. ഗനി അവാർഡ് ഡോ. ബീന ജോസിനും ഡോ. എം.ബി. ഗോപാലകൃഷ്‌ണനും

കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെ മികച്ച അധ്യാപർക്ക്  സർവകലാശായുടെ പ്രഥമ വൈസ് ചാൻസിലറുടെ പേരിൽ നൽകുന്ന 2022 – 23 വർഷത്തെ പ്രൊഫ. എം.എം. ഗനി അവാർഡ് പ്രഖ്യാപിച്ചു. തൃശ്ശൂർ വിമലാ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബീന ജോസ്, ചുങ്കത്തറ മാർത്തോമാ കോളേജ് കോമേഴ്‌സ് ആന്റ് മാനേജ്മെന്റ് വിഭാഗം പ്രൊഫസർ എം.ബി. ഗോപാലകൃഷ്‌ണൻ എന്നിവരാണ് ജേതാക്കൾ. ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. 

സിസ്റ്റർ ഡോ. ബീന ജോസ് 2018 മുതൽ തൃശ്ശൂർ വിമലാ കോളേജ് പ്രിൻസിപ്പലാണ്. ഓക്സ്ഫോർഡ് സർവകലാശാലയുടെ ടോർച്ച് ഇന്റർനാഷണൽ, എസ്.സി.ഐ.ഒ. ഫെലോഷിപ്പുകളും, അമേരിക്കയിലെ സാന്റാ ക്ലാര സർവകലാശാലയുടെ ഇന്റർനാഷണൽ വിസിറ്റിംഗ് ഫെലോഷിപ്പും കരസ്ഥമാക്കി. വയോജനങ്ങൾക്കായുള്ള ‘പകൽവീട്’ പദ്ധതിക്ക് വേണ്ടി മുഖ്യ പങ്ക് വഹിച്ചു. ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി അഞ്ച് ഗ്രാമങ്ങൾ ദത്തെടുത്തു. സിസ്റ്റർ ബീന ജോസിന്റെ നേതൃത്വത്തിലാണ് 2023 – ൽ വിമലാ കോളേജ് നാക് എ പ്ലസ് ഗ്രേഡ് നേടിയത്.

ചുങ്കത്തറ മാർത്തോമാ കോളേജ് കോമേഴ്‌സ് ആന്റ് മാനേജ്മെന്റ് വിഭാഗം അധ്യാപകനായ  ഡോ. എം.ബി. ഗോപാലകൃഷ്‌ണൻ കാലടി സംസ്‌കൃതം സർവകലാശാലയുടെ മുൻ രജിസ്‌ട്രാറാണ്. ഏഴ് അന്താരാഷ്ട്ര പബ്ലിക്കേഷനുകൾ ഉൾപ്പെടെ നിരവധി ഗവേഷക പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ, കാലിക്കറ്റ് സർവകലാശാലാ സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗം, വിവിധ ഓട്ടോണമസ് കോളേജുകളുടെ പഠന ബോർഡ് അംഗം, സർവകലാശാലാ അക്കാദമിക് സ്റ്റാഫ് കോളേജിലെ റിസോർസ് പേഴ്സൺ തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

പൂർവ വിദ്യാർഥി സമ്മേളനവും പുസ്തക പ്രകാശനവും

കാലിക്കറ്റ് സർവകലാശാലാ ഹിന്ദിപഠനവകുപ്പിലെ പൂർവവിദ്യാർഥി അസോസിയേഷൻ സംഘടിപ്പിച്ച ഏകദിന സമ്മേളനം വാർധയിലെ മഹാത്മാഗാന്ധി അന്തർദേശീയ ഹിന്ദി സർവകലാശാലാ മുൻ വൈസ് ചാൻസിലർ ഡോ. ജി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. പഠന വകുപ്പ് പ്രൊഫസറായിരുന്ന എം.എസ്. വിശ്വംഭരന്റെ രചനകളെ അടിസ്ഥാനപ്പെടുത്തിയ “നാടകവിവർത്തനവും നാടകഭാഷയും” എന്ന പുസ്തകം ഡോ. ജി. ഗോപിനാഥൻ എം.വി. ബിനുവിനും എം.വി. ബിജുവിനും നൽകി പ്രകാശനം ചെയ്തു. സമ്മേളനത്തിൽ ഹിന്ദി പഠന വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഗവേഷണ ജേണൽ “ശോധ് പ്രയാൺ”, ഡോ. പി.കെ. ഗീതാഞ്ജലി വിവർത്തനം ചെയ്ത ഗീതാഞ്ജലി ശ്രീയുടെ നോവൽ “മായ”, ഡോ. പ്രമോദ് കൊവ്വപ്രത്ത് എഡിറ്റ് ചെയ്ത “സാഹിത്യവും സംവിധാനവും” എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി വിവർത്തന അവാർഡ് ജേതാവായ ഡോ. പി.കെ. രാധാമണി, കാളിയത്ത് ദാമോദരൻ വിവർത്തന പുരസ്‌കാരം നേടിയ പ്രൊഫ. വി.ജി. ഗോപാലകൃഷ്ണൻ എന്നിവരെ ആദരിച്ചു. ഡോ. എ. അച്യുതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ആർസു, ഡോ. വി.കെ. സുബ്രമണ്യൻ, ഡോ. വി.ജി. ഗോപാലകൃഷ്ണൻ, ഡോ. ആർ. ശശിധരൻ, പി.കെ. പത്മനാഭൻ, ഡോ. സി. ഷിബി, ഡോ. ടി.കെ. ഗീത, വൃന്ദാകുമാരി, ഡോ. പോൾ തുടങ്ങിയവർ സംസാരിച്ചു.

പി.ജി.നോൺ ഇംഗ്ലീഷ് പ്രവേശനപരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2024 – 2025 അധ്യയന വര്‍ഷത്തെ പി.ജി. ഇംഗ്ലീഷ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച, ബിരുദ തലത്തില്‍ ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ക്കുള്ള പ്രവേശന പരീക്ഷക്ക് ഹാജരാകാന്‍ താത്പര്യമുള്ളവര്‍ സര്‍വകലാശാല വെബ്‍സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള ലിങ്ക് വഴി, ജൂലൈ 23-ന് വൈകീട്ട് നാല് മണിക്കുള്ളിൽ ലോഗിന്‍ ചെയ്ത് പരീക്ഷയ്ക്ക് ഹാജരാകാന്‍ കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടതാണ്. പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവയെകുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് ലഭ്യമാക്കും.

വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ പി.ജി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ 2024 – 2025 അധ്യയന വർഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം ജൂലൈ 23 – ന് നടക്കും. യോഗ്യരായവർക്ക് പ്രവേശന മെമ്മോ ഇ – മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 – ന് വുമൺ സ്റ്റഡീസ് പഠനവകുപ്പിൽ ഹാജരാകേണ്ടതാണ്. ഫോൺ: 8848620035, 9497785313.

വൈവ 

ജൂലൈ 24 – ന് നടത്താൻ നിശ്ചയിച്ചിരുന്ന വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ എം.എ. ഫിലോസഫി (SDE – CBCSS) ഏപ്രിൽ 2024 വൈവ ജൂലൈ 30-ന് നടത്തും. കേന്ദ്രം : ഫിലോസഫി പഠന വകുപ്പ് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 29-ന് തുടങ്ങും. 

മൂന്നാം സെമസ്റ്റർ ബി.പി.എഡ്. നവംബർ 2023 ടീച്ചിങ് പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 23, 24 തീയതികളിൽ കോഴിക്കോട് ഗവ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിലും 25, 26 തീയതികളിൽ സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിലും നടക്കും.

നാലാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 കോച്ചിങ് എബിലിറ്റി പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 29 – ന് കോഴിക്കോട് ഗവ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിലും 30-ന് ചക്കിട്ടപാറയിൽ സ്ഥിതിചെയ്യുന്ന സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിലും 31-ന് സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷനിലും നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ് സി. മൈക്രോബയോളജി (CBCSS 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ വിജ്ഞാപന പ്രകാരം ജൂലൈ 22-ന് തുടങ്ങും.

എം.ബി.എ. ഫുൾ ടൈം / പാർട്ട് ടൈം, എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ് (CUCSS – 2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി രണ്ടാം സെമസ്റ്റർ പരീക്ഷകൾ ആഗസ്റ്റ് 22 – നും നാലാം സെമസ്റ്റർ പരീക്ഷകൾ 21 – നും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എസ് സി. റേഡിയേഷൻ ഫിസിക്സ് (2022 പ്രവേശനം) ഏപ്രിൽ 2024 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റർ ബി.ടെക്. ഏപ്രിൽ 2024 റഗുലർ, നവംബർ 2023 (2019 സ്‌കീം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് ഏഴ് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം ഒന്നാം വർഷ എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ബി.എ., ബി.എസ് സി., ബി.എ. അഫ്സൽ – ഉൽ – ഉലമ (CBCSS, CUCBCSS) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. 

സൂക്ഷ്മപരിശോധനാഫലം

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. സൈക്കോളജി നവംബർ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top