
ബുദ്ധി വികാസ വൈകല്യമുള്ളവർക്ക് പണമിടപാടിന് പ്രത്യേക ബില്ലിംഗ് മെഷീൻ വികസിപ്പിച്ചത് ഐ.ഇ.ടിയിലെ വിദ്യാർഥികൾ
കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിലെ ( CU – IET ) ഇലട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ വകുപ്പ് വിദ്യാർഥികൾ ബുദ്ധിവികാസ വൈകല്യമുള്ളവർക്കായി വികസിപ്പിച്ച പ്രത്യേക ബില്ലിംഗ് മെഷീൻ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് (സെന്റർ ഫോർ ഡിസബിലിറ്റി മാനേജ്‌മന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാം) സി.ഡി.എം.ആർ.പിക്ക് കൈമാറി. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സി.ഡി.എം.ആർ.പിയിൽ തൊഴിൽ പരിശീലനം കൂടി നൽകുന്നുണ്ട്. പുതിയ യന്ത്രം ഇവരെ പരിചയപ്പെടുത്തുന്നത് സ്വയം തൊഴിൽ കണ്ടെത്തുന്നവർക്ക് ഗുണം ചെയ്യും. ബി.ടെക്. വിദ്യാർഥികളകൾ അനന്ദു മോഹൻ, എ. ഫസ്‌ന ജബീൻ, ഇ.കെ. ഫാത്തിമ നർജീസ്, പി.ബി. ഐശ്വര്യ എന്നിവരാണ് കണ്ടുപിടിത്തത്തിനു പിന്നിൽ പ്രവർത്തിച്ചത്. ബില്ലിംഗ് മെഷീൻ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകിയത് ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്‌നോളജിയാണ് ( TBI – IET ). അധ്യാപകരായ വി. ചിത്ര, കെ. മേഘ ദാസ് എന്നിവർ നിർദേശങ്ങൾ നൽകി.
പ്രത്യേകമായി തയ്യാറാക്കിയ കാൽക്കുലേറ്ററും ബില്ലിംഗ് യന്ത്രവും ഉൾപ്പെടുന്നതാണ് സംവിധാനം. ചിത്രങ്ങൾ, നിറങ്ങൾ, കറൻസി രേഖപ്പെടുത്തിയ കീ എന്നിവയെല്ലാം ഉള്ളതിനാൽ എളുപ്പത്തിൽ കണക്കുകൂട്ടാനാകും. സ്വയം സംരംഭങ്ങളിലൂടെ പണമിടപാട് നടത്തുന്ന ഭിന്നശേഷിക്കാർക്ക് വലിയ സഹായമേകുന്നതാണ് പദ്ധതി. ബില്ലിംഗ് മെഷീൻ സി.ഡി.എം.ആർ.പി. മേധാവി ഡോ. ബേബി ഷാരി ഏറ്റുവാങ്ങി. ചടങ്ങിൽ ഐ.ഇ.ടി. പ്രിൻസിപ്പൽ ഡോ. സി. രഞ്ജിത്ത്, ഐ.ഇ.ടി. ഇലട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ വകുപ്പ് മേധാവി കെ.സി. വിദ്യ തുടങ്ങിയവർ പങ്കെടുത്തു.
ആയുഷ് വകുപ്പുമായി ധാരണ തുഞ്ചൻ ഗ്രന്ഥപ്പുരയിലെ ആയുർവേദ ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നു
കാലിക്കറ്റ് സർവകലാശാലാ തുഞ്ചൻ താളിയോല ഗ്രന്ഥപ്പുരയും കേന്ദ്ര ആയുഷ് വകുപ്പും സഹകരിച്ച് ആയുർവേദ ഉള്ളടക്കങ്ങളുള്ള താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൈസ് ചെയുന്നു. സർവകലാശാല താളിയോല ഗ്രന്ഥപ്പുരയിൽ അമൂല്യങ്ങളായ അറിവുകളടങ്ങുന്ന എണ്ണായിരത്തോളം ഗ്രന്ഥങ്ങളുണ്ട്. പനയോല, മുള, ചെമ്പ് തകിട് എന്നിവയിലെല്ലാമായി സൂക്ഷിച്ചിരിക്കുന്ന വിജ്ഞാനത്തിൽ അഞ്ഞൂറോളം ആയുർവേദവുമായി ബന്ധപ്പെട്ടവയാണ്. ഇത് ഡിജിറ്റൈസ് ചെയ്യുന്നതോടെ ഗവേഷണത്തിന് പുതിയ വഴികൾ തുറക്കും. ഡിജിറ്റൈസ് ചെയ്യുന്നതോടൊപ്പം ഇവയുടെ കാറ്റലോഗും തയ്യാറാക്കി നൽകും. ആയുഷ് വകുപ്പിന് കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മെഡിക്കൽ ഹെറിറ്റേജും (എൻ.ഐ.ഐ.എം.എച്ച്.) സർവകലാശാലയും തമ്മിൽ ഇതിനുള്ള ധാരണാ പത്രം കൈമാറി. സർവകലാശാലക്ക് വേണ്ടി രജിസ്ട്രാർ ഡോ. ഇ.കെ. സതീഷും ആയുഷ് വകുപ്പിന് വേണ്ടി എൻ.ഐ.ഐ.എം.എച്ച്. മേധാവി ഡോ. ഗോലി പെഞ്ചാല പ്രസാദുമാണ് ധാരണാ പത്രത്തിൽ ഒപ്പു വെച്ചത്. ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീൻ, അഡ്വ. എൽ.ജി. ലിജീഷ്, ഡോ. കെ. മുഹമ്മദ് ഹനീഫ, താളിയോല ഗ്രന്ഥപ്പുര ഡയറക്ടർ ഡോ. എം.പി. മഞ്ജു, ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. ജോസ് ടി. പുത്തൂർ, ഡോ. പി. ശിവദാസൻ, സി.സി.ആർ.എ.എസ്. ഡയറക്ടർ ജനറൽ ഡോ. രബിനാരായണ ആചാര്യ, ഡോ. വി. രാകേഷ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
യാത്രയയപ്പ് നൽകി
കാലിക്കറ്റ് സർവകലാശാലാ ഹ്യുമാനിറ്റീസ് പഠനവകുപ്പുകൾ ചേർന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ എന്നിവർക്ക് യാത്രയയപ്പ് നൽകി. ചടങ്ങിൽ ഡോ. പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. ഡോ. മുജീബ് റഹമാൻ സ്വാഗതം പറഞ്ഞു. ഡോ. സാബു തോമസ്, ലയന അനന്ദ്, ഡോ. ആർ. പ്രസാദ്, ഡോ. കെ.വി. പ്രസന്ന, ഡോ. പി.കെ. ശശി, ഡോ. സി. കെ. ജിഷ തുടങ്ങിയവർ സംസാരിച്ചു.
മൂല്യനിർണയ ക്യാമ്പ്
നാലാം സെമസ്റ്റർ ഏപ്രിൽ 2024 ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജൂലൈ 22 മുതൽ 25 വരെ നടക്കും. പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കേണ്ടതിനാൽ നിയോഗിക്കപ്പെട്ട മുഴുവൻ അധ്യാപകരും മൂല്യനിർണയ ക്യാമ്പുകളിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാകൺട്രോളർ അറിയിച്ചു.
പരീക്ഷ റദ്ദാക്കി
സർവകലാശാലാ പഠനവകുപ്പിൽ ജൂൺ 12 – ന് നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് ( CCSS – PG 2022 പ്രവേശനം മാത്രം ) ECO4E12 – Indian Financial System (QP Code – D101429) പേപ്പർ ഏപ്രിൽ 2024 റഗുലർ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ പിന്നീട് നടത്തും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




