
സര്‍വകലാശാലയില്‍ ശാസ്ത്രകേന്ദ്രം വൈകാതെ വരും : ഡോ. പി. രവീന്ദ്രന്‍
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംഘമായി വന്ന് താമസിച്ച് പഠിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള കേന്ദ്രം വൈകാതെ തന്നെ കാലിക്കറ്റ് സര്‍വകലാശാലയില്‍ യാഥാര്‍ഥ്യമാകുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പ്, സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് ഓണ്‍ട്രിപ്രൂണര്‍ഷിപ്പ്, എം.എസ്. സ്വാമിനാഥന്‍ ചെയര്‍, ലുക്കാ സയന്‍സ് പോര്‍ട്ടല്‍, യു.എല്‍. സ്‌പേസ് ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവി വാഗ്ദാനമായ വിദ്യാര്‍ഥികള്‍ക്കായി സര്‍വകലാശാല എപ്പോഴും വാതില്‍ തുറന്നിടും. ഒബ്‌സര്‍വേറ്ററി, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ലാബുകള്‍, വിവിധ പഠനവ കുപ്പുകള്‍ മുതലായവ സന്ദര്‍ശിക്കാനും ഗവേഷണ ഗൈഡുമാരുടെ മേല്‍നോട്ടത്തില്‍ പരീക്ഷണങ്ങള്‍ നടത്താനും അവസരം നല്‍കുന്നതാകും കേന്ദ്രം. പുതിയ പ്ലാനറ്റോറിയവും പരിഗണനയിലാണ്. വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടുപയോഗിച്ച് കേന്ദ്രം യാഥാര്‍ഥ്യമാക്കാനാണ് ശ്രമം. വിവിധ സ്‌കൂളുകളില്‍ നിന്നായി മുന്നൂറിലധികം വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഫിസിക്‌സ് പഠനവകുപ്പ് മേധാവി ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍ അധ്യക്ഷത വഹിച്ചു. ഐ.എസ്.ആര്‍.ഒ. മുന്‍ ഡയറക്ടര്‍ ഡോ. ഇ.കെ. കുട്ടി മുഖ്യപ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. കെ. ദൃശ്യ, ഡോ. ലിബു അലക്‌സാണ്ടര്‍, ഡോ. സി.ഡി. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ സെഷനുകള്‍ക്ക് ഐ.എസ്.ആര്‍.ഒ. മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ജയറാം, സുരേന്ദ്രന്‍ പുന്നശ്ശേരി, ഡോ. ജിതിന്‍ ഭഗവതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇന്റർ സ്റ്റേറ്റ് യൂത്ത് എക്സ്ചേഞ്ച് കാലിക്കറ്റിൽ നിന്ന് 25 അംഗസംഘം
ഹരിയാനയിലെ കുരുക്ഷേത്രയിൽ നടക്കുന്ന ഇന്റർ സ്റ്റേറ്റ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ കാലിക്കറ്റ് സർവകലാശാലയുടെ വിവിധ കോളേജുകളിൽ നിന്നായി അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന 25 അംഗസംഘം പങ്കെടുക്കും. ജൂലൈ 23 മുതൽ 26 വരെയാണ് പരിപാടി. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ദേശീയ ആശയത്തെ ആസ്പദമാക്കി നടക്കുന്ന പരിപാടിയിൽ 900 യുവപ്രതിഭകൾ അവരുടെ സംസ്ഥാനത്തിന്റെ വിവിധ കലാ സാംസ്കാരിക വൈഭവം അവതരിപ്പിക്കും. കാലിക്കറ്റിൽ നിന്നുള്ള സംഘത്തെ നയിക്കുന്നത് നോഡൽ ഓഫീസർ വി.പി. ഷിന്റോ (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), എസ്കോർട്ട് ഓഫീസർ പി. ഫാത്തിമ മഷീദ (എ.വി.എ.എച്ച് ആർട്സ് ആന്റ് സയൻസ് കോളേജ് മേപ്പയൂർ) എന്നിവരാണ്.
സർവകലാശാലാ സ്റ്റേഡിയത്തിൽ റിഫ്രഷ്മെന്റ് സെന്റർ
കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിന് സമീപമുള്ള റിഫ്രഷ്മെന്റ് സെന്റർ ഒരു വർഷത്തേക്ക് നടത്തുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. നിശ്ചിത ഫോം സർവകലാശാലാ പ്ലാനിങ് ആന്റ് ഡെവലപ്മെന്റ് വിഭാത്തിൽ ലഭ്യമാകും. ആഗസ്റ്റ് നാലിന് വൈകിട്ട് അഞ്ചു മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്ലാനിങ് ആന്റ് ഡെവലപ്മെന്റ് വിഭാഗത്തിൽ ബന്ധപ്പെടുക.
സ്വിമ്മിങ് ട്രെയിനർ നിയമനം
കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പിന് കീഴിലെ ഗോൾഡൻ ജൂബിലി അക്വാട്ടിക് കോംപ്ലക്സ് സ്വിമ്മിങ് പൂളിൽ പുരുഷ, വനിതാ സ്വിമ്മിങ് ട്രെയിനർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായവരിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് എട്ട്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
നിയമ പഠനവകുപ്പിൽ എൽ.എൽ.എം. സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ നിയമ പഠനവകുപ്പിൽ 2025 – 27 അധ്യയന വർഷത്തെ എൽ.എൽ.എം. ഡബിൾ സ്പെഷ്യലൈസേഷൻ പ്രോഗ്രാമിന് എസ്.സി. – മൂന്ന്, എസ്.ടി. – രണ്ട്, ഇ.ടി.ബി. – ഒന്ന്, ഇ.ഡബ്ല്യൂ.എസ് – ഒന്ന് എന്നിങ്ങനെ സീറ്റൊഴിവുണ്ട്. പ്രവേശനത്തിനായി ലേറ്റ് രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 25. മേൽ പറഞ്ഞ കാറ്റഗറിയിൽ അപേക്ഷകർ ഇല്ലാത്തപക്ഷം ഓപ്പൺ കാറ്റഗറിയിൽ ഉള്ളവരെ പരിഗണിക്കും. എസ്.ടി. / എസ്.ടി. / ഒ.ഇ.സി. വിഭാഗക്കാർക്ക് 100 % ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9747290936, 9605306600.
ജോൺ മത്തായി സെന്ററിൽ എം.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ അരണാട്ടുകര ജോൺ മത്തായി സെന്ററിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. എസ്.സി. – ഒൻപത്, എസ്.ടി. – രണ്ട്, ഇ.ഡബ്ല്യൂ.എസ് – മൂന്ന്, മുസ്ലിം – മൂന്ന്, ഇ.ടി.ബി. – അഞ്ച്, എൽ.സി. – ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. സംവരണത്തിന് അർഹതയുള്ളവർക്ക് സർവകലാശാലാ വെബ്സൈറ്റിലെ സി.യു.സി.ഇ.ടി. ലേറ്റ് രജിസ്‌ട്രേഷൻ ലിങ്ക് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9526146452, 9539833728.
എം.എ. ഫിലോസഫി സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ ഫിലോസഫി പഠനവകുപ്പിൽ 2025 അധ്യയന വർഷത്തെ എം.എ. ഫിലോസഫി പ്രോഗ്രാമിന് എസ്.സി. – രണ്ട്, എസ്.ടി. – ഒന്ന്, ഇ.ടി.ബി. – രണ്ട്, ഇ.ഡബ്ല്യൂ.എസ് – രണ്ട് എന്നീ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. പ്രവേശന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട പ്രസ്തുത വിഭാഗക്കാർക്ക് മുൻഗണന ലഭിക്കും. മേൽ വിഭാഗക്കാരുടെ അഭാവത്തിൽ എസ്.ഇ.ബി.സി. മാനദണ്ഡപ്രകാരം മറ്റു വിഭാഗങ്ങളെയും പരിഗണിക്കും. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ജൂലൈ 25-ന് മുൻപായി ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
പ്രോജക്ട് ( മൈനർ ) മൂല്യനിർണയം
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ( CBCSS – 2022 പ്രവേശനം ) ഇന്റഗ്രേറ്റഡ് പി.ജി. ഏപ്രിൽ 2025 റഗുലർ പ്രോജക്ട് ( മൈനർ ) മൂല്യനിർണയം ജൂലൈ 22 മുതൽ 28 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷ
പി.ജി. ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി (2024 പ്രവേശനം) ഏപ്രിൽ 2025 റഗുലർ പരീക്ഷ ആഗസ്റ്റ് ഒന്നിന് തുടങ്ങും. കേന്ദ്രം : സൈക്കോളജി പഠനവകുപ്പ്, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
സർവകലാശാലാ പഠനവകുപ്പിൽ രണ്ടാം സെമസ്റ്റർ (CCSS – PG – 2022 പ്രവേശനം) എം.എസ് സി. അപ്ലൈഡ് സൈക്കോളജി പേപ്പർ PSY2E03 – Introduction to Autism ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ ജൂലൈ 22-ന് നടക്കും. സമയം ഉച്ചക്ക് 1.30.
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ (2004 സ്‌കീം) ബി.ടെക്. ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 11 വരെ അപേക്ഷിക്കാം.



