കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; മഞ്ഞപ്പിത്തം രണ്ടുപേര്‍ക്ക് മാത്രം ശുചിത്വ – പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയറിയിച്ച് ആരോഗ്യവിഭാഗം

മഞ്ഞപ്പിത്തം രണ്ടുപേര്‍ക്ക് മാത്രം ശുചിത്വ – പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയറിയിച്ച് ആരോഗ്യവിഭാഗം

കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റലില്‍ മഞ്ഞപ്പിത്തം പടരുന്നുവെന്നും അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നതുമായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും വിദ്യാര്‍ഥിനികളില്‍ ഭീതിപടര്‍ത്തുന്നതുമാണെന്ന് രജിസ്ട്രാര്‍. ഈ മാസം 11-നാണ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിക്ക് മഞ്ഞപ്പിത്തമാണെന്ന കാര്യം വാര്‍ഡനെ അറിയിച്ചത്. ഉടനെ തന്നെ മുറിയില്‍ കൂടെ താമസിച്ചിരുന്നവരോട് പരിശോധനക്ക് ആവശ്യപ്പെട്ടു. 12-ന് പരിശോധനാഫലം വന്നപ്പോള്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവരെ ചികിത്സക്കും വിശ്രമത്തിനുമായി വീട്ടിലേക്കയച്ചു. ഇക്കാര്യം തേഞ്ഞിപ്പലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ അറിയിക്കുകയും അദ്ദേഹത്തിന്റെ പ്രതിരോധനിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റീന, വാര്‍ഡംഗം ബിജിത എന്നിവര്‍ ഹോസ്റ്റലും അടുക്കളയും പരിസരവും സന്ദര്‍ശിച്ച് ശുചിത്വം ഉറപ്പുവരുത്തി തൃപ്തി രേഖപ്പെടുത്തുകയും ഭീതി ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്ന് രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ പത്രക്കുറിപ്പില്‍ പറഞ്ഞു. കാമ്പസിലെ കുടിവെള്ളം എല്ലാമാസവും പരിശോധന നടത്തുന്നുണ്ട്. പുറത്ത് നിന്നുള്ള ഭക്ഷണവും വെള്ളവും കഴിക്കുന്ന വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്നും രജിസ്ട്രാര്‍ അറിയിച്ചു.

‘ നാടകത്തെ കൂടുതല്‍ ജൈവികമാക്കുന്നത് കാണികള്‍ ‘

നാടകത്തെ മാറ്റിമറിക്കാന്‍ കാണികള്‍ക്കുള്ള കഴിവാണ് അതിനെ കൂടുതല്‍ ജൈവികമാക്കുന്നതെന്ന് നാടകപ്രവര്‍ത്തക ശ്രീജ ആറങ്ങോട്ടുകര അഭിപ്രായപ്പെട്ടു. കാണികളുടെ ആസ്വാദനവും ഇടപെടലും അനുസരിച്ച് ഒരേ നാടകം തന്നെ വ്യത്യസ്ത രൂപത്തില്‍ അവതരിപ്പിക്കപ്പെടാം. കാണികളും അഭിനേതാക്കളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലിലൂടെയുണ്ടാകുന്ന രസതന്ത്രമാണ് നാടകത്തെ വളര്‍ത്തുന്നതെന്നും അവര്‍ പറഞ്ഞു. പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന സീനിയര്‍ പ്രൊഫസര്‍മാരായ ഡോ. എല്‍. തോമസ് കുട്ടി, ഡോ. പി. സോമനാഥന്‍ എന്നിവര്‍ക്കുള്ള ആദരം കൂടിയായാണ് സെമിനാര്‍. ഡോ. എല്‍. തോമസ് കുട്ടി സംവിധാനം ചെയ്ത് കുമാര്‍ സുനില്‍, ഡോ. പി. നിധിന്യ എന്നിവര്‍ അഭിനയിച്ച ‘റീല്‍ ആന്റ് റിയല്‍’ എന്ന നാടകം അരങ്ങേറി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സ്റ്റുഡന്‍സ് ട്രാപ് ഫോക് മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ‘പാട്ടും പറച്ചിലും’ എന്ന ദൃശ്യാവിഷ്‌കാരമുണ്ടാകും.

വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈന് കീഴിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ഫണ്ട് ചെയ്യുന്ന പ്രോജക്ടിലേക്ക് – റിസർച്ച് അസിസ്റ്റന്റ് ( പാർട്ട് ടൈം / ഫുൾ ടൈം ), ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ( ഫുൾ ടൈം ) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ഫെബ്രുവരി 17-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. ഒരു വർഷമാണ് കാലാവധി. ഓരോ ഒഴിവ് വീതമാണുള്ളത്. ഫിസിക്കൽ എജ്യൂക്കേഷനിലോ മറ്റേതെങ്കിലും സോഷ്യൻ സയൻസ് വിഷയങ്ങളിലോ ഉള്ള (മിനിമം 55 %) പി.ജി. ഇരു തസ്തികകൾക്കും ആവശ്യമാണ്. റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നെറ്റ് / എം.ഫിൽ. / പി.എച്ച്.ഡി. യോഗ്യതയും വേണം. താത്പര്യമുള്ളവർക്ക് ബയോഡാറ്റയും ഫോൺ നമ്പറും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോജക്ട് കോ – ഓർഡിനേറ്റർക്ക് (ഡോ. വി.പി. സക്കീർ ഹുസൈൻ) ഇ – മെയിൽ ചെയ്യാം. അവസാന തീയതി ഫെബ്രുവരി 15. ഫോൺ : 9447383611. ഇ – മെയിൽ : drsakeerdpe@gmail.com.  വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CUCBCSS – UG – 2014 മുതൽ 2016 വരെ പ്രവേശനം ) ബി.കോം. / ബി.ബി.എ. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

ഏഴാം സെമസ്റ്റർ ( 2017 മുതൽ 2021 വരെ പ്രവേശനം ) ബി.ആർക്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top