കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കാലിക്കറ്റിൽ ഓൺലൈൻ പി.ജി. ഇപ്പോൾ അപേക്ഷിക്കാം

കാലിക്കറ്റിൽ ഓൺലൈൻ പി.ജി. ഇപ്പോൾ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിന് (സി.ഡി.ഒ.ഇ.) കീഴിൽ പുതിയതായി ആരംഭിക്കുന്ന ഓൺലൈൻ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ നാല് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചത്. ഓൺലൈനായി പിഴ കൂടാതെ മാർച്ച് 20 വരെയും 500 രൂപ പിഴയോടെ മാർച്ച് 27 വരെയും അപേക്ഷിക്കാം. ലിങ്ക് https://cdoe.uoc.ac.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. കോഴ്‌സുകളുടെ ഉദ്ഘാടനം ഓൺലൈനായി നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ഫീസിളവിന് അർഹരായവർ അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം കേരള സർക്കാരിൻ്റെ ഇ-ഗ്രാൻ്റസ് പോർട്ടൽ വഴി ഫീസിളവിന് അപേക്ഷിക്കണം. കാലിക്കറ്റ് സർവകലാശാല നടത്തുന്ന റഗുലർ പ്രോഗ്രാമിന് തുല്യമായതാണ് ഈ ഓൺലൈൻ പ്രോഗ്രാമുകൾ. വിദേശ പൗരന്മാർക്കും ജോലി ചെയ്യുന്നവർക്കും പ്രവേശനം നേടാം. വിദ്യാർഥികൾക്ക് സൗകര്യമനുസരിച്ച് പഠനം ക്രമീകരിക്കാം. പ്രായപരിധിയില്ല. റഗുലർ പ്രോഗ്രാം ചെയ്യുന്നവർക്ക് ഓൺലൈൻ പ്രോഗ്രാമിലേക്കും തിരിച്ചും മാറാൻ അവസരമുണ്ടാകും. നിലവിൽ കോളേജിൽ പഠനം തുടരുന്നവർക്ക് അതിനോടൊപ്പം തന്നെ മറ്റൊരു പ്രോഗ്രാമിന് ഓൺലൈൻ വഴി പഠനം നടത്താനും അവസരമുണ്ട്. ഇന്റേണൽ, എക്സ്റ്റേണൽ പരീക്ഷകൾ ഉൾപ്പെടെ എല്ലാം ഓൺലൈനായിരിക്കും. ഒരു ഘട്ടത്തിലും വിദ്യാർഥികൾക്ക് സർവകലാശാലയിൽ നേരിട്ട് എത്തേണ്ടതില്ല. അധ്യാപകരുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകും. ഓരോ പ്രോഗ്രാമുകളും രണ്ട് സ്കീമുകളായി തരം തിരിച്ചിട്ടുണ്ട്. പഠനം മുഴുവൻ ഓൺലൈനായും പരീക്ഷ മാത്രം സർവകലാശാലക്ക് കീഴിലുള്ള ലേണിങ് സപ്പോർട്ട് സെന്ററിലോ അഫിലിയേറ്റഡ് കോളേജുകളിലോ വന്ന് എഴുതാവുന്നതാണ് ആദ്യ സ്‌കീം. പഠനവും പരീക്ഷയും മുഴുവനായി ഓൺലൈനിൽ നടത്തുന്നതാണ് രണ്ടാമത്തെ സ്‌കീം. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള സ്‌കീമിൽ പഠിക്കാം. നിലവിൽ ആരംഭിക്കുന്ന പി.ജി. പ്രോഗ്രാമുകൾക്കു പുറമേ യു.ജി.സി അനുമതി ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ ബിരുദ – ബിരുദാനന്തര പ്രോഗ്രാമുകളിലേക്കും ഉടൻ അപേക്ഷ ക്ഷണിക്കും. കൂടുതൽ വിവരങ്ങൾ സി.ഡി.ഒ.ഇ. വെബ്‌സൈറ്റിൽ https://cdoe.uoc.ac.in/ . ഫോൺ : 0494 2407356, 2660600.

തുടർപഠനം ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം- മന്ത്രി ഡോ. ആര്‍. ബിന്ദു

പഠനം പാതിവഴിയില്‍ മുറിഞ്ഞു പോയവര്‍ക്കും ജീവിതഭാരങ്ങള്‍ക്കിടയില്‍ ആഗ്രഹിച്ച പോലെ ഉന്നതപഠനം നടത്താന്‍ കഴിയാതിരുന്നവര്‍ക്കും വലിയ അവസരമാണ് ഓണ്‍ലൈന്‍ പഠനം വഴി ലഭിക്കുന്നതെന്ന് കോഴ്‌സ് ഉദ്ഘാടനം ചെയ്ത ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ കോഴ്‌സ് വിദേശത്തും സ്വദേശത്തുമുള്ളവര്‍ക്കും പഠിക്കാമെന്നതും മറ്റു സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ കോഴ്‌സുകളെ അപേക്ഷിച്ച് കുറഞ്ഞ ഫീസാണെന്നതും സവിശേഷതയാണ്. ഓണ്‍ലൈനായി പഠിക്കുന്നവര്‍ക്ക് റഗുലര്‍ മോഡിലേക്കും തിരിച്ചും സ്വിച്ച് ഓവര്‍ അവസരം നല്‍കുന്നതിനെയും മന്ത്രി അഭിനന്ദിച്ചു. ചടങ്ങില്‍ വൈസ്ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍, സിന്‍ഡിക്കേറ്റിന്റെ വിദൂര ഓണ്‍ലൈന്‍ വിഭാഗം സ്റ്റാന്റിങ് കമ്മിറ്റി കണ്‍വീനര്‍ പി. സുശാന്ത്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. ടി. വസുമതി, ടി.ജെ. മാര്‍ട്ടിന്‍, ഡോ. കെ. മുഹമ്മദ് ഹനീഫ, സി.ഡി.ഒ.ഇ. ഡയറക്ടര്‍ ഡോ. സി.ഡി. രവികുമാര്‍, ഫിനാൻസ് ഓഫീസർ വി. അൻവർ, ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി. ജാബിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്രോഷര്‍ പ്രകാശനം വൈസ് ചാൻസിലർ നിര്‍വഹിച്ചു. അഡ്വ. പി. കെ. ഖലീമുദ്ധീൻ, ഡോ. കെ. പ്രദീപ് കുമാർ, സി.പി. ഹംസ, ഡോ. ടി. മുഹമ്മദ് സലിം, എ.കെ. അനുരാജ്, പി. അബ്‌ദുറഹീം, മുൻ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ്, കെ-റീപ്പ് പ്രധിനിധി ഡോ. കെ. സുധീന്ദ്രൻ തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു.

കാലിക്കറ്റില്‍ വട്ടെഴുത്ത് ദേശീയ ശില്പശാലക്ക് തുടക്കം

കാലിക്കറ്റ് സര്‍വകലാശാലാ തുഞ്ചന്‍ താളിയോലഗ്രന്ഥപ്പുരയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വട്ടെഴുത്ത് ശില്പശാലക്ക് തുടക്കമായി. സര്‍വകലാശാലയുടെ ഗ്രന്ഥപ്പുരയില്‍ വൈദ്യം, ശാസ്ത്രം, തന്ത്രം, മന്ത്രം തുടങ്ങിയ വിഷയങ്ങളിലായി എണ്ണായിരത്തിലധികം ഗ്രന്ഥങ്ങളുണ്ട്. വട്ടെഴുത്ത്, കോലെഴുത്ത്, ബ്രാഹ്‌മി മുതലായ ലിപികളിലാണ് ഉള്ളടക്കം. ഇവയിലെ വിജ്ഞാനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വട്ടെഴുത്ത് ശില്പശാല സംഘടിപ്പിക്കുന്നത്. സംസ്ഥാന പുരാവസ്തുവകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ അധ്യാപകരും ഗവേഷകരും പൊതുജനങ്ങളുമെല്ലാം പങ്കെടുക്കുന്നുണ്ട്. വൈസ്ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥപ്പുര ഡയറക്ടര്‍ ഡോ. ടി.എം. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ചരിത്രകാരന്‍ ഡോ. എം.ആര്‍. രാഘവവാര്യര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാഷാവിഭാഗം ഡീന്‍ ഡോ. ആര്‍.വി.എം. ദിവാകരന്‍, ശില്പശാലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി. അപര്‍ണ, ഡി.സി. ജിത്തു ദാനിയന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ ഡോ. വി.വി. ഹരിദാസ്, ഡോ. ഇ. ശ്രീജിത്ത് എന്നിവര്‍ ക്ലാസെടുത്തു. 27-നാണ് സമാപനം.

“ശാസ്ത്രയാൻ 2026” മത്സരവിജയികൾക്ക് സമ്മാനം നൽകി

സർവകലാശാലയുടെ ഗവേഷണ നേട്ടങ്ങളും പ്രവർത്തനങ്ങളും പൊതുജനങ്ങൾക്ക്‌ പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച “ ശാസ്ത്രയാൻ 2026 ” നോടനുബന്ധിച്ച് ‘ഞാൻ കണ്ട ശാസ്ത്രയാൻ’ എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി, അടിക്കുറിപ്പ് മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫോട്ടോഗ്രാഫി മത്സരത്തിൽ – ആർ.ജെ. വിഷ്ണു, സാദിഖ് മുഹമ്മദ്, ശിഖ ശ്രീധർ, അടിക്കുറിപ്പ് മത്സരത്തിൽ – എസ്. മഹാദേവ്, എ.കെ. ലഹ്‌ന, ഒ.കെ. ജയ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ, രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, ശാസ്ത്രയാൻ 2026 കോ – ഓർഡിനേറ്റർ ഡോ. മുഹമ്മദ് ഷാഹിൻ തയ്യിൽ എന്നിവർ ക്യാഷ് അവാർഡ് വിതരണം ചെയ്തു.

വെഞ്ച്വർ എക്സ് സംരംഭക സമ്മേളനം

കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി, ഇക്കണോമിക്സ്, ഫിസിക്സ് പഠനവകുപ്പുകളും സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് ഓൻട്രിപ്രുണർഷിപ്പും ഐ.പി.ആർ. സെല്ലും ചേർന്ന് സംഘടിപ്പിക്കുന്ന വെഞ്ച്വർ എക്സ് സംരംഭക സമ്മേളനം ഫെബ്രുവരി 25, 26 തീയതികളിൽ സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കും. പരിപാടി 25-ന് രാവിലെ 10 മണിക്ക് വൈസ് ചാൻസിലർ പി. രവീന്ദ്രൻ ഉദ്ഘാടനം  ചെയ്യും. അക്കാദമിക മേഖല ഗവേഷണ സ്ഥാപനങ്ങൾ വ്യവസായ സൂക്ഷ്മ സംരംഭങ്ങൾ എന്നിവയെ ഏകോപിപ്പിക്കുകയും നവീകരിക്കുകയും ലക്ഷ്യമിട്ടാണ് സമ്മേളനം. ഗവേഷണാശയങ്ങളെ വിപണിയിൽ പ്രായോഗിക ഉല്പന്നങ്ങളായും സാങ്കേതിക വിദ്യകളായും മാറ്റുന്നതിന് ഇൻ ക്യൂബേഷൻ മെന്റർഷിപ്പ് ഫണ്ടിങ് അവസരങ്ങളും സമ്മേളനം നൽകും. വ്യവസായ സംരംഭക മേഖലകളിലെ പ്രമുഖർ പ്രഭാഷണം നടത്തും.

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.വോക്. ഡിജിറ്റൽ ഫിലം പ്രൊഡക്ഷൻ നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 24-ന് നടക്കും. കേന്ദ്രം : എം.ഇ.എസ്. അസ്മാബി കോളേജ്, വെമ്പല്ലൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. (CCSS – UG – 2009 മുതൽ 2013 വരെ പ്രവേശനം) ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 05 വരെ അപേക്ഷിക്കാം.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എം.സി.എ. ഒന്ന്, മൂന്ന്, നാല് സെമസ്റ്റർ ( 2018 സ്‌കീം – 2018 പ്രവേശനം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം മാർച്ച് 16, 27, ഏപ്രിൽ 01 തീയതികളിൽ തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് – ഒൻപത്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ – (2015 പ്രവേശനം) സെപ്റ്റംബർ 2024, (2016 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം മാർച്ച് 10, 11, 12, 13 തീയതികളിൽ തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി – മൂന്ന്, അഞ്ച് സെമസ്റ്റർ – (2017 പ്രവേശനം) സെപ്റ്റംബർ 2024, (2018 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം മാർച്ച് 13, 16 തീയതികളിൽ തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി.ആർക്. ( 2012 സ്‌കീം 2016 പ്രവേശനം ), ( 2017 സ്‌കീം 2017 – 2021 പ്രവേശനം ), ( 2022 പ്രവേശനം 2022 – 2024 പ്രവേശനം ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 12 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ – ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.കോം. പ്രൊഫഷണൽ (CBCSS, CUCBCSS – UG 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് 05 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top