‘നാളേക്കൊരു കതിര്‍’ 270 നെല്ലിനങ്ങള്‍ നടീലിനൊരുക്കി
സര്‍വകലാശാലാ എന്‍.എസ്.എസിന്റെ മഹാദൗത്യം
അന്നത്തിനായി മാത്രമല്ല, നാളേക്ക് ഒരു കരുതലായും നെല്‍വിത്തുകള്‍ സംരക്ഷിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. പദ്ധതി തുടങ്ങി. ‘നാളേക്കൊരു കതിര്‍’ എന്ന പേരില്‍ 270 ഇനം നെല്‍വിത്തുകളാണ് കൃഷിയിറക്കുന്നത്. കര്‍ഷകനായ ചെറുവയല്‍ രാമന്‍ മുതലുള്ളവരില്‍ നിന്നും നാഷണല്‍ ജീന്‍ബാങ്കില്‍ നിന്നും വരെ സൗജന്യമായി ശേഖരിച്ചവയാണ് വിത്തുകള്‍. 28 ദിവസം കൊണ്ട് കതിര്‍ വരുകയും കതിരുണ്ടായ അന്നുതന്നെ കതിര്‍ മൂപ്പെത്തുകയും ചെയ്യുന്ന അഗസ്ത്യമലയില്‍ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന ‘അന്നൂരി’ ഇനം മുതല്‍ രക്തശാലീ, തവളക്കണ്ണന്‍, ചിറ്റേനി ചക്കര കൈമ, നവര, രാമലി, കറുത്ത പൊന്നി, ചെന്നെല്ലു, കാലാ മല്ലി, ചീരനെല്ലു, മുള്ളന്‍ പുഞ്ച, മുണ്ടകന്‍ കുത്തി, രക്ത ചൂടി തുടങ്ങി നാട്ടിലെ സാധാരണ ഇനങ്ങളായ ഉമയും ജ്യോതിയും പൊന്മണിയും വരെ ശേഖരത്തിലുണ്ട്. സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലെ എന്‍എസ്എസ് യൂണിറ്റുകള്‍ വഴിയാണ് കൃഷിയിറക്കുക. വിളവിന്റെ ഒരു ഭാഗം വിത്ത് തന്ന കര്‍ഷകന് തിരിച്ചേല്‍പ്പിക്കും. വിത്ത് സുരക്ഷയിലൂടെ ഭക്ഷ്യസുരക്ഷയിലേക്ക് എന്ന മുദ്രാവാക്യവുമായാണ് സര്‍വകലാശാലാ എന്‍.എസ്.എസ്. മഹത്തായ ദൗത്യം ഏറ്റെടുത്തിരിക്കുന്നതെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി പറഞ്ഞു. എല്ലാ വിത്തിനങ്ങളും സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതന്‍ വളപ്പില്‍ ഗ്രോബാഗിലും നട്ടിട്ടുണ്ട്. കോളേജ് യൂണിറ്റുകള്‍ക്ക് അവരുടെ സാഹചര്യങ്ങളനുസരിച്ച് വയല്‍, കര, ഗ്രോ ബാഗ് കൃഷി രീതികള്‍ പിന്തുടരാം. നിലത്തിന് യോജിച്ച വിത്ത് എന്‍.എസ്.എസ്. വിഭാഗം വിതരണം ചെയ്യും. തിരഞ്ഞെടുത്ത നിലത്തിന്റെ അടിസ്ഥാനത്തില്‍ വൊളന്റിയര്‍മാര്‍ക്ക് പരിശീലനവും നല്‍കും. കരനെല്ലിന് ഒറ്റനുരി സമ്പ്രദായം ആണ് നിര്‍ദേശിക്കുന്നത്. വയല്‍ കൃഷിയില്‍ നാട്ടിലെ കര്‍ഷകര്‍ക്കൊപ്പം അവരുടെ അനുഭവ പാഠങ്ങള്‍ ഉള്‍കൊണ്ട് മുന്നേറാനാണ് നിര്‍ദേശം. വിത്ത് വിതരണവും പ്രദര്‍ശനവും പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. ഇ.ടി.ഐ. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എം. സണ്ണി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തംഗം ഖമര്‍ബാന്‍, ഡോ. കെ. റീഷ, റഫീഖ്, ഡോ. എന്‍.എ. ഷിഹാബ് എന്നിവര്‍ സംസാരിച്ചു.
സിണ്ടിക്കേറ്റ് യോഗം
കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 21-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഇന്റഗ്രേറ്റഡ് പി.ജി. രണ്ടാം അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ 2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ 20-ന് വൈകീട്ട് 4 മണിക്ക് മുമ്പായി മാന്റേറ്ററി ഫീസടച്ച് സ്ഥിരപ്രവേശനം എടുക്കണം. എസ്.സി., എസ്.ടി. തുടങ്ങി വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന തത്തുല്യ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 125 രൂപയും മറ്റുള്ളവര്‍ക്ക് 510 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.
പരീക്ഷ
ലോ-കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 14-ന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം. എല്‍.എല്‍.ബി. റഗലുര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 2-ന് തുടങ്ങും.
പരീക്ഷ മാറ്റി
18-ന് നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ലേക്ക് മാറ്റി.
31-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ ആഗസ്ത് 14-ലേക്ക് മാറ്റി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
27-ന് നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 4-ലേക്ക് മാറ്റി.
പ്രാക്ടിക്കല്‍ പരീക്ഷ
ബി.വോക്. മള്‍ട്ടിമീഡിയ/ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 19-ന് തുടങ്ങും.
പരീക്ഷാ ഫലം
ബി.വോക്. ഫാഷന്‍ ടെക്‌നോളജി നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ആറാം സെമസ്റ്റര്‍ ബി.എസ് എസി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.




