കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ലൈബ്രറി ടെക്‌നോളജി പരിശീലന ശില്പശാല

HIGHLIGHTS : Calicut University News; Library Technology Training Workshop

ലൈബ്രറി ടെക്‌നോളജി പരിശീലന ശില്പശാല

കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് സംഘടിപ്പിക്കുന്ന ലൈബ്രറി ടെക്‌നോളജി പരിശീലന ശില്പശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആധുനിക കാലത്തെ ലൈബ്രറി നടത്തിപ്പിന് അനിവാര്യമായ സ്വതന്ത്ര വിവര സാങ്കേതിക സോഫ്റ്റ് വെയറുകളിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ജനുവരി 19 വരെ നീണ്ടു നിൽക്കുന്ന ശില്പശാലയിൽ ലൈബ്രറി സ്വതന്ത്ര സോഫ്റ്റ് വെയറുകളായ കോഹ, ഡി-സ്പേസ്, ഗ്രീൻസ്റ്റോൺ, സോട്ടെറോ, എസ്.പി.എസ്.എസ്. എന്നിവയിലാണ് പരിശീലനം നൽകുന്നത്. പഠനവകുപ്പ് മേധാവിയും സിൻഡിക്കേറ്റംഗവുമായ ഡോ. കെ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫാറൂഖ് കോളേജ് കോമേഴ്‌സ് വിഭാഗം പ്രൊഫസർ ഡോ. ടി. മുഹമ്മദ് നിഷാദ്, സർവകലാശാലാ ഇൻഫർമേഷൻ സയന്റിസ്റ്റ് എ. മോഹനൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി. ശ്യാമിലി ഗവേഷക വിദ്യാർഥിനി സുനിഷ എന്നിവർ സംസാരിച്ചു. സെമിനാറിൽ ഡോ. ടി. മുഹമ്മദ് നിഷാദ്, ഡോ. എം. പ്രശാന്ത്, എ. മോഹന, ജംഷീർ, ശ്രീലത, മനു എന്നിവർ ക്ലാസ്സുകൾ നയിക്കും.

ഐ.ടി.എസ്.ആറിൽ ദേശീയ സെമിനാർ

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഗോത്ര പഠന ഗവേഷണ കേന്ദ്രത്തിലെ കോമേഴ്‌സ് പഠനവകുപ്പ് “നാവിഗേറ്റിങ് സസ്‌റ്റൈനബിലിറ്റി ഇൻ ബിസിനസ്: എമർജൻസി ട്രെൻഡ്‌സ് ആന്റ് ഓപ്പർച്യൂണിറ്റി” എന്ന വിഷയത്തിൽ  ദേശീയസെമിനർ സംഘടിപ്പിച്ചു. ഫാറൂഖ് കോളേജ് കോമേഴ്‌സ് വിഭാഗം പ്രൊഫസർ ഡോ. ആർ. രശ്മി മുഖ്യാഥിതിയായി. ഗോത്ര പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സി. ഹരികുമാർ അധ്യക്ഷത വഹിച്ചു. പഠനവകുപ്പ് മേധാവി ഡോ. ഗ്രീഷ്മദാസ് സ്വാഗതം പറഞ്ഞു. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡിന് എം.ഇ.എസ്. കെ.വി.എം. കോളേജിലെ ഗവേഷകരായ സനിത, സിനി എന്നിവർ അർഹരായി. സമാപന സമ്മേളനം തമിഴ്നാട് നിലഗിരി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജിതിൻ സ്കറിയ ഉത്ഘാടനം ചെയ്തു.

ഐ.ടി.എസ്.ആർ. സോഷ്യോളജി പഠനവകുപ്പ് സെമിനാർ

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഗോത്ര പഠന ഗവേഷണ കേന്ദ്രത്തിലെ സോഷ്യോളജി പഠനവകുപ്പ് പി.എം. ഉഷാ പദ്ധതിക്ക് കീഴിൽ ആവിഷ്കരിച്ച കരിയർ അഡ്വാൻസ്‌മെന്റ് ആന്റ് സ്കിൽ ഡെവലപ്മെന്റ് സെന്റർ ഫോർ ട്രൈബൽസുമായി (സി.എ.എസ്.സി.ഡി.ടി.) സഹകരിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാർ കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി. വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്യുന്നു

ഡോ. ജോൺ മത്തായി അനുസ്മരണം

തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ജോൺ മത്തായി സെന്ററിൽ പ്രവർത്തിക്കുന്ന സാമ്പത്തിക ശാസ്ത്ര പഠനവകുപ്പ് ജനുവരി 13, 15 തീയതികളിൽ ഡോ. ജോൺ മത്തായിയുടെ നൂറ്റിനല്പത്താം ജന്മവാർഷികവും 21, 22 തീയതികളിലായി ദ്വിദിന ശില്പശാലയും സംഘടിപ്പിക്കും. അനുസ്മരണ യോഗം പഠനവകുപ്പ് സെമിനാർ ഹാളിൽ രാവിലെ 10 മണിക്ക് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഇക്കണോമെട്രിക് സൊസൈറ്റി പ്രസിഡന്റ് ഡോ. നീരജ് ഹാട്ടേക്കർ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ സംസ്ഥാന മുൻ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ബെംഗളൂരു അസിം പ്രേംജി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. അലക്സ് എം. തോമസ്, ‘ഹോണസ്റ്റ് ജോൺ: ലൈഫ് ഓഫ് ജോൺ മത്തായി’ രചയിതാവ് ഭക്തിയർ ദാദാ ഭായി എന്നിവർ പങ്കെടുക്കും.

സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 14 മുതല്‍ ജനുവരി 24 വരെ നടത്തുന്ന ‘ഭക്ഷ്യസംസ്‌കരണം’  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ട് വന്ന് പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകന്‍ സ്വയം വഹിക്കേണ്ടതാണ്.  സ്ത്രീകള്‍ക്കും  പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. വിലാസം : വകുപ്പു മേധാവി, ലൈഫ് ലോങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം, പിൻ – 673 635. ഫോണ്‍ : 9349735902, 9544103276.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കാലിക്കറ്റ് സർവകലാശാലാ പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ്  നിയമനം. യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ എം.എസ് സി. – എൻവിറോൺമെന്റൽ സയൻസ് / എൻവിറോൺമെന്റൽ സ്റ്റഡീസ് / എൻവിറോൺമെന്റൽ മാനേജ്മെന്റ് / എൻവിറോൺമെന്റൽ സയൻസ് ആന്റ് മാനേജ്മെന്റ് / എൻവിറോൺമെന്റൽ ടെക്‌നോളജി, ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് പാസായിരിക്കണം അല്ലെങ്കിൽ പിഎച്ച്ഡി നേടിയിരിക്കണം. ഉയർന്ന പ്രായപരിധി 64 വയസ്. താത്പര്യമുള്ളവർ ജനുവരി 25 – നോ അതിന് മുൻപോ അവരുടെ ബയോ – ഡാറ്റ സർവകലാശാലാ വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാകും.

സോണൽ കലോത്സവം: വേദികൾക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ സോണൽ കലോത്സവങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ കോളേജുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സോൺ, ജില്ല, കലോത്സവ തീയതി എന്നിവ ക്രമത്തിൽ :- എഫ് – പാലക്കാട് – ജനുവരി 21 മുതൽ 26 വരെ, ബി – കോഴിക്കോട് –  ഫെബ്രുവരി 10 മുതൽ 14 വരെ, സി – മലപ്പുറം – ജനുവരി 21 മുതൽ 25 വരെ, ഡി – തൃശ്ശൂർ – ഫെബ്രുവരി 05 മുതൽ 09 വരെ, എഫ് – വയനാട് – ഫെബ്രുവരി 10 മുതൽ 13 വരെ. ആതിഥേയത്വം വഹിക്കാൻ താത്പര്യമുള്ള അതത് ജില്ലകളിലെ കോളേജുകൾ രണ്ട് ദിവസത്തിനകം വിദ്യാർഥിക്ഷേമവിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.

പരീക്ഷാഅപേക്ഷ

റഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി രണ്ടാം വർഷ മാർച്ച് 2026 (2019 സിലബസ് – 2021 മുതൽ 2024 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 200 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 13 മുതൽ ലഭ്യമാകും.

ഒൻപതാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2020 പ്രവേശനം) ഏപ്രിൽ 2025 സേ പരീക്ഷയ്ക്ക് ( പ്രാക്ടിക്കൽ പേപ്പറുകളും ഇന്റേണൽ അസ്സസ്മെന്റും ഒഴികെ ) പിഴ കൂടാതെ 28 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി 02 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 14 മുതൽ ലഭ്യമാകും.

പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (2023 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 16-ന് തുടങ്ങും.വിശദമായ സമയക്രമം വെബ്സൈറ്റിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!