കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഫൈറ്റോ ടെക്‌നോളജി അന്താരാഷ്ട്ര സമ്മേളനത്തിന് കാലിക്കറ്റില്‍ തുടക്കം

പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഫൈറ്റോ ടെക്‌നോളജി അന്താരാഷ്ട്ര സമ്മേളനത്തിന് കാലിക്കറ്റില്‍ തുടക്കം

പ്രകൃതിയുടെ സന്തുലിതാവസ്ഥ തിരിച്ചുപിടിക്കുന്നതില്‍ സസ്യങ്ങളുപയോഗിച്ചുള്ള സാങ്കേതിക വിദ്യകള്‍ ചര്‍ച്ച ചെയ്ത് അന്താരാഷ്ട്ര ഫൈറ്റോ ടെക്‌നോളജി സമ്മേളനം. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന സമ്മേളനത്തിന് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍, സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഐ.പി.സി. കോ – ഓര്‍ഡിനേറ്റര്‍മാരായ ഡോ. ഓം പര്‍കാശ് ധാംകര്‍, ഡോ. ജോസ് ടി. പുത്തൂര്‍, ഐ.പി.സി. പ്രസിഡന്റ് ഡോ. ബാര്‍ബറ സീബ് തുടങ്ങിയവര്‍ സംസാരിച്ചു. 19 രാജ്യങ്ങളില്‍ നിന്നായി 250-ഓളം ശാസ്ത്രജ്ഞരും ഗവേഷകരുമാണ് പങ്കെടുക്കുന്നത്. ആവാസവ്യവസ്ഥാ സേവനങ്ങള്‍ നല്‍കുന്നതിന് സസ്യങ്ങളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഫൈറ്റോടെക്നോളജി. ‘സുസ്ഥിര പരിസ്ഥിതിക്കും ഭക്ഷ്യസുരക്ഷയ്ക്കും ഫൈറ്റോ ടെക്‌നോളജി’ എന്ന വിഷയത്തില്‍ നൂറോളം പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നുണ്ട്. യുദ്ധാനന്തര മാലിന്യങ്ങളായ ടി.എന്‍.ടി., ആര്‍.ഡി.എക്‌സ്. എന്നിവയെ ചെടികളുടെ സഹായത്തോടെ നിര്‍മാര്‍ജനം ചെയ്യുന്നതി നെക്കുറിച്ചുള്ള ഗവേഷണത്തിന് 2024-ലെ മില്‍ട്ടണ്‍ ഗോര്‍ഡന്‍ അവാര്‍ഡ് നേടിയ ഇന്റര്‍നാഷ്ണല്‍ ഫൈറ്റോ ടെക്‌നോളജി സൊസൈറ്റി വൈസ് പ്രസിഡന്റുമായ ഡോ. എലിസബത്ത് ലൂസി റൈലോട്ട് മുഖ്യപ്രഭാഷണം നടത്തി. കാന്‍സാസ് സര്‍വകലാശാല പ്രൊഫസര്‍ വരപ്രസാദ് പരിസ്ഥിതിയെയും ജീവജാലങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഗവേഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കലാമണ്ഡലത്തിലെയും കാലിക്കറ്റ് സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. കാലാവസ്ഥാ വ്യതിയാനവും കാര്‍ബണ്‍ സ്വാംശീകരണവും, നാനോകണങ്ങളും സസ്യങ്ങളുടെ ഇടപെടലും തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്ര സംവാദങ്ങള്‍ നടക്കും. 24-നാണ് സമാപനം.

യുദ്ധാനന്തര മാലിന്യങ്ങൾ നേരിടാൻ ഫൈറ്റോളജി

യുദ്ധാനന്തര മാലിന്യങ്ങളായ ടി.എന്‍.ടി., ആര്‍.ഡി.എക്‌സ്. എന്നിവയെ ചെടികളുടെ സഹായത്തോടെ നിര്‍മാര്‍ജനം ചെയ്യുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിന് 2024-ലെ മില്‍ട്ടണ്‍ ഗോര്‍ഡന്‍ അവാര്‍ഡ് നേടിയ ഇന്റര്‍നാഷ്ണല്‍ ഫൈറ്റോ ടെക്‌നോളജി സൊസൈറ്റി വൈസ് പ്രസിഡന്റുമായ ഡോ. എലിസബത്ത് ലൂസി റൈലോട്ട് മുഖ്യപ്രഭാഷണം നടത്തി. യുദ്ധസ്ഥലങ്ങളിൽ കൂടുതലായി കാണുന്ന ഇത്തരം രാസവസ്തുക്കൾ മണ്ണും വെള്ളവും മലിനമാക്കുന്നതിനും കാൻസർ പോലുള്ള മാരകരോഗങ്ങൾ വർധിപ്പിക്കുന്നതിനും കാരണമാകുന്നു. യു.എസ്സിൽ മാത്രം പത്ത് ദശ ലക്ഷം ഹെക്ടറിലധികം സൈനിക ശ്രേണികളിൽ ടി.എൻ.ടി. – ആർ.ഡി.എക്സ് മലിനീകരണം നിലനിൽക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാനായി നടത്തുന്ന ഓക്സിഡേഷൻ, ആഗിരണം, കെമിക്കൽ റിഡക്ഷൻ എന്നിവ ചെലവേറിയതും ഗുരുതര പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നതുമാണ്. അടുത്ത കാലത്ത് ഉപയോഗിച്ച് തുടങ്ങിയ ഫൈറ്റോറെമഡിയേഷൻ സാങ്കേതിക വിദ്യ താരതമ്യേന ചെലവ് കുറഞ്ഞതും സൗഹൃദപരവുമാണെന്നും ഡോ. എലിസബത്ത് ലൂസി റൈലോട്ട് പറഞ്ഞു.

ഹിന്ദി ദേശീയ സെമിനാർ തുടങ്ങി

കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘ഭക്തി സാഹിത്യ ത്തിന്റെ പുനർവായന’ എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാർ ആരംഭിച്ചു. ബനാറസ് ഹിന്ദു സർവകലാശാലാ പ്രൊഫസറും ചിന്തകനും എഴുത്തുകാരനുമായ ഡോ. അവധേശ് പ്രധാൻ ഉദ്ഘാടനം ചെയ്തു. സാഹിത്യത്തിൻറെ പുനർവായന കാലത്തിന്റെ ആവശ്യമാണെന്നും പ്രത്യേകിച്ച് മധ്യകാല ഹിന്ദി സാഹിത്യത്തെ പുതിയ കണ്ണിലൂടെ വായിക്കുന്നത് വഴി പ്രതിരോധത്തിന്റെ പുതിയ വഴികൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വകുപ്പ് മേധാവി ഡോ. വി.കെ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഹിന്ദി പഠന വകുപ്പ് മുൻ മേധാവി ഡോ. മലിക് മുഹമ്മദ് രചിച്ച ‘ അമീർ ഖുസ്‌റോ ’ എന്ന കൃതിയും ഡോ. ഗജേന്ദ്ര പാഠക് എഡിറ്റ് ചെയ്ത ‘ ഭക്തി ആംദോലൻ ഔർ ഹിന്ദി കി സംസ്കൃതിക് പരിധി ’ എന്ന പുസ്തകവും പ്രകാശനം ചെയ്തു. സിൻഡിക്കേറ്റംഗം ഡോ. കെ. മുഹമ്മദ് ഹനീഫ, ചരിത്ര പഠനവകുപ്പ് മേധാവി ഡോ. എം.പി. മുജീബ് റഹ്മാൻ, സെമിനാർ കോ – ഓർഡിനേറ്റർ ഡോ. പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത്, ഡോ. പ്രമോദ് കൊവ്വപ്രത്ത് തുടങ്ങിയവർ സംസാരിച്ചു. ഡോ. മാധവ് ഹാഡ, ഡോ. ഗജേന്ദ്ര പാഠക്, കംവൽ ഭാരതി, ഡോ. വിനോദ് തിവാരി, ഡോ. പ്രശാന്ത് നായർ, ഡോ. അച്യുതാനന്ദ് മിശ്ര, ഡോ. പി.വി. സുമിത് എന്നിവർ വിവിധ സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാർ 24-ന് സമാപിക്കും.

പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ

കാലിക്കറ്റ് സർവകലാശാലയില്‍ പുതുതായി ആരംഭിച്ച പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ് എന്ന പ്രൊജക്ട് മോഡ് ഡിപ്ലോമ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത : ബി.എസ് സി. ബോട്ടണി. ഒരു വർഷമാണ് കോഴ്സ് കാലാവധി. വിശദ വിജ്ഞാപനവും കൂടുതൽ വിവരങ്ങളും പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 9846163197, 8281863927.

എം.എഡ്. പ്രവേശനം 2024

2024 – 2025 അധ്യായന വർഷത്തെ എം.എഡ്. പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി അപേക്ഷിച്ചവരുടെ വെയിറ്റിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ് ലോഗിന്‍ വഴി ഒക്ടോബർ 26 വരെ റാങ്ക് ലിസ്റ്റ് പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തില്‍ പഠനവകുപ്പ് / കോളേജുകള്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നേരിട്ട് പ്രവേശനം നടത്തുന്ന താണ്. വിദ്യാർഥികൾ മാന്റേറ്ററി ഫീസടച്ച് അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം നവംബർ ആറിനുള്ളിൽ കോളേജുകളിൽ പ്രവേശനം നേടേണ്ടതാണ്. നിലവില്‍ ഏതെങ്കിലും കോളേജില്‍ പ്രവേശനം നേടിയവർ റാങ്ക് ലിസ്റ്റ് മുഖാന്തരം പുതിയ കോളേജില്‍ പ്രവേശനം ലഭിച്ചാല്‍ പ്രവേശനം ഉറപ്പാക്കിയതിനുശേഷം മാത്രമേ ടി.സി. വാങ്ങാന്‍ പാടുള്ളൂ. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവർക്ക് ലെയ്റ്റ് രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യം പ്രവേശന വിഭാഗം വെബ്‍സൈറ്റില്‍ ഒക്ടോബർ 28 മുതല്‍ ലഭ്യമാവും. വിദ്യാർഥികൾ പഠനവകുപ്പ് / കോളേജുകളുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം മാത്രം അപേക്ഷ പൂര്‍ത്തിയാക്കേണ്ടതാണ്. മുൻപ് രജിസ്റ്റര്‍ ചെയ്തവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്ട്രേഷന്‍ ചെയ്തവരെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .

ഫോൺ 0494 2407016, 2660600, 2407017.

സനാതനധർമ പീഠം കെട്ടിടനിർമാണ ശിലാസ്ഥാപനം

കാലിക്കറ്റ് സർവകലാശാലാ സനാതനധർമ പീഠത്തിന്റെ കെട്ടിടനിർമാണ ശിലാസ്ഥാപനം ഒക്ടോബർ 30-ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിക്കും. 11 മണിക്ക് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. സനാതനധർമ ട്രസ്റ്റ് ചെയർമാൻ സ്വാമി ചിദാനന്ദപുരി, വിവിധ സർവകലാശാലാ വൈസ് ചാൻസിലർമാർ, സിൻഡിക്കേറ്റംഗങ്ങൾ, സർവകലാശാലാ പഠനവകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.

മലയാളവാരാഘോഷം: കോളേജ് വിദ്യാർഥികൾക്ക് മത്സരങ്ങൾ

മലയാളവാരാഘോഷത്തോടനുബന്ധിച്ച് കാലിക്കറ്റ് സർവകലാശാലാ മലയാള – കേരള പഠനവകുപ്പ് നവംബർ ആദ്യവാരം കോളേജ് വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നവംബർ ഒന്നിന് – മലയാള സാഹിത്യം, സംസ്കാരം പ്രശ്നോത്തരി, നാലിന് – ഇടശ്ശേരി കവിതാലാപന മത്സരം, അഞ്ചിന് – വായന മത്സരം എന്നിവയുണ്ടാകും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് ഉണ്ടാകും. താത്പര്യമുള്ളവർ കോളേജ് അധികൃതരുടെ സാക്ഷ്യ പത്രം സഹിതം അതത് ദിവസം ഉച്ചക്ക് 1.30-ന് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9074692622.

വാക് – ഇൻ – ഇന്റവ്യൂ

കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിലെ പ്രിന്റിങ് ടെക്‌നോളജി വകുപ്പിലുള്ള ലക്‌ചറർ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ നാലിന് കോളേജിൽ ( സി.യു. – ഐ.ഇ.ടി. ) വെച്ച് വാക് – ഇൻ – ഇന്റവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ www.cuiet.info .

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (2024 പ്രവേശനം) സി.യു.എഫ്.വൈ.യു.ജി.പി. നവംബർ 2024 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയ പ്രകാരം പിഴ കൂടാതെ 28 വരെയും 240/- രൂപ പിഴയോടെ നവംബർ ഒന്ന് വരെയും അപേക്ഷിക്കാം. പരീക്ഷ നവംബർ 20-ന് തുടങ്ങും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.ബി.എ. – ഐ.എഫ്. & എച്ച്.സി.എം. ജൂലൈ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ രണ്ട് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് പി.ജി. – എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ് സി. സൈക്കോളജി, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് (2021 പ്രവേശനം മുതൽ) ഏപ്രിൽ 2024, (2020 പ്രവേശനം മാത്രം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ രണ്ട് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ( CCSS – 2020, 2022 & 2023 പ്രവേശനം ) എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (One Time) ബി.എ. SDE (CCSS – UG) സെപ്റ്റംബർ 2021 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.വി.സി., ബി.ടി.എഫ്.പി., ബി.എസ്.ഡബ്ല്യൂ. (CBCSS / CUCBCSS – UG) ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top