Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സെനറ്റ് തെരഞ്ഞെടുപ്പ് വോട്ടര്‍പ്പട്ടികയിലേക്ക് വിവരങ്ങള്‍ നല്‍കണം

HIGHLIGHTS : Calicut University News; Information must be provided to the Senate election electoral roll

സെനറ്റ് തെരഞ്ഞെടുപ്പ് വോട്ടര്‍പ്പട്ടികയിലേക്ക് വിവരങ്ങള്‍ നല്‍കണം

കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിന് വിവിധ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് അഫിലിയേറ്റഡ് കോളേജുകളിലെ മാനേജര്‍, പ്രിന്‍സിപ്പാള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കാത്ത കോളേജുകള്‍ 15-ന് 5 മണിക്ക് മുമ്പായി സര്‍വകലാശാലാ ഇലക്ഷന്‍ സെക്ഷനില്‍ വിവരങ്ങള്‍ നല്‍കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന വിവരങ്ങള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇനിയൊരറിയിപ്പ് ഉണ്ടാകില്ലെന്നും രജിസ്ട്രാര്‍ & റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

sameeksha-malabarinews

ജനാധിപത്യത്തെ സംരക്ഷിക്കേണ്ട കടമ യുവതയുടേത്- തുഷാര്‍ ഗാന്ധി

ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കേണ്ട കടമ യുവജനങ്ങളുടേതാണെന്ന് എഴുത്തുകാരനും ഗാന്ധിജിയുടെ പ്രപൗത്രനുമായ തുഷാര്‍ ഗാന്ധി അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം കേരള ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഭരണഘടനയും സാമൂഹിക നീതിയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയില്‍ പറയുന്ന സാമൂഹിക നീതി ഇപ്പോഴും പലര്‍ക്കും പ്രാപ്യമല്ല. ഉയര്‍ന്ന ജാതിക്കാരനായ അധ്യാപകന് വേണ്ടിയുള്ള ഗ്ലാസില്‍ വെള്ളം കുടിച്ചതിന് മര്‍ദനമേറ്റു മരിച്ചത് സ്വാതന്ത്ര്യം നേടിയ 75 വര്‍ഷം പിന്നിട്ട ഇന്ത്യയിലാണ്. മതാചാരത്തിന്റെ പേരില്‍ ഒരു പ്രായം കഴിയാത്ത സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വിലക്കുള്ളതും നമസ്‌കാരത്തിന് സ്ത്രീകളെ പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കുന്നതും ഇതേ ഇന്ത്യയിലാണ്. ഭരണഘടനയും കൈയില്‍ പിടിച്ചു നില്‍ക്കുന്ന അംബേദ്കര്‍ പ്രതിമകള്‍ നല്‍കുന്ന സന്ദേശം ജനാധിപത്യത്തെ രക്ഷിക്കാനുള്ള വഴി ഇതിലുണ്ട്, ഇതുപയോഗിക്കൂ എന്നാണ്. വിദേശ ശക്തികളോ മറ്റൊരു ഗാന്ധിയോ അതിനായി വരില്ല. യുവജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ ഡോ. യു.സി. ബിവീഷ്,  കെ.കെ. ഹനീഫ, പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. സാബുതോമസ്, ഡോ. എന്‍.പി. ശ്രീജേഷ് എന്നിവര്‍ സംസാരിച്ചു.

സസ്യോദ്യാനത്തില്‍ ആദ്യദിനമെത്തിയത് ആയിരത്തഞ്ഞൂറോളം പേര്‍

കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനത്തിലെ പ്രദര്‍ശനം കാണാന്‍ ആദ്യദിനമെത്തിയത് ആയിരത്തഞ്ഞൂറോളം പേര്‍. ഇതില്‍ തൊള്ളായിരത്തോളം പേര്‍ കാമ്പസിന് പുറത്തുനിന്നുള്ള വിദ്യാര്‍ഥികളാണ്. വ്യാഴാഴ്ച രാവിലെ മുതല്‍ തന്നെ സന്ദര്‍ശകരെത്തിയിരുന്നു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഔഷധസസ്യങ്ങള്‍, പന്നല്‍ച്ചെടികള്‍, ഇഞ്ചിവര്‍ഗങ്ങള്‍, ജലസസ്യങ്ങള്‍, കള്ളിച്ചെടികള്‍, ഓര്‍ക്കിഡുകള്‍, സ്വദേശിയും വിദേശിയുമായ അപൂര്‍വയിനം വൃക്ഷങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ഉദ്യാനം ചുറ്റിക്കാണാന്‍ ബാറ്ററിയില്‍ ഓടുന്ന ബഗ്ഗിയും ഒരുക്കിയിരുന്നു.  കാഴ്ച പരിമിതിയുള്ളവര്‍ക്കായി ടച്ച് ആന്‍ഡ് ഫീല്‍ ഗാര്‍ഡന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ പ്രത്യേകതയാണ്. വൃക്ഷോദ്യാനമുള്‍പ്പെടെ 33 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനെ കേന്ദ്ര ജൈവ വൈവിധ്യ അതോറിറ്റി ദേശീയ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് വിവരണം നല്‍കുന്നതിനായി ഉദ്യാനത്തിന്റെ ചുമതലയുള്ള ഡോ. സന്തോഷ് നമ്പിയുടെ നേതൃത്വത്തില്‍ അമ്പതോളം വിദ്യാര്‍ഥികളും അധ്യാപകരും സ്ഥലത്തുണ്ട്. അലങ്കാരച്ചെടികളുടെ വില്പനയിലൂടെ ഒന്നാം ദിവസം 18130 രൂപയാണ് ലഭിച്ചത്. ശനിയാഴ്ചയാണ് സമാപനം.

സോഷ്യോളജി പഠനവിഭാഗം കോ-ഓര്‍ഡിനേറ്റര്‍

കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യോളജി പഠനവിഭാഗം കോ-ഓര്‍ഡിനേറ്റര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 20-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
മേട്രന്‍ നിയമനം

തൃശൂര്‍ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററിലെ വനിതാ ഹോസ്റ്റലിലെ മേട്രണ്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ 24-ന് വൈകീട്ട് 5 മണിക്ക് മുമ്പായി ക്യാമ്പസ് ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

മാര്‍ച്ച് 13-ന് തുടങ്ങുന്ന എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2023 പരീക്ഷക്ക് തൃശൂരിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ എഡ്യുക്കേഷന്‍ പരീക്ഷാ കേന്ദ്രമായി ലഭിച്ച THAUBS0920 മുതല്‍ THAUBS0983 വരെയുള്ള വിദ്യാര്‍ത്ഥികള്‍ മണ്ണുത്തി ഡോണ്‍ ബോസ്‌കോ കോളേജില്‍ അതേ ഹാള്‍ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകണം.

പരീക്ഷ

സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയും 27-ന് തുടങ്ങും.
പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. മ്യൂസിക്, ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെയും എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും  ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

ഹാള്‍ടിക്കറ്റ്

മാര്‍ച്ച് 13-ന് തുടങ്ങുന്ന എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എ. മള്‍ട്ടി മീഡിയ, ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!