Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; മലബാറിന്റെ ചരിത്രഗവേഷണം കാലിക്കറ്റിന്റെ കടമ ഡോ. എം.കെ. ജയരാജ്

HIGHLIGHTS : Calicut University News; Historical research of Malabar is the duty of Dr. Calicut. M.K. Jayaraj

മലബാര്‍ മേഖലക്ക് പ്രത്യേകം ഊന്നല്‍ നല്‍കിക്കൊണ്ട് കേരള ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തേണ്ടത് കാലിക്കറ്റ് സര്‍വകലാശാലയുടെ കടമയാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ചരിത്രപഠനവിഭാഗം സംഘടിപ്പിച്ച ‘കേരളചരിത്രരചനയിലെ പുതു പ്രവണതകള്‍’ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെക്കുറിച്ചും വിശേഷിച്ച് മലബാറിനെക്കുറിച്ചും ചരിത്രപഠനങ്ങള്‍ തയ്യാറാക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല പ്രത്യേക ശ്രമം നടത്തും. കേരള ചരിത്രത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ പ്രമുഖര്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. നെതര്‍ലാന്റിലെ ലെയ്ഡന്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ. മഹമൂദ് കൂരിയ മുഖ്യപ്രഭാഷണം നടത്തി. ഡോ. എ. മുഹമ്മദ് മാഹിന്‍ അധ്യക്ഷനായി. ഡോ. എം.പി. മുജീബ് റഹ്‌മാന്‍, ഡോ. വി.വി. ഹരിദാസ്, ഡോ. സതീഷ് പാലങ്കി എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളിലായി ഡോ. അന്ന വര്‍ഗീസ്, ഡോ. മാളവിക ബിന്നി, ഡോ. എബി തോമസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വ്യാഴാഴ്ചയാണ് സമാപനം.

‘കാഴ്ചക്കാരെ കൂടെക്കൂട്ടുന്നതാകണം ഉള്ളടക്കം’ ദേശീയ മാധ്യമ സെമിനാര്‍

ഡിജിറ്റല്‍ യുഗത്തിലെ വായനക്കാരെയും കാഴ്ചക്കാരെയും കേള്‍വിക്കാരെയും കൂടെക്കൂട്ടുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ മാധ്യമങ്ങള്‍ തയ്യാറാക്കേണ്ടതുണ്ടെന്ന് ചെന്നൈ ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തിലെ പ്രൊഫ. ദേവദാസ് രാജാറാം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവിഭാഗം സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗ്മെന്റഡ് റിയാലിറ്റിയുടെയും വിര്‍ച്വല്‍ റിയാലിറ്റിയുടെയും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി കഥകള്‍ക്കൊപ്പം കാണികളെ കൊണ്ടുപോകുന്നതിനെക്കുറിച്ചായിരുന്നു പ്രഭാഷണം. മാതൃഭൂമി ഓണ്‍ലൈന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.എ. ജോണി ‘ജനാധിപത്യവും ഓണ്‍ലൈന്‍ ജേണലിസവും’ എന്ന വിഷയം അവതരിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. ലക്ഷ്മി പ്രദീപ്, ഡോ. എന്‍. മുഹമ്മദാലി, കെ.പി. അനഘ, സി.പി. യാസ്മിന്‍ ഹംസ എന്നിവര്‍ സംസാരിച്ചു. പഠന-പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച എച്ച്.ആര്‍. ശ്രീരഞ്ജിനി, വി.വി. അജയ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

ബി.ബി.എ.-എല്‍.എല്‍.ബി. 1, 7, 9 സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് കോഴിക്കോട്, തൃശൂര്‍ സര്‍ക്കാര്‍ ലോ കോളേജുകളില്‍ 9 മുതല്‍ 18 വരെ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ കോളേജുകളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. യോഗ്യരായ എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. അതത് പ്രിന്‍സിപ്പല്‍മാര്‍ അദ്ധ്യാപകരുടെ പ്രാതിനിധ്യം ഉറപ്പു വരുത്തേണ്ടതാണ്.

പ്രാക്ടിക്കല്‍ ക്ലാസ്

എസ്.ഡി.ഇ. 4, 5 സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിംഗ് ടെക്‌നോളജി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ജനുവരി 9-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 10, 11 തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജൂലൈ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!