
കോളേജ് സ്‌പോര്‍ട്‌സ് ലീഗിന് 18-ന് തുടക്കമാകും
സംസ്ഥാന കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ കോളേജ് സ്‌പോര്‍ട്‌സ് ലീഗ് (സി.എസ്.എല്‍.) കേരള 2025 ’ 18-ന് കാലിക്കറ്റ് സര്‍വകലാശാലാ സ്‌റ്റേഡിയത്തില്‍ തുടക്കമാകും. മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്യാമ്പസുകളെ ലഹരി വിമുക്തമാക്കാനുള്ള ‘ കിക്ക് ഡ്രഗ്‌സ് ‘ ക്യാമ്പയിനിന്റെ ഭാഗമായാണ് രാജ്യത്ത് ആദ്യമായി ഇത്തരത്തില്‍ പ്രൊഫഷണല്‍ ലീഗ് മാതൃകയില്‍ കോളേജുതല കായിക മത്സരങ്ങള്‍ നടക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച 16 കോളേജുകള്‍ ഈ ഫുട്‌ബോള്‍ ലീഗ് മത്സരത്തില്‍ മാറ്റുരയ്ക്കും. സര്‍വകലാശാലാ സ്റ്റേഡിയത്തിലെ രണ്ട് കോര്‍ട്ടുകളിലായി 18-ന് രാവിലെ ഏഴ് മണി മുതല്‍ മത്സരം നടക്കും. രാവിലെ ഒമ്പത്, 11, ഉച്ചക്ക് രണ്ട് മണി സമയത്തും മത്സരങ്ങളുണ്ടാകും. വൈകീട്ട് അഞ്ച് മണിക്ക് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ സി.എസ്.എല്‍. ഉദ്ഘാടനം നിര്‍വഹിക്കും. കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ., ഐ.എം. വിജയന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, എല്‍.എന്‍.സി.പി.ഇ. പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം അഡ്വ. എം.ബി. ഫൈസല്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ആഷിഖ്, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ടീമുകളുടെയും ലോഗോ, ക്ലബ് നെയിം, ജേഴ്‌സി, ഫ്‌ളാഗ്, തീം സോങ് എന്നിവയുടെ പ്രകാശനം സര്‍വകലാശാല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സര്‍വകലാശാലാ കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. കെ. അജയകുമാര്‍, കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. ബിപിന്‍, മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. പി.എം. സുധീര്‍കുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത് എന്നിവര്‍ പങ്കെടുത്തു.
ആദ്യദിനത്തിലെ മത്സരങ്ങൾ ( ജൂലൈ 18 )
രാവിലെ ഏഴ് മണിക്ക് : എം.ഇ.എസ്. കേവീയം കോളേജ് വളാഞ്ചേരി – എസ്.എൻ. കോളേജ് കണ്ണൂർ, മഹാരാജാസ് കോളേജ് എറണാകുളം – ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ. രാവിലെ ഒൻപത് മണിക്ക് : സെൻ്റ് സേവ്യർ കോളേജ് തുമ്പ – നിർമല കോളേജ് മൂവാറ്റുപുഴ, കുസാറ്റ് – എൽ.എൻ.സി.പി.ഇ. തിരുവനന്തപുരം. രാവിലെ 11 മണിക്ക് : ഗുരുവായൂരപ്പൻ കോളേജ് – കാലടി സംസ്‌കൃത സർവകലാശാല, എം.എ കോളേജ് കോതമംഗലം – ശ്രീ കേരളവർമ്മ കോളേജ് തൃശ്ശൂർ. ഉച്ചക്ക് രണ്ടു മണിക്ക് : യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം – ബസേലിയസ് കോളേജ് കോട്ടയം, പയ്യന്നൂർ കോളേജ് – എസ്. എൻ. കോളേജ് കൊല്ലം. വൈകിട്ട് നാലു മണിക്ക് സർവകലാശാലാ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്.
പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം ജൂലൈ 25 വരെ ലേറ്റ് രജിസ്‌ട്രേഷൻ ചെയ്യാം
2025 – 26 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി., എൽ.എൽ.എം, സർവകലാശാലാ സെന്ററുകൾ / അഫിലിയേറ്റഡ് കോളേജുകളിലെ എം.എസ്.ഡബ്ല്യു., എം.സി.എ., എം.എ. ജേര്‍ണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗാ തെറാപ്പി, എം.എസ് സി. ഫോറന്‍സിക് സയന്‍സ്, എം.എസ് സി. ജനറൽ ബയോടെക്നോളജി എന്നീ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി ലേറ്റ് രജിസ്‌ട്രേഷൻ നടത്തു ന്നതിനുള്ള സൗകര്യം ജൂലൈ 25-ന് വൈകീട്ട് അഞ്ചു മണി വരെ ലഭ്യമാകും. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് പരമാവധി ആറ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് : ജനറല്‍ വിഭാഗത്തിന് 975/- രൂപ. എസ്.സി. / എസ്.ടി. വിഭാഗത്തിന് 615/- രൂപ. (എല്‍.എല്‍.എം. പ്രോഗ്രാമിന് – ജനറല്‍ വിഭാഗത്തിന് 1205/- രൂപ. എസ്.സി. / എസ്.ടി. വിഭാഗത്തിന് 740/- രൂപ.). ഒന്നില്‍ കൂടുതല്‍ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നവര്‍ ഓരോ അധിക പ്രോഗ്രാമിനും 95/- രൂപ വീതം അപേക്ഷാ ഫീസീനോടൊപ്പം ഒന്നിച്ച് അടവാക്കണം. ഒഴിവ് വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‍സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കുന്നവർ അതത് പഠനവകുപ്പ് / കോളേജ് / സെന്ററുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രം ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ്. സ്പോർട്സ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവർ അപേക്ഷയുടെ പകര്‍പ്പ്, സ്പോര്‍ട്ട്സ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍, കാലിക്കറ്റ് സർവകലാശാല എന്ന വിലാസത്തില്‍ അവസാന തീയതിക് മുമ്പായി സമര്‍പ്പിക്കണം. അതാത് സംവരണ വിഭാഗങ്ങളിലെ (സ്പോർട്സ്, ലക്ഷദ്വീപ്, പി.ഡബ്ല്യു.ഡി., ഓപ്പണ്‍ ഓള്‍ ഇന്ത്യാ ക്വാട്ട തുടങ്ങിയ അനുവദനീയ പരമാവധി സീറ്റുകൾക്ക് പുറമെയുള്ളവ ഒഴികെ) അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരേയും പരിഗണിക്കും. കൂടുതൽ വിവിരങ്ങൾക്ക് https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2407017, 2660600.
ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ 24 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷണൽ മൾട്ടിമീഡിയ ആന്റ് റിസർച്ച് സെന്ററിലെ ആറുമാസ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ പ്രോഗ്രാമിന് ജൂലൈ 24 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അടിസ്ഥാന യോഗ്യത : ബിരുദം. അപേക്ഷാ ഫീസ് : ജനറല്‍ വിഭാഗത്തിന് 645/- രൂപ. എസ്.സി. / എസ്.ടി. വിഭാഗത്തിന് 285/- രൂപ. നവമാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറന്ന ഡിജിറ്റല്‍ മീഡിയ കണ്ടന്റുകളുടെ നിര്‍മാണത്തില്‍ സമഗ്ര പരിശീലനം നല്‍കുന്നതാണ് കോഴ്സ്. ഗ്രാഫിക് ഡിസൈന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വിഷ്വല്‍ എഫക്ട്സ്, ഓഡിയോ – വിഷ്വല്‍ പ്രൊഡക്ഷന്‍, പോസ്റ്റ് – പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളില്‍ നവീന സാങ്കേതിക സംവിധാന ങ്ങളോടെ പ്രായോഗിക പരിശീലനത്തിലൂന്നിയാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ എ.ഐ. അധിഷ്ഠിത സോഫ്റ്റ്‍വെയറുകളും നൈപുണ്യാധിഷ്ഠിത ശില്പശാലകളും കോഴ്സിന്റെ സവിശേഷതയാണ്. പഠന കാലയളവില്‍ കാലിക്കറ്റ് സര്‍വകലാശാല എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററില്‍ ഇന്റേണ്‍ഷിപ്പിനും അവസരമുണ്ട്. കൂടുതൽ വിവരങ്ങക്ക് https://admission.uoc.ac.in/ . ഫോൺ : (EMMRC) 9946823812, 9846512211, (DoA) 0494 2407016, 2407017.
പി.എച്ച്.ഡി. പ്രിലിമിനറി യോഗ്യതാ പരീക്ഷ
കാലിക്കറ്റ് സർവകലാശാലയുടെ ജൂലൈ 2024 / ഡിസംബർ 2024 / ജൂലൈ 2025 – പി.എച്ച്.ഡി. പ്രിലിമിനറി യോഗ്യതാ പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് എട്ട് വരെയും 145/- രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 22 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 18-ന് തുടങ്ങും. കേന്ദ്രം : സെന്റ് മേരീസ് കോളേജ് തൃശ്ശൂർ.
നാലാം സെമസ്റ്റർ ബി.വോക്. ഫുഡ് ടെക്‌നോളജി (ഫുഡ് പ്രോസസിങ് ആന്റ് സേഫ്റ്റി മാനേജ്മെന്റ്) ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 18-ന് നടക്കും. കേന്ദ്രം : എസ്.എൻ. കോളേജ് നാട്ടിക. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആന്റ് സ്പോക്കൺ ഹിന്ദി (2024 പ്രവേശനം) ജൂൺ 2024 പരീക്ഷക്ക്പിഴ കൂടാതെ ജൂലൈ 31 വരെയും 200/- രൂപ പിഴയോടെ ആഗസ്റ്റ് നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 18 മുതൽ ലഭ്യമാകും.
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ (CCSS – PG – 2022, 2023 പ്രവേശനം മുതൽ) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ., എം.ടി.എ., എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് (നാനോ സയൻസ്), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 200/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS / CUCBCSS – UG) വിവിധ യു.ജി., സ്കൂൾ ഓഫ് ഡ്രാമയിലെ മൂന്നാം സെമസ്റ്റർ ബി.ടി.എ. (2020 മുതൽ 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 200/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.
സർവകലാശാലാ നിയമപഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) എൽ.എൽ.എം. നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 200/- രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 21 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS) ഇന്റഗ്രേറ്റഡ് പി.ജി. എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ സ്റ്റഡീസ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് – (2020 പ്രവേശനം) നവംബർ 2024, (2021 മുതൽ 2024) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് നാല് വരെയും 200/- രൂപ പിഴയോടെ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 23 മുതൽ ലഭ്യമാകും.
പരീക്ഷ
സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.എസ് സി. ബയോടെക്‌നോളജി (നാഷണൽ സ്ട്രീം) ജൂൺ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ (CCSS) എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം (2014 പ്രവേശനം) ബി.എസ് സി. പ്രിന്റിങ് ടെക്‌നോളജി – ഒന്നാം സെമസ്റ്റർ നവംബർ 2015, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2016, അഞ്ചാം സെമസ്റ്റർ നവംബർ 2017, ആറാം സെമസ്റ്റർ ഏപ്രിൽ 2018 – സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്ര സിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



