കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ബാലേട്ടന്‍ പ്രകൃതി സ്നേഹത്തിന്റെ ഉദാത്തമാതൃക : ഡോ. പി. രവീന്ദ്രന്‍

HIGHLIGHTS : Calicut University News; Ballettan is a role model of love for nature: Dr. P. Raveendran

cite

ബാലേട്ടന്‍ പ്രകൃതി സ്നേഹത്തിന്റെ ഉദാത്തമാതൃക-ഡോ. പി. രവീന്ദ്രന്‍

പ്രകൃതി സ്നേഹം ജീവിതമായി കൊണ്ടുനടന്ന അപൂര്‍വ വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. കെ.വി. ബാലകൃഷ്ണനെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അനുസ്മരിച്ചു. സര്‍വകലാശാലാ രസതന്ത്രപഠനവിഭാഗത്തില്‍ നിന്ന് സയന്റിഫിക് ഓഫീസറായി വിരമിച്ച ഡോ. കെ.വി. ബാലകൃഷ്ണന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ബാലേട്ടനായിരുന്നു. വൃക്ഷത്തൈകള്‍ നടുകയും അവ സ്വയം പര്യാപ്തമാകുന്നതു വരെ പരിപാലിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം. സര്‍വകലാശാലാ കാമ്പസില്‍ പലതരം മാവുകളും പ്ലാവും ഞാവലും ഉള്‍പ്പെടെ ഫലവൃക്ഷങ്ങളുമെല്ലാം ബാലേട്ടന്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കന്നുകാലികള്‍ തിന്നാതിരിക്കാന്‍ കമ്പിവേലിക്കൂട് സ്ഥാപിച്ചും കടുത്തവേനലില്‍ വെള്ളം നല്‍കിയും കീടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ മരുന്ന് തളിച്ചും ബാലേട്ടന്‍ തൈകളെ കുഞ്ഞുങ്ങളെ പോലെ പരിരക്ഷിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം 1980-ല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായാണ് സര്‍വകലാശാലയിലെത്തുന്നത്. തരിശായി കിടന്നിരുന്ന കാമ്പസ് പ്രദേശങ്ങളിലെല്ലാം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇദ്ദേഹം തൈകള്‍ നട്ടു. വിത്ത് മുളപ്പിച്ച് സ്വന്തമായാണ് തൈകള്‍ തയ്യാറാക്കിയത്. ഗ്രാഫ്റ്റിങ്ങും ബഡിങ്ങും നടത്തി പുതിയ സങ്കര ഇനങ്ങളും ഉണ്ടാക്കി. മരിച്ചു പോയ സുഹൃത്തുക്കളുടെ പേരിലും കാമ്പസില്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. 15 വര്‍ഷം മുമ്പ് വിരമിച്ചിട്ടും സ്വദേശത്തേക്ക് പോകാതെ കാമ്പസ് പരിസരമായ വില്ലൂന്നിയാലില്‍ വാടകയ്ക്ക് കഴിഞ്ഞത് ഈ തൈകളെ പരിപാലിക്കാനായിരുന്നു. ഇത്രയേറെ പ്രകൃതി സ്‌നേഹിയായും നിസ്വാര്‍ഥനായും ജീവിച്ച ബാലേട്ടന്‍ സമൂഹത്തിനാകെ മാതൃകയായിരുന്നുവെന്നും കണ്ണൂരിലെ വസതിയിലെത്തി അനുശോചനമറിയിച്ച വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.

സിൻഡിക്കേറ്റ് യോഗം

കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം മെയ് 29-ന് ( വ്യാഴം ) രാവിലെ 10.00 മണിക്ക് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

കാലിക്കറ്റിന് പത്ത്‌ കോടിയുടെ ഗവേഷണ ഗ്രാന്റ്

കാലിക്കറ്റ് സർവകലാശാലയ്ക്ക് അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ (ANRF) പെയർ (Partnership for Advanced Interdisciplinary Research) പദ്ധതിയിലൂടെ പത്ത്‌ കോടി രൂപയുടെ ഗവേഷണ ഗ്രാന്റ് ലഭിച്ചു. ഐ.ഐ.എസ്‌.സി. ബെംഗളൂരു (IISc Bangalore) ഹബ് ആയി സമർപ്പിച്ച ഗവേഷണ പദ്ധതിയിൽ കാലിക്കറ്റ് സർവകലാശാലയെ കൂടാതെ പോണ്ടിച്ചേരി സർവകലാശാല, എൻ.ഐ.ടി. നാഗാലാൻഡ്, ഐ.ഐ.ഇ. എസ്‌.ടി. ശിബ്പൂർ, കുമൗൺ സർവകലാശാല, ശിവാജി സർവകലാശാല, ബെംഗളൂരു സർവകലാശാല എന്നീ ഏഴ് സ്പോക്ക് സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ആകെ 100 കോടി രൂപയുടെ ബജറ്റാണ് അനുവദിച്ചിട്ടുള്ളത് അതിൽ ഏകദേശം 10 കോടി രൂപ കാലിക്കറ്റ് സർവകലാശാലയ്ക്ക് ലഭിക്കും. സർവകലാശാലയിലെ ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ ഉന്നതിയിലേക്കെത്തിക്കാൻ ഗ്രാന്റ് സഹായകമാകും. ഇതിൽ പ്രധാനമായും ഊർജവും എൽ.ഇ.ഡി. ആപ്ലിക്കേഷനുകളും ഉൾക്കൊള്ളുന്ന ഫംഗ്ഷണൽ മെറ്റീരിയലുകൾ, ക്യാൻസർ നിർണയത്തിനായുള്ള ബയോമെറ്റീരിയലുകൾ എന്നിവയെ സംബന്ധിച്ചുള്ള പ്രായോഗികവും കംപ്യൂട്ടേഷണലുമായ പഠനങ്ങൾക്കാണ് സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളത്. ഈ അംഗീകൃത ഗവേഷണ പദ്ധതി സർവകലാശാലയിലെ കെമിസ്ട്രി, ഫിസിക്സ്, നാനോസയൻസ്, ജന്തുശാസ്ത്രം എന്നീ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കും. പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്ററായി ഡോ. രാജീവ് എസ് മേനോനും, കോ-ഇൻവസ്റ്റി ഗേറ്റർമാരായി ഡോ. കെ.പി. സുഹൈൽ, ഡോ. കെ. ദൃശ്യ, ഡോ. കെ. ഫസലുറഹ്‌മാൻ, ഡോ. ഇ.എസ്. ഷിബു, ഡോ. എൻ.കെ. രേണുക, ഡോ. ടി. മുഹമ്മദ് ഷാഹിൻ, ഡോ. സുസ്മിത ഡെ, ഡോ. വിജിഷ കെ. രാജൻ, ഡോ. ടി.ഡി. സുജ, ഡോ. ആർ. ബിനു, ഡോ. കെ. സിന്ധു എന്നിവരുമാണ് പ്രവർത്തിക്കുന്നത്. ഈ നേട്ടം കൈവരിച്ച ഗവേഷക സംഘത്തെ സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അഭിനന്ദിച്ചു. ഗവേഷണ വിഭാഗങ്ങളുടെ സംയുക്ത പ്രവർത്തനങ്ങൾ സർവകലാശാലയെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഉയർച്ചയിലേക്കെത്തിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

റിസർച്ച് പേഴ്സണൽ നിയമനം

കാലിക്കറ്റ് സർവകലാശാലാ ബോട്ടണി പഠനവകുപ്പ് പ്രൊഫസർ ഡോ. സന്തോഷ് നമ്പിയുടെ കീഴിൽ താത്കാലികാടിസ്ഥാനത്തൽ 12 മാസത്തേക്ക് റിസർച്ച് പേഴ്സണൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. യോഗ്യത : ഫസ്റ്റ് ക്ലാസ് എം.എസ് സി. ബോട്ടണി / പ്ലാന്റ് സയൻസ് / ബോട്ടണി ആന്റ് സയൻസ് ടെക്‌നോളജി, യു.ജി.സി. / സി.എസ്.ഐ.ആർ. / ജെ.ആർ.എഫ്. / നെറ്റ്. വയസ് : 28-ൽ താഴെ. താത്പര്യമുള്ളവർ ജൂൺ നാലിന് രാവിലെ 9.30-ന് ബോട്ടണി പഠനവകുപ്പിൽ നടക്കുന്ന എഴുത്തുപരീക്ഷക്കും തുടർന്നുള്ള അഭിമുഖത്തിനും ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് – ഡോ. സന്തോഷ് നമ്പി, പ്രൊഫസർ ബോട്ടണി പഠനവകുപ്പ്, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, എസ്.ഇ.ആർ.ബി. പ്രോജക്ട്, കാലിക്കറ്റ് സർവകലാശാല, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., മലപ്പുറം, പിൻ : 673 635. ഫോൺ : 9447461622, ഇ-മെയിൽ : cue3974@uoc.ac.in . വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.

എം.ബി.എ. ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖവും

കാലിക്കറ്റ് സർവകലാശാലാ കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പിലേക്കും സർവകലാശാലയുടെ വിവിധ എസ്.എം.എസ്. സെന്ററുകളിലേക്കുമുള്ള 2025 – 26 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിച്ചവർക്കുള്ള ഗ്രൂപ്പ് ഡിസ്കഷനും വ്യക്തിഗത അഭിമുഖവും ജൂൺ ഒൻപതിന് തുടങ്ങും. അർഹരായവരുടെ പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഇ-മെയിലിൽ മെമോ അയച്ചിട്ടുണ്ട്. അഭിമുഖത്തിന് ഹാജരാകേണ്ട തീയതിയും ഹാജരാകേണ്ടവരുടെ റോൾ നമ്പറും ഹാജരാകേണ്ട സമയവും ക്രമത്തിൽ :- ജൂൺ 9 – റോൾ നമ്പർ 25001 മുതൽ 25033 വരെ രാവിലെ 10 മണി, റോൾ നമ്പർ 25034 മുതൽ 25066 വരെ ഉച്ചക്ക് 2 മണി, ജൂൺ 10 – റോൾ നമ്പർ 25067 മുതൽ 25100 വരെ രാവിലെ 10 മണി, റോൾ നമ്പർ 25101 മുതൽ 25133 വരെ ഉച്ചക്ക് 2 മണി, ജൂൺ 11 – റോൾ നമ്പർ 25134 മുതൽ 25166 വരെ രാവിലെ 10 മണി, റോൾ നമ്പർ 25167 മുതൽ 25200 വരെ ഉച്ചക്ക് 2 മണി, ജൂൺ 12 – റോൾ നമ്പർ 25201 മുതൽ 25233 വരെ രാവിലെ 10 മണി, റോൾ നമ്പർ 25234 മുതൽ 25265 വരെ ഉച്ചക്ക് 2 മണി. കേന്ദ്രം : കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാലാ ക്യാമ്പസ്.

നാലുവർഷ ബിരുദം മൈനർ ഗ്രൂപ്പ് സെലക്ഷൻ

അഫിലിയേറ്റഡ് കോളേജുകളിലെ 2025 പ്രവേശനം നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ മൈനർ ഗ്രൂപ്പ് സെലക്ഷനുള്ള ലിങ്ക് മെയ് 23 മുതൽ 27 വരെ കോളേജ് പോർട്ടലിൽ ലഭ്യമാകും.

പരീക്ഷാ അപേക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) രണ്ടാം സെമസ്റ്റർ (2024 പ്രവേശനം) ബി.ടെക്. ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ ഒൻപത് വരെയും 190 /- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

പരീക്ഷ

രണ്ടാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂൺ 12-ന് തുടങ്ങും.

രണ്ടു വർഷ ( സിലബസ് ഇയർ – 2016 ) അദീബ് – ഇ – ഫാസിൽ ( ഉറുദു ) പ്രിലിമിനറി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ഒന്നാം വർഷ പരീക്ഷകൾ ജൂൺ 23-നും രണ്ടാം വർഷ പരീക്ഷകൾ ജൂലൈ രണ്ടിനും തുടങ്ങും.

അവസാന വർഷ ( സിലബസ് ഇയർ – 2007 ) അദീബ് – ഇ – ഫാസിൽ ( ഉറുദു ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ( CCSS – 2022, 2023 പ്രവേശനം ) എം.എ. ഉറുദു നവംബർ 2024 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒൻപതാം സെമസ്റ്റർ ( 2012 സ്‌കീം – 2012, 2013 പ്രവേശനം ) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ ഒൻപത് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!