Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; 400-ൽ പരം മത്സരാർത്ഥികൾ പങ്കെടുക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ  ബെസ്റ്റ് ഫിസിക് ചാമ്പ്യൻഷിപ്പ്

HIGHLIGHTS : Calicut University News; All India Inter University Best Physique Championship with over 400 contestants

400-ൽ പരം മത്സരാർത്ഥികൾ പങ്കെടുക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ  ബെസ്റ്റ് ഫിസിക് ചാമ്പ്യൻഷിപ്പ്

കാലിക്കറ്റ് സർവകലാശാല ആതിഥ്യം വഹിക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ  ബെസ്റ്റ് ഫിസിക് ചാമ്പ്യൻഷിപ്പിന് ഫെബ്രുവരി 2-ന് സർവകലാശാലാ ഓപ്പൺഎയർ ഓഡിറ്റോറിയത്തിൽ തുടക്കമാവും. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ അമീർ അലിയാണ് കാലിക്കറ്റിനെ നയിക്കുന്നത്. 60 kg, 65 kg, 70 kg, 75 kg, 80 kg, 85 kg, 90 kg, 90+kg എന്നിങ്ങനെ 8 വിഭാഗങ്ങളിലാണ് മത്സരങ്ങൾ. രണ്ടാം തീയതി 10 മണി മുതൽ 5 മണി വരെ റിപ്പോർട്ട്‌ ചെയ്ത ടീമുകളുടെ  ഭാര (വെയിങ്) നിർണയം നടക്കും. മൂന്നാം തിയതി വൈകീട്ട് 6 മണി മുതൽ കാറ്റഗറി പ്രകാരം പ്രീ ജഡ്ജിങ് നടത്തപ്പെടും. ഓരോ വിഭാഗത്തിൽ നിന്നും മികച്ച 10 പേർ നാലാം തിയതി വൈകീട്ട് 5 മണിക്ക് നടക്കുന്ന ഫൈനൽ ജഡ്ജിങ്ങിലേക്ക് യോഗ്യത നേടും. നാലാം തിയതി 5 മണിക്ക് നടക്കുന്ന ഫൈനൽ ജഡ്ജിങ്ങിൽ പത്തിൽ നിന്നും മികച്ച 5 താരങ്ങളെ റാങ്കിങ് അനുസരിച്ചു വിജയികളായി തിരഞ്ഞെടുക്കും. ഒന്ന് രണ്ടു മൂന്നു സ്ഥാനക്കാരെ മെഡലുകൾ നൽകി ആദരിക്കും. ഓരോ വിഭാഗത്തിലെയും സ്വർണ മെഡൽ ജേതാക്കൾ Mr. ഇന്ത്യൻ യൂണിവേഴ്സിറ്റി പട്ടത്തിന് മത്സരിക്കും. അതിൽ നിന്ന് ഒരാളെ വിജയി പട്ടം അണിയിക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മൂന്നു ടീമുകളെ പോയിന്റ് അടിസ്ഥാനത്തിൽ ചാമ്പ്യൻസ്, ഒന്നാം റണ്ണർ അപ്പ്‌, രണ്ടാം റണ്ണർ അപ്പ്‌ എന്നിങ്ങനെ ട്രോഫികൾ നൽകും. മൂന്നിന് വൈകീട്ട് 5 മണിക്കാണ് ഉദ്ഘാടനം. നിലവിൽ 400-ൽ പരം മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈകീട്ട് 6 മുതൽ 10 വരെ നടക്കുന്ന മത്സരം പൊതുജനങ്ങൾക്കും കാണാനാകുന്നുമെന്ന് കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ പറഞ്ഞു. പത്രസമ്മേളനത്തിൽ കായിക വകുപ്പ് ഡയറക്ടർ ഡോ. കെ.പി. മനോജ്, സെനറ്റംഗം ഡോ. ആർ. ജയകുമാർ, മീഡിയ കൺവീനർ രാജ് കിരൺ എന്നിവർ പങ്കെടുത്തു. നിലവിൽ മുംബൈ സർവകലാശാലയാണ് അഖിലേന്ത്യാ ചാമ്പ്യന്മാർ. 2019-ൽ കാലിക്കറ്റ് അഖിലേന്ത്യാ ചാമ്പ്യന്മാർ ആയിരുന്നു. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനം നേടി.

sameeksha-malabarinews

കാലിക്കറ്റിലെ വിദ്യാർത്ഥിനിക്ക് കേന്ദ്ര ഫെലോഷിപ്പ് 

സയൻസ് എൻജിനീയറിംഗ് മേഖലകളിലെ വനിതാ ഗവേഷകർക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്  ഏർപ്പെടുത്തിയ WISE – Ph.D ഫെലോഷിപ്പിന് കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠന വകുപ്പിലെ ഗവേഷണ വിദ്യാർത്ഥിനിയായ ജംഷിന സനം അർഹയായി. “Delafossite based high temperature thermoelectric materials and devices” എന്ന പ്രൊപ്പോസലിനാണ് ഫെലോഷിപ്പ്. പാഴായി പോവുന്ന താപോർജ്ജത്തെ വൈദ്യുതി ആക്കി മാറ്റാൻ കഴിവുള്ള പദാർത്ഥങ്ങളാണ് തെർമോ ഇലക്ട്രിക് മെറ്റീരിയലുകൾ. ഗവേഷണത്തിനും  അനുബന്ധ പ്രവർത്തനങ്ങൾക്കുമായി എതാണ്ട് ഇരുപത്തിയേഴ് ലക്ഷം രൂപയാണ് ഗവേഷണ ഗ്രാൻഡായി ലഭിക്കുക.  നാലു വർഷത്തേക്കാണ് ഫെലോഷിപ്പ്. ഭൗതികശാസ്ത്ര വകുപ്പിലെ സീനിയർ പ്രൊഫസർ ഡോ. പി.പി. പ്രദ്യുമ്നന് കീഴിലാണ് ഗവേഷണം.

സർവകലാശാലയിൽ ചലച്ചിത്രോത്സവം

കാലിക്കറ്റ് സർവകലാശാലയിലെ എഡ്യൂക്കേഷണൽ മൾട്ടിമീഡിയാ റിസേർച്ച് സെന്ററിന്റെ (ഇ.എം.എം.ആർ.സി.) ആഭിമുഖ്യത്തിൽ ഫെബ്രുവരി 7 മുതൽ 9 വരെ സർവകലാശാലാ ഇ.എം.എസ്. സെമിനാർ ഹാളിൽ ‘ഐറിസ് ഫിലിം ഫെസ്റ്റിവൽ – 2024’ നടക്കും. പ്രദർശനം സൗജന്യമാണ്. 7-ന് രാവിലെ 10.30-ന് സംവിധായകൻ ജിയോ ബേബി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ‘സ്വതന്ത്ര സിനിമയും നവമാധ്യമ പ്ലാറ്റ്ഫാമുകളും’ എന്ന വിഷയത്തിൽ സെമിനാറും നടക്കും. സെമിനാറിൽ ചലച്ചിത്ര നിരൂപകൻ ഡോ. സി. എസ്. വെങ്കിടേശ്വരൻ വിഷയാവതരണം നടത്തും. പ്രൊ വൈസ് ചാൻസലർ ഡോ. എം നാസർ, ഡോ. ആർ.വി.എം. ദിവാകരൻ, ഡോ. ശ്രീകല മുല്ലശ്ശേരി, ചലച്ചിത്ര സംവിധായകൻ പ്രതാപ് ജോസഫ്, മീഡിയവൺ സീനിയർ വെബ് ജേണലിസ്റ്റ് അന്ന കീർത്തി ജാർജ്, ഇ.എം.എം.ആർ.സി. പ്രൊഡ്യൂസർ സജീദ് നടുത്താടി എന്നിവർ എന്നിവർ സംസാരിക്കും. ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദ കോർ’ എന്ന സിനിമയിലെ അഭിനേതാവ് ആർ. എസ്. പണിക്കരെ ആദരിക്കും. 7, 8 തീയതികളിൽ വൈകീട്ട് 3.30-നും 9-ന് ഉച്ചക്ക് 2.30-നും ആണ് പ്രദർശനം തുടങ്ങുക. ദേശീയ-അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച മികച്ച 10 ചിത്രങ്ങളാണ് ഇത്തവണ ഫെസ്റ്റിവലിനുള്ളത്. ശ്രുതി ശരണ്യ സംവിധാനം നിർവഹിച്ച ‘ബി 32 മുതൽ 44 വരെ’ ആണ് ഉദ്ഘാടന ചിത്രം. ബാബു സേനൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ‘ആനന്ദ് മൊണാലിസ മരണവും കാത്ത്’ ‘ ആണ് സമാപന ചിത്രം. കൂടുതൽ വിവരങ്ങൾക്ക് https://iris.emmrccalicut.org സന്ദർശിക്കുക.

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എസ് സി. (CBCSS & CUCBCSS – UG) നവംബർ 2022 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷാ 

അഫിലിയേറ്റഡ് കോളേജുകളിലെ ബി.ആർക്. സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ (2014 മുതൽ 2023 വരെ പ്രവേശനം) / നാലാം സെമസ്റ്റർ (2014 മുതൽ 2022 വരെ പ്രവേശനം) / ആറാം സെമസ്റ്റർ (2014 മുതൽ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 19 വരെയും 180/- രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 5 മുതൽ ലഭ്യമാകും.

പരീക്ഷാ ഫലം

ഏഴാം സെമസ്റ്റർ ബി.ആർക്. (2017 മുതൽ 2020 വരെ പ്രവേശനം മാത്രം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.

ബി.എസ് സി. നഴ്സിംഗ് ഏപ്രിൽ 2021 & സെപ്റ്റംബർ 2021 ഒറ്റത്തവണ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.

പുനഃപരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ / എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായി ജനുവരി 19 നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ. അറബിക് (CBCSS-UG 2019 മുതൽ പ്രവേശനം) ARB 3B 04 – Reading Modern Arabic Prose പേപ്പർ നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഫെബ്രുവരി 5 നടക്കും. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!