
വരാനിരിക്കുന്നത് എ.ഐ. വിപുലമാകും കാലം- ‘ സിഡ ‘
വരാനിരിക്കുന്നത് നിര്‍മിതബുദ്ധിയുടെയും വലിയ ഡാറ്റാ സാങ്കേതികവിദ്യകളുടെയും വിപുലമായ ഉപയോഗത്തിന്റെ കാലമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടർ സയൻ സ് പഠനവകുപ്പ് സംഘടിപ്പിച്ച കമ്പ്യൂട്ടേഷണല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ അനലറ്റിക്‌സ് (സിഡ – 2026) ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു. അക്കാദമിക് വിദഗ്ധര്‍, വ്യവസായ സംരഭകര്‍, ഗവേഷകര്‍ എന്നിവരുമായി വിദ്യാര്‍ഥികള്‍ക്ക് ആശയങ്ങള്‍ പങ്കിടുന്നതും സഹകരണ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ട് നടത്തുന്ന സെമിനാറിന്റെ അഞ്ചാം പതിപ്പാണിത്. സമാപനസമ്മേളനം പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സെമിനാര്‍ സംഘാടക സെക്രട്ടറി ഡോ. വി.എല്‍. ലജിഷ് അധ്യക്ഷനായി. കണ്ണൂർ സർവകലാശാലാ പ്രൊഫസർ ഡോ. സുനിൽ കമാർ, ഫാറൂഖ് കോളേജ് ഐ.ടി. വിഭാഗം പ്രൊഫസർ ഡോ. വി. കബീർ, കെ.പി. രജീഷ് എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിൽ കോയമ്പത്തൂര്‍ പി.എസ്.ജി. കോളേജിലെ പ്രൊഫസര്‍ ഡോ. എം. സെന്തില്‍കുമാര്‍, പാലക്കാട് ഐ.ഐ.ടിയിലെ അസോ. പ്രൊഫസര്‍ ഡോ. ശേക്ഷാവലി ചിത്രഗന്ധി, യു.കെയിലെ പോസ്റ്റ്മൗത്ത് സര്‍വകലാശാലയിലെ ഗവേഷക ഡോ. മഞ്ജരി പി. ഗംഗന്‍, ഡോ. വി. മുഹമ്മദ് അനീസ്, യു.കെയിലെ സതാംപ്ടണ്‍ സര്‍വകലാശാലാ അസി. പ്രൊഫസര്‍ ഡോ. കെ. അനൂപ് എന്നിവര്‍ പ്രഭാഷണം നടത്തി.
ബോട്ടണി ദേശീയ സെമിനാർ
സർവകലാശാലാ ബോട്ടണി പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ “ ടുവാർഡ്‌സ് എ ഗ്രീൻ ഫ്യൂച്ചർ : എമർജിങ് പെർസ്പെക്റ്റീവ് ഇൻ പ്ലാന്റ് ബയോളജി ആന്റ് ബയോഡൈവേഴ്സിറ്റി ” എന്ന വിഷയത്തിൽ മാർച്ച് 04, 05 തീയതികളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കും. അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ സഹായത്തോടെയുള്ള പരിപാടിയിൽ രാജ്യത്തെ പ്രമുഖ സസ്യശാത്രജ്ഞരും അനുബന്ധ മേഖലകളിലെ ഗവേഷകരും പങ്കെടുക്കും. ഡോ. എസ്.ആർ. റാവു (നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റി, ഷില്ലോങ്), ഡോ. യു.സി. ലാവനിയ (നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ലക്‌നൗ), പ്രൊഫ. എസ്.പി. ഖുള്ളർ (പഞ്ചാബ് സർവകലാശാല), ഡോ. ആർ.ആർ. റാവു (മുൻ സയന്റിസ്റ്റ് സി.ഐ.എം.എ.പി. – സി.എസ്.ഐ.ആർ), ഡോ. എം. സഞ്ചപ്പ (യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസ്, ബംഗളൂരു), ഡോ. കെ. ജോസഫ് ജോൺ (റിട്ട. ഐ.സി.എ.ആർ. – എൻ.ബി.പി.ജി.ആർ.), പ്രൊഫ. എസ്.ആർ. യാദവ് (ശിവാജി യൂണിവേഴ്സിറ്റി, കോലാപൂർ), ഡോ. എം.എം. സർദേശായി (സാവിത്രി ഭായ് ഫുലെ യൂണിവേഴ്സിറ്റി, പുണെ), ഡോ. ഡി. നരസിംഹൻ (മദ്രാസ് ക്രിസ്ത്യൻ കോളേജ്) എന്നിവർ പ്രഭാഷണം നടത്തും. സർവകലാശാലാ പഠനവകുപ്പിൽ നിന്ന് വിരമിക്കുന്ന സീനിയർ പ്രൊഫ. ഡോ. സന്തോഷ് നമ്പിയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. മാർച്ച് 04-ന് രാവിലെ 09.30-ന് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അഴിക്കോട് എൻഡോവ്മെന്റ് പ്രഭാഷണം
കാലിക്കറ്റ് സർവകലാശാലാ മലയാള – കേരള പഠനവകുപ്പ് മാർച്ച് 06-ന് അഴിക്കോട് എൻഡോവ്മെന്റ് പ്രഭാഷണം സംഘടിപ്പിക്കും. ‘രണ്ടു ഗാനങ്ങൾ രണ്ടു ദേശഭാവനകൾ: വന്ദേമാതാരവും ജനഗണമനയും’ എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും. വൈകീട്ട് 5 മണിക്ക് സർവകലാശാലാ ആര്യഭട്ട ഹാളിലാണ് പരിപാടി.
സ്പോർട്സ് പവലിയൻ പ്രവൃത്തി ഉദ്ഘാടനം
കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയാ സ്റ്റേഡിയത്തിൽ നിർമിക്കുന്ന സ്പോർട്സ് പവലിയന്റെ ആദ്യഘട്ട പ്രവൃത്തി ഉദ്ഘാടനം മാർച്ച് 04-ന് വൈകീട്ട് 4 മണിക്ക് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ നിർവഹിക്കും. പി.എം. – ഉഷാ സ്‌കീമിൽ അഞ്ചു കോടി രൂപ ചെലവിലാണ് പവലിയൻ നിർമിക്കുന്നത്. സിന്തറ്റിക്ക് – മഡ് ട്രക്കുകളുടെ മധ്യഭാഗത്തായി 50 മീറ്റർ നീളത്തിലാണ് ആദ്യഘട്ട നിർമാണം നടക്കുന്നത്. ആദ്യഘട്ട പ്രവർത്തനത്തിൽ ഗാലറികൾ, വി.ഐ.പി. ഏരിയ, മെഡൽ റൂം, ടെക്നിക്കൽ ഒഫീഷ്യൽസ് റൂം, മെഡൽ സെറിമണി റൂം, ഡ്രസ്സ് ചെയിഞ്ചിങ് റൂം, ഡോപ്പിങ് കൺട്രോൾ റൂം എന്നിവയാണ് സജ്ജീകരിക്കുന്നത്. സർവകലാശാലാ എഞ്ചിനീയറിങ് വിഭാഗത്തിന് മേൽനോട്ടത്തിൽ കെൻസ എഞ്ചിനീയറിങ് കൺസ്ട്രക്ഷനാണ് പ്രവൃത്തി നടത്തുന്നത്. പവലിയൻ പൂർത്തിയാകുന്നതോടെ ദേശീയ ഫുട്ബാൾ അത്‌ലറ്റിക് മത്സരങ്ങൾക്ക് വേദിയാകാൻ കാലിക്കറ്റിന് കഴിയും. ഒക്ടോബർ മാസത്തോട് പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2026 പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 05-ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. റേഡിയേഷൻ ഫിസിക്സ് (CCSS – 2025 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. അറബിക് ( CDOE CBCSS – 2022, 2023 പ്രവേശനം ) നവംബർ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.




