HIGHLIGHTS : Calicut University News
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാലഞ്ച് ദിവസം താമസിച്ച് പഠനവകുപ്പുകള്‍ സന്ദര്‍ശിക്കാനും പരീക്ഷണങ്ങള്‍ നടത്താനും ഒരു കേന്ദ്രം പരിഗണനയിലാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലയുടെ ഗവേഷണ നേട്ടങ്ങളും മികവുകളും പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനായുള്ള ശാസ്ത്രയാന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശത്തെ പ്രമുഖ സര്‍വകലാശാലകളുടെ മാതൃകയില്‍ കുട്ടികളെ വളരെ ചെറുപ്പത്തില്‍ തന്നെ ശാസ്ത്രവുമായി ബന്ധപ്പെടുത്താന്‍ ഇത് സഹായിക്കും. വര്‍ഷം മുഴുവന്‍ പലഭാഗത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടി തുറന്നിരിക്കുന്ന കേന്ദ്രമായി ഇത് മാറണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണബോര്‍ഡംഗം ഡോ. ജിജു പി. അലക്‌സ് മുഖ്യാതിഥിയായി. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കപ്പെടുന്ന പൊതുപണത്തിനനുസരിച്ച് അതിന്റെ ഫലം സമൂഹത്തിലേക്ക് എത്തുന്നുണ്ടോ എന്ന കാര്യത്തില്‍ സമൂഹ ഓഡിറ്റ് നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.ഡബ്ല്യു.ആര്‍.ഡി.എം. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് സാമുവല്‍ പവലിയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. അബ്രഹാം ജോസഫ് സ്വാഗതം പറഞ്ഞു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, അഡ്വ. പി.കെ. ഖലീമുദ്ധീൻ, ഡോ. പി. റഷീദ് അഹമ്മദ്, എ.കെ. അനുരാജ്, ഡോ. കെ. മുഹമ്മദ് ഹനീഫ തുടങ്ങിയവർ സംസാരിച്ചു. ശാസ്ത്രയാന്‍ കോ – ഓര്‍ഡിനേറ്റര്‍ ഡോ. സി.സി. ഹരിലാല്‍ നന്ദി പറഞ്ഞു.
‘ഡിജിറ്റല്‍ കാലത്തെ ശാസ്ത്രവും സമൂഹവും’ എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറത്തിൽ സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ മോഡറേറ്ററായി. സർവകലാശാലാ ചരിത്ര പഠന വകുപ്പ് മുൻ മേധാവി ഡോ. കെ. ഗോപാലൻ കുട്ടി, പ്രൊഫ. കെ. പാപ്പൂട്ടി, ഡോ. കെ.എം. അനിൽ, ഡോ. സംഗീത ചേനംപുള്ളി, ഡോ. പി. വിവേക് എന്നിവർ പങ്കെടുത്തു. കലാപരിപാടികളും അരങ്ങേറി.
17-ന് വൈകീട്ട് നാലര മുതല്‍ അഞ്ചര വരെ സ്റ്റുഡന്റ് ട്രാപ്പില്‍ സയന്‍സ് സ്ലാം പരിപാടിയിലെ ജേതാക്കള്‍ അവതരണം നടത്തും. വൈകീട്ട് ആറിന് സ്‌കൂള്‍ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന ‘ അടിയാള പ്രേതം ‘ നാടകം അരങ്ങേറും.
വിസ്മയ – വിജ്ഞാന കാഴ്ചകളുമായി ശാസ്ത്രയാന്‍
വിജ്ഞാനവും വിനോദവും പകരുന്ന കൗതുക കാഴ്ചകള്‍ പകര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ ശാസ്ത്രയാന്‍ പ്രദര്‍ശനം. സര്‍വകലാശാലാ പഠനവകുപ്പുകളുടേതും പുറത്തു നിന്നുള്ള ഗവേഷണ സ്ഥാപനങ്ങളുടേതുമായി 65 സ്റ്റാളുകളുണ്ട്. കേരള വനഗവേഷണ കേന്ദ്രം, സി.ഡബ്ല്യു.ആര്‍.ഡി.എം., സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹോണ്‍ബില്‍ ഫൗണ്ടേഷന്‍ തൃശ്ശൂര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ജന്തുശാസ്ത്ര പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ അലങ്കാരപ്പക്ഷികളുമായി ഏവി കള്‍ച്ചര്‍ അസോസിയേഷന്‍ കേരള ചാപ്റ്റര്‍ ഒരുക്കിയ സ്റ്റാളില്‍ ഓമനയായി വളര്‍ത്തുന്ന ഉരഗമായ ഇഗ്വാനയും തെക്കേ അമേരിക്കന്‍ പക്ഷി ഇനമായ മക്കാവുവും കാഴ്ചക്കാര്‍ക്ക് ആവേശമേകുന്നു. ജലസസ്യങ്ങളുടെ വൈവിധ്യവുമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും ജൈവ വൈവിധ്യ ഫോട്ടോകളുമായി വള്ളിക്കുന്ന് പഞ്ചായത്തും കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വും പവലിയനില്‍ ഉണ്ട്. സര്‍വകലാശാലാ കാമ്പസിനകത്തെ സയന്‍സ് ബ്ലോക്ക്, ഭരണകാര്യാലയത്തിന് പിന്‍വശം, കാന്റീന്‍ പരിസരം എന്നിവിടങ്ങളിലാണ് സ്റ്റാളുകള്‍. പ്രദര്‍ശനത്തിനെത്തുന്നവരെ കുസൃതി ചോദ്യങ്ങളും മത്സരങ്ങളുമായി വരവേല്‍ക്കുന്നത് റേഡിയോ സി.യു. ആണ്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്. സര്‍വകലാശാലാ പാര്‍ക്ക്, സസ്യോദ്യാനം എന്നിവയും പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുന്നുണ്ട്.
ടി.എം. ഹാരിസിന്റെ പുസ്തകങ്ങൾ ചർച്ച ചെയ്തു
കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി യാത്രികനും ഫോട്ടോ ഗ്രാഫറുമായ ടി.എം. ഹാരിസിന്റെ പുസ്തകങ്ങൾ ചർച്ച ചെയ്തു. മലയാള സര്‍വകലാശാലാ അസിസ്റ്റന്റ് പ്രഫസർ ഡോ. പി. ശിവപ്രസാദാണ് പുസ്തക പരിചയം നടത്തിയത്. ഒരു ഫോട്ടോ ഗ്രാഫറുടെ സൂക്ഷ്മതയും സിനിമ ആസ്വാദകന്റെ സൗന്ദര്യ ബോധവും ചേർന്നതാണ് ഹാരിസിന്റെ കൃതികളെന്ന് ശിവപ്രസാദ് അഭിപ്രായപ്പെട്ടു. സര്‍വകലാശാലാ ലൈബ്രേറിയൻ ഡോ. വി.എം. വിനോദ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ലൈബ്രേറിയൻ വി. ഷാജി സ്വാഗതവും എം. പ്രശാന്ത് നന്ദിയും പറഞ്ഞു.
ഫോട്ടോ : കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി യാത്രികനും ഫോട്ടോ ഗ്രാഫറുമായ ടി.എം. ഹാരിസിന്റെ പുസ്തകങ്ങൾ ചർച്ച ചെയ്യുന്നു
സ്റ്റുഡന്റസ് സർവീസ് ഹബ് വാർഷികം
ഫോട്ടോ : കാലിക്കറ്റ് സർവകലാശാലാ സ്റ്റുഡന്റസ് സർവീസ് ഹബ് ഒന്നാം വാർഷികം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്നു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, സിൻഡിക്കേറ്റംഗങ്ങൾ തുടങ്ങിയവർ സമീപം. ഒരുവർഷത്തിനകം ഒരുലക്ഷത്തിലധികം പേർക്കാണ് ഹബ് വഴി സേവനം നൽകിയത്.
അക്കാഡമിക് കം പരീക്ഷാ കലണ്ടർ
കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 വർഷത്തെ പുതുക്കിയ അക്കാഡമിക് കം പരീക്ഷാ കലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിലെ ( CUIET ) മൂന്നാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ബി.ടെക്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി 29-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ( CBCSS ) ഇന്റഗ്രേറ്റഡ് പി.ജി. ( 2021 പ്രവേശനം മുതൽ ) നവംബർ 2024, ( 2020 പ്രവേശനം മാത്രം ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി 14-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെയും സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസുകളിലെയും ഒന്നാം സെമസ്റ്റർ ( CUCSS – 2020 മുതൽ 2024 വരെ പ്രവേശനം ) എം.ബി.എ. – ഫുൾടൈം ആന്റ് പാർട്ട് ടൈം, ഹെൽത് കെയർ മാനേജ്മെന്റ്, ഇന്റർനാഷണൽ ഫിനാൻസ് ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 12-ന് തുടങ്ങും.
വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ( 2015 മുതൽ 2023 വരെ പ്രവേശനം ) ബി.ആർക്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി മൂന്ന് വരെ അപേക്ഷിക്കാം.