കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റില്‍ 24 അധ്യാപകരെ നിയമിച്ചു

കാലിക്കറ്റില്‍ 24 അധ്യാപകരെ നിയമിച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ എട്ട് പ്രൊഫസര്‍മാരും 16 അസോ. പ്രൊഫസര്‍മാരും ഉള്‍പ്പെടെ 24 അധ്യാപകര്‍ക്ക് 5-ന് ചേര്‍ന്ന സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം നിയമനം നല്‍കി. കെമിസ്ട്രിയില്‍ രണ്ടും അറബിക്, ബോട്ടണി, ഹിന്ദി, നാനോ സയന്‍സ്, ഫിസിക്സ്, സുവോളജി വിഷയങ്ങളില്‍ ഒരാള്‍ വീതവുമാണ് പ്രൊഫസര്‍മാര്‍. അറബിക്, ഇംഗ്ലീഷ് എന്നിവയില്‍ രണ്ടും ബയോടെക്നോളജി, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ്, എഡ്യുക്കേഷന്‍, ഹിന്ദി, ഹിസ്റ്ററി, മാസ് കമ്യൂണിക്കേഷന്‍, ലൈഫ് സയന്‍സ്, സോഷ്യോളജി, സുവോളജി എന്നിവയിലാണ് അസോ. പ്രൊഫസര്‍ നിയമനം. യു.ജി.സിയുടെ ‘നാക്’ അംഗീകാര പരിശോധനക്ക് മുമ്പേ തന്നെ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് നിയമനനടപടികള്‍ തുടങ്ങാനാണ് തീരുമാനം. ഇതിനായി ഉദ്യോഗാര്‍ഥികളെ ലഭിക്കാത്ത അസി. പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്ക് പുനര്‍ വിജ്ഞാപനവും ഒഴിവുള്ള തസ്തികകളില്‍ പുതിയ വിജ്ഞാപനവും ഇറക്കും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

പ്രധാന തീരുമാനങ്ങള്‍

വിദൂരവിദ്യഭ്യാസ വിഭാഗത്തില്‍ ഈ വര്‍ഷം യു.ജി.-പി.ജി. രജിസ്ട്രേഷന്‍ വീണ്ടും നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി.

സര്‍വകലാശാലാ ബി.എഡ്. കേന്ദ്രങ്ങള്‍ക്ക് എന്‍.സി.ടി.ഇ. അംഗീകാരം നേടിയെടുക്കുന്നതിന് സ്പെഷ്യല്‍ ഓഫീസറായി റിട്ട. പ്രഫസര്‍ ഡോ. പി. കേളുവിനെ നിയമിച്ചു.

എല്ലാ ചെയറുകളുടെയും പ്രവര്‍ത്തനം സര്‍വകലാശാലാ പഠനവകുപ്പുകളുമായി ബന്ധപ്പെടുത്താന്‍ ക്രമീകരണമുണ്ടാക്കും.

തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്ററിലെ പ്രശ്നങ്ങള്‍ അവലോകനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ കണ്‍വീനറായി ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പുതിയ ഡയറക്ടറെ നിയമിക്കും.

സര്‍വകലാശാലാ ചട്ടങ്ങള്‍ ലംഘിച്ച് പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ എം.എസ് സി. സൈക്കോളജി കോഴ്സ് നടത്തിയത് അന്വേഷിച്ച് നടപടിയെടുക്കാന്‍ വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തി.

പെന്‍ഷന്‍ ഫണ്ട് രൂപീകരണ ഉത്തരവ് സര്‍വകലാശാലക്ക് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നത് സര്‍ക്കാറിനെ അറിയിക്കാന്‍ പ്രതിനിധി സംഘത്തെ അയക്കും.

മലബാര്‍ കലാപം നൂറാം വാര്‍ഷികം – സെമിനാര്‍

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠനവിഭാഗം, ‘കര്‍ഷകരും മലബാറിലെ കൊളോണിയല്‍ ഭരണകൂടവും’ എന്ന വിഷയത്തില്‍ 8, 9 തീയതികളില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 8-ന് രാവിലെ 10 മണിക്ക് പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളില്‍ ഡോ. കെ. ഗോപാലന്‍കുട്ടി, ഡോ. ഷംസാദ് ഹുസൈന്‍, ഡോ. വി.പി. അബ്ദുള്‍ റസാഖ്, ഡോ. ശ്രീവിദ്യ വട്ടാറമ്പത്ത്, പ്രൊഫ. കെ.ഇ.എന്‍., പി. സുരേന്ദ്രന്‍, ഡോ. എം.പി. മുജീബ് റഹ്‌മാന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമാപന സമ്മേളനം 9-ന് വൈകീട്ട് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.

കമ്പ്യൂട്ടര്‍ സയന്‍സ് – ദേശീയ വെബിനാര്‍

‘അഡ്വാന്‍സ്ഡ് മെഷീന്‍ ലേണിംഗ് ആന്റ് സിഗ്‌നല്‍ പ്രോസസിംഗ്’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗം ദേശീയ വെബിനാര്‍ സംഘടിപ്പിക്കുന്നു. 7, 8 തീയതികളിലാണ് പരിപാടി. വിവിധ സെഷനുകളില്‍ ഡോ. ഇസൈക്കി രാജന്‍, ഡോ. വി.എല്‍. ലജിഷ്, ഡോ. ദീപക് പത്മനാഭന്‍, ഡോ. ജെ. ഉമാറാണി ജയരാമന്‍, ഡോ. ബദരി എന്‍. സുബുദി തുടങ്ങിയവര്‍ പങ്കെടുക്കും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രിസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും 18-ന് തുടങ്ങും.

കോവിഡ് പ്രത്യേക പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2020 റഗുലര്‍ കോവിഡ് പ്രത്യേക പരീക്ഷ, മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കൊപ്പം നടക്കും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

 

Share news
error: Content is protected !!
Scroll to Top