കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; ബി.എഡ്. ട്രയല്‍ അലോട്ട്മെന്റ്

കാലിക്കറ്റ് സര്‍വകലാശാല റേഡിയോ തുടങ്ങുന്നു

വിജ്ഞാന വിനോദ വിതരണം ലക്ഷ്യമിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വന്തമായി കാമ്പസ് റേഡിയോ തുടങ്ങുന്നു. വിദ്യാര്‍ഥികള്‍ക്കാവശ്യമായ അറിയിപ്പുകള്‍, പഠനവകുപ്പുകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വിജ്ഞാന പ്രഭാഷണങ്ങള്‍ എന്നിവയെല്ലാം റേഡിയോ വഴി സംപ്രേഷണം ചെയ്യും. അക്കാദമികവും അല്ലാത്തതുമായ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍ക്കും പരിഗണന നല്‍കും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെയാകും ഉള്ളടക്കം തയ്യാറാക്കുക. സര്‍വകലാശാലയില്‍ നിര്‍മിക്കപ്പെടുന്ന അറിവുകള്‍ പൊതുസമൂഹത്തിന് കൂടി ലഭ്യമാക്കാന്‍ കാമ്പസ് റേഡിയോ വഴി സാധിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.

ഇന്റര്‍നെറ്റ് റേഡിയോ എന്ന രീതിയിലാകും തുടക്കം. പിന്നീട് കമ്യൂണിറ്റി റേഡിയോ ആയി ഉയര്‍ത്തും.

സ്റ്റുഡിയോയും അനുബന്ധ സാങ്കേതിക സൗകര്യങ്ങളും ഒരുക്കുന്നതിന് 14.49 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. നിശ്ചിത സമയത്തായിരിക്കും പ്രക്ഷേപണം. റേഡിയോ ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകുന്ന തരത്തിലാണ് സജ്ജമാക്കുക.

ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കല്‍ സമിതി (ഐ.ക്യു.എ.സി.) ശുപാര്‍ശ ചെയ്ത പദ്ധതിക്ക് സിന്‍ഡിക്കേറ്റ് അംഗീകരമായിട്ടുണ്ട്. പദ്ധതി നടത്തിപ്പിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി കമ്മിറ്റി കണ്‍വീനറും സിന്‍ഡിക്കേറ്റംഗവുമായ ഡോ. എം. മനോഹരന്‍ അറിയിച്ചു. യോഗത്തില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. കെ.ഡി. ബാഹുലേയന്‍ എന്നിവരും പങ്കെടുത്തു.

റേഡിയോക്ക് പേരിടാം

കാലിക്കറ്റ് സര്‍വകലാശാലയുടെ കാമ്പസ് റേഡിയോക്ക് അനുയോജ്യമായ പേരും ലോഗോയും ക്ഷണിക്കുന്നു.

ഹ്രസ്വവും പുതുമയാര്‍ന്നതും ആകര്‍ഷകവുമായ പേരും ലോഗോയും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നിര്‍ദേശിക്കാം. ലോഗോ പി.ഡി.എഫ്. രൂപത്തിലുള്ളതായിരിക്കണം. പകര്‍പ്പവകാശം സര്‍വകലാശാലയ്ക്കായിരിക്കും. radio@uoc.ac.in എന്ന ഇ-മെയിലിലേക്ക് നവംബര്‍ 10-നകം അയച്ചു നല്‍കണം.

ബി.എഡ്. ട്രയല്‍ അലോട്ട്മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ട്രയല്‍ അലോട്ട്മെന്റ് 23-ന് വൈകീട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനും അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും 24 മുതല്‍ 26 വരെ അവസരമുണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് https://admission.uoc.ac.in ഫോണ്‍ 0494 2407016, 7017

സ്പെഷ്യല്‍ ബി.എഡ്. റാങ്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ സ്പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന്റെ റാങ്ക്ലിസ്റ്റ് 30-ന് കോളേജുകളില്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 1 മുതല്‍ 3 വരെ റാങ്ക്ലിസ്റ്റില്‍ നിന്ന് കോളേജുകള്‍ പ്രവേശനം നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് https://admission.uoc.ac.in ഫോണ്‍ 0494 2407016, 7017

ഫിസിഷ്യന്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിഷ്യന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 26. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

2019 പ്രവേശനം സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.ടി.ടി.എം. നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

2019 സ്‌കീം രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 5 വരെ അപേക്ഷിക്കാം.

പരീക്ഷ

മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 28-ന് നടക്കും.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ നവംബര്‍ 1 വരെയും ഫീസടച്ച് നവംബര്‍ 2 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ബി.ആര്‍ക്ക്. 5, 8, സെമസ്റ്റര്‍, കമ്പൈന്റ് 7-8 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ 28 വരെയും പത്താം സെമസ്റ്ററിന് 27 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് നവംബര്‍ 1 വരെ രജിസ്റ്റര്‍ ചെയ്യാം.

അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്. – യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ രജിസ്ട്രേഷന്‍ ലിങ്ക് 18 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാകും. പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ നവംബര്‍ 2 വരെയും ഫീസടച്ച് നവംബര്‍ 3 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

Share news
error: Content is protected !!
Scroll to Top