കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് നഗരത്തിലെ ഹോട്ടലിന്റെ മേല്‍ക്കൂര പറന്നുപൊങ്ങിയതിന് പിന്നാലെ ഇതിനൊപ്പമുള്ള ഇരുമ്പ് തൂണുകള്‍ പതിച്ചത് സമീപത്തെ സ്‌കൂളിന് മുകളില്‍. സ്‌കൂള്‍ അവധിയായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കോഴിക്കോട് ഗണപത് സ്‌കൂളിന് മുകളിലാണ് തൂണുകള്‍ പറന്ന് വന്ന് വീണത്. കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു.
കല്ലായ് റോഡിലുള്ള വുഡീസ് ഹോട്ടലിന്റെ മുകള്‍ നിലയില്‍ ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ച മേല്‍ക്കൂര സമീപത്തുള്ള ഗീതാജ്ഞലി അപ്പാര്‍ട്ടുമെന്റിന് മുകളിലും ഇരുമ്പ് കാലുകള്‍ ഗവ.ഗണപത് ബോയ്‌സ് ഹൈസ്‌കൂളിലെ ക്ലാസ് മുറികള്‍ക്ക് മുകളിലും വീണത്. രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നത്.
സംഭവത്തില്‍ കസേരകളും മേശകളും ബോര്‍ഡുകളും പൂര്‍ണമായി തകര്‍ന്നു. അധ്യായന ദിവസം ക്ലാസില്‍ മുപ്പതിലേറെ കുട്ടികള്‍ ഉണ്ടാവാറുണ്ട്. ക്ലാസിന്റെ മുറികള്‍ തമ്മില്‍ വേര്‍തിരിക്കുന്ന ചുമരും തകര്‍ന്നിട്ടുണ്ട്. മറ്റൊരു ഇരുമ്പുകാല്‍ പതിച്ചത് സമീപത്തെ കുട്ടികള്‍ കളിക്കുന്ന വരാന്തയിലാണ്.
സ്‌കൂള്‍ അവധിയായതിനാല്‍ വന്‍ അപകടം ഒഴിവായ ആശ്വാസത്തിലാണ് സ്‌കൂള്‍ അധികൃതരും നാട്ടുകാരും.




