തദ്ദേശ ഉപതെരഞ്ഞെടുപ്പ്;ഇടതു മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മുന്നേറ്റം. ഇടതുമുന്നണി 13 ഇടത്ത് വിജയിച്ചപ്പോള്‍ യുഡിഎഫ് ആറിടത്തും ബിജെപി ഒരു വാര്‍ഡിലുമാണ് വിജയിച്ചത്.

ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നഗരസഭാ വാര്‍ഡുകളും ഇടതുമുന്നണി നിലനിര്‍ത്തി.
എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീത ശശികുമാര്‍(സിപിഐ)വിജയിച്ചു.ഇവിടെ കോണ്‍ഗ്രസിന്റെ ലിറ്റി ബാബുവിനെയാണ് പരാജയപ്പെടുത്തിയത്. ബത്തേരിനഗരസഭയിലെ മന്നം കൊല്ലം ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐഎമ്മിലെ ഷേര്‍ളി കൃഷ്ണന്‍ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭൂരിപക്ഷം 44 വോട്ടായിരുന്നു. വോട്ട് നില എല്‍ഡിഎഫ് 480, യുഡിഎഫ് 330 ബിജെപി 81, പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി ഇളംങ്കാവന് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവേഗപ്പുറയിലെ ആമപ്പൊറ്റയില്‍ യുഡിഎഫ് വിജയിച്ചു. കൊല്ലം ജില്ലയിലെ ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് നാലാം വാര്‍ഡിലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശശീന്ദ്രന്‍ പിള്ള വിജയിച്ചു.

ഭരണിക്കാവ് ടൗണില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു ഗോപാലകൃഷ്ണന്‍ വിജയിച്ചു. ഉമ്മന്നൂര്‍ കമ്പംകോട് പതിനൊന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാന്‍സി 65 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കോഴിക്കോട് ആയഞ്ചേരിയില്‍ പൊയില്‍പാറയില്‍ സിപിഐ എമ്മിലെ സുനിത മലയില്‍ വിജയിച്ചു. വണ്ടന്‍മേട് അഞ്ചാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഇഞ്ചിക്കാട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സി സുഗന്ധി വിജയിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് നെടുങ്കണ്ടം ഈസ്റ്റ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു നെടുംപാറയ്ക്കല്‍ വിജയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും എല്‍ഡിഎഫ് വിജയിച്ചു.

തലശേരി നഗരസഭ ആറാം വാര്‍ഡ് കാവുംഭാഗം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. മാങ്ങാട്ടിടം പഞ്ചായത്ത് കൈതേരി 12 മൈല്‍ വാര്‍ഡില്‍ കാഞ്ഞന്‍ ബാലന്‍(സിപിഐഎം) വിജയിച്ചു. കണ്ണപുരം പഞ്ചായത്ത് കയറ്റീല്‍ വാര്‍ഡില്‍ പി വി ദാമോദരന്‍ (സിപിഐഎം) വിജയിച്ചു. തിരുവനന്തപുരം നന്ദിയോട് മീന്‍മുട്ടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ പുഷ്പന്‍ 106 വോട്ടിന് വിജയിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് വാര്‍ഡില്‍ ബിജെപി ജയിച്ചു.

താനൂര്‍ ബ്ലോക്ക് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി വി അഷറഫ് വിജയിച്ചു.

20 വാര്‍ഡുകളിലായി 63 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

Related Articles