മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കര്‍ (93) അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കര്‍ (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍ നേടിയ, രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹം.

1932 മാര്‍ച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് ഏ കെ ഭാസ്‌കര്‍ ഈഴവനേതാവും സാമൂഹിക പരിവര്‍ത്തനവാദിയും ആയിരുന്നു. മീനാക്ഷി ഭാസ്‌കര്‍ ആണ് മാതാവ്. 1951 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി യും 1959 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ദ് ഫിലിപ്പീന്‍സില്‍ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി.

മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തകനുമായ ബി ആര്‍ പി ഭാസ്‌കര്‍ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍ ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബി ആര്‍ പി ഭാസ്‌കര്‍ ‘ചരിത്രം നഷ്ടപ്പെട്ടവര്‍’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവകുറിപ്പുകള്‍’ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

നവഭാരതംപത്രം ഉടമ കൂടിയായായിരുന്നു ബിആര്‍പി ഭാസ്‌കറിന്റെ പിതാവ്. ‘നവഭാരത’ത്തില്‍ അച്ഛന്‍ അറിയാതെ അപരനാമത്തില്‍ വാര്‍ത്തയെഴുതിയാണ് ബിആര്‍പി ഭാസ്‌കര്‍ മാധ്യമരംഗത്തേക്ക് എത്തിയത്. 1952-ല്‍ ‘ദ ഹിന്ദു’വില്‍ ട്രെയിനിയായി. 14 വര്‍ഷം ദ ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ് എന്നീ പത്രങ്ങളില്‍ ജോലി ചെയ്തു. 1966-ല്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലും കശ്മീരിലും യുഎന്‍ഐയുടെ ബ്യൂറോ ചീഫായിരുന്നു. ഡെക്കാണ്‍ ഹെറാള്‍ഡില്‍ 1984 മുതല്‍ മാധ്യമപ്രവര്‍ത്തകനായി. കശ്മീര്‍ ഭരണകൂടത്തിനെതിരെ വാര്‍ത്ത നല്‍കിയതിന് ബിആര്‍പിക്കെതിരേ വധശ്രമമുണ്ടായിട്ടുണ്ട്.

1991ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനികേസരി മാധ്യമ പുരസ്‌കാരം 2014 -ല്‍ ലഭിച്ചു. ‘ന്യൂസ് റൂം’ എന്ന ആത്മകഥയ്ക്ക് 2023-ലെ മികച്ച ആത്മകഥയ്ക്കുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഭാര്യ രമ 2023 ഫെബ്രുവരിയില്‍ മരിച്ചു. ഏകമകള്‍ ബിന്ദു ഭാസ്‌കര്‍ കാന്‍സര്‍ ബാധിച്ച് 2019ല്‍ മരിച്ചു.

 

Share news
error: Content is protected !!
Scroll to Top