HIGHLIGHTS : Adi & Atma tell ........

പ്രീത് ചന്ദനപ്പള്ളി
കടൽ നോക്കി നിൽക്കുന്ന രണ്ടു കുട്ടികളുടെ ചിത്രം വെളുത്ത പുറംചട്ടയിൽ ചേർത്തിരുന്നതിനാലാകം രാജേഷ് ചിത്തിര എഴുതിയ ആദി & ആത്മ എന്ന പുസ്തകം വാങ്ങി വന്നപ്പോഴേക്ക് പതിമൂന്ന് വയസ്സുള്ള മകൾ അത് എടുത്തു കൊണ്ടു പോയത്. പുസ്തകം വായിച്ച് കഴിഞ്ഞ് ഒരു ബക്കറ്റ് ലിസ്റ്റുമായി അവൾ വന്നപ്പോൾ ഞാൻ തിരിച്ചറിഞ്ഞു ആദി & ആത്മ ഞങ്ങളുടെ വീട്ടിൽ പ്രവർത്തിച്ചു തുടങ്ങിയെന്ന്.

കോവിഡിൻ്റെ വരൾച്ചയിൽ നിന്ന് ജീവിതത്തിൻ്റെ തെളിച്ചത്തിലേക്ക് മനുഷ്യരെ നയിക്കാൻ ഒരു പുസ്തകത്തിനു കഴിയുമോ എന്നു ചോദിച്ചാൽ ആദി & ആത്മക്കു കഴിയും എന്ന് ഇപ്പോൾ നിസംശയം എനിക്ക് പറയാം.
ചിട്ടപ്പടി ഫോർമാറ്റിൽ എഴുതപ്പെടുന്ന ബാല സാഹിത്യ പുസ്തകങ്ങളുടെ വേലിയേറ്റക്കാലത്താണ് ഡയറി ഓഫ് എ വിംപി കിഡ് പരമ്പരയിലെ പുസ്തകങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ മലയാളത്തിൽ ഒരു പുസ്തകം ഉണ്ടാകുന്നത്. അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ എഴുതുന്ന പുസ്തക പരമ്പരയാണ് ഡയറി ഓഫ് എ വിംപി കിഡ് (Diary of a Wimpy Kid). ഈ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ഗ്രെഗ് ഹെഫ്ലി എന്ന കുട്ടിയുടെ ദൈനംദിനക്കുറിപ്പുകളാണ്. ഇരുപത് ദശലക്ഷത്തിലധികം വായനക്കാരുള്ള ഡയറി ഓഫ് എ വിംപി കിഡ് നോവലുകളെപ്പോലെ അല്ല അതിലും മികവാർന്ന ക്രാഫിറ്റിൽ ആദി & ആത്മ നിർമ്മിക്കപ്പെട്ടിരിക്കുന്നു.
ബാല്യ-കൗമാരങ്ങളുടെ ഭാവനാലോകത്തെ പൂർണമായി ഉൾക്കൊള്ളുകയും അതിന് ഇളക്കം തട്ടാതെ ലാളിത്യവും ചാരുതയുമാർന്ന ഭാഷയിൽ ആവിഷ്കരിക്കുകയും ചെയ്യുമ്പോഴാണ് നല്ല ബാലസാഹിത്യ സൃഷ്ടികൾ രൂപം കൊള്ളുന്നത് എന്നാണ് സങ്കൽപ്പം.
ഒരുടത്തൊരിടത്തൊരു…. തുടങ്ങുന്ന അമ്മൂമ്മകഥകൾക്കും ഭാവനകൾ ചിറകുവിരിക്കുന്ന കാട്ടിലെ കഥകൾക്കുമപ്പുറം ജീവിതഗന്ധിയും കാലാനുസാരിയുമാകണം ബാലസാഹിത്യമെന്ന നിഗമനങ്ങളിലേക്ക് നമ്മെ എത്തിക്കുന്നുണ്ട് ആദിയുമാത്മയും .. മൗഗ്ലിയെയും, ആലീസിനെയും, ടോട്ടോച്ചാനെയും , ടാർസണെയും ഒക്കെ അപ്രസക്തരാക്കി ഓൺലൈൻ ഗെയിമുകൾ കടന്നു കയറിയ വർത്തമാനകാല ബാല മനസുകളിൽ ഗൾഫിൽ നിന്നു നാട്ടിലെത്തി കേരളാ സിലബസിൽ പൊതുവിദ്യാലയത്തിൽ പഠിക്കാൻ ചേർന്ന രണ്ടു കുട്ടികളുടെ അനുഭവങ്ങൾ വായനയുടെ പുതു വസന്തം തീർക്കുമ്പോൾ രാജേഷ് ചിത്തിരയുടെ മുൻപിൽ അറിയാതെ ശിരസ് നമിച്ചു പോകുന്നു.
ആദി ജനിച്ചത് കേരളത്തിലാണങ്കിലും വളർന്നത് ദുബായിലാണ് ഏഴാം ക്ലാസ് വരെ പഠിച്ചത് അവിടെയാണ്. രണ്ട് വർഷമായി നാട്ടിലായിരുന്നു. തിരിച്ച് അവധിക്കാലം ചെലവഴിക്കാൻ ആദി പപ്പയുടെയടുത്ത് ദുബായിലേക്ക് പോകുന്നിടത്ത് പുസ്തകം ആരംഭിക്കുന്നു. അനുജത്തി ആത്മ അഞ്ചാം ക്ലാസിൽ. എല്ലാം എഴുതണമെന്ന് പറഞ്ഞ് അച്ഛൻ വാങ്ങിക്കൊടുത്ത വിമ്പി കിഡ് ഡയറിയിൽ ആദി കോറുന്ന ഓർമ്മകളാണ് ഈ പുസ്തകം.
ദുബായിൽ വെച്ച് അടുക്കളക്ക് അമ്മ അവധി പ്രഖ്യാപിക്കുന്ന ഒരു വ്യാഴാഴ്ച വൈകിട്ട് മാളിലെ കറക്കവും സിനിമയും കഴിഞ്ഞ് ഫുഡ് കോർട്ടിലെത്തി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് അവരുടെ പപ്പ ജോലിയുടെ അസ്ഥിരതയെക്കുറിച്ചും അമ്മയെയും ആദിയെയും ആത്മയെയും നാട്ടിലേക്ക് തിരികെയയക്കുന്നതിനെക്കുറിച്ചും അവതരിപ്പിക്കുന്നത്.
ജീവിച്ചു കൊണ്ടിരുന്ന ഒരു സുരക്ഷിത ഇടത്തിൽ നിന്നും പെട്ടെന്ന് പറിച്ചു മാറ്റപ്പെടുമ്പോൾ ഉണ്ടാകാവുന്ന ഒരു അസ്വസ്ഥതയിലായി അവർ മൂവരും. ക്ലാസിലെയും ഡാൻസ് ക്ലാസിലെയും കൂട്ടുകാരെ ,എപ്പോഴും കരയുന്ന ആൺ കാനറി പക്ഷിയെ ഫിഷ് ബൗളിലെ ഫൈറ്ററെ, ബാൽക്കണിയിലെ ചെടികളെ, എല്ലാം പെട്ടെന്ന് ഉപേക്ഷിക്കണമെന്നു പറഞ്ഞപ്പോഴുണ്ടാകുന്ന സങ്കടം. പെറ്റ്സിനെ ആർക്കേലും കൊടുക്കാം പക്ഷേ ബാൽക്കണിയിലെ ചെടികളോ? അമ്മയുടെ കണ്ണിൽ ഉരുണ്ടുകൂടി പെയ്തിറങ്ങിയ സങ്കടം ആദിയുടെ തലയിൽ വീണ് നനഞ്ഞ് പൊള്ളുന്നുണ്ട്.
അവരുടെ സ്വയം ആശ്വസിക്കൽ ആദിയുടെ വാക്കുകളിലുണ്ട്.
“അമ്മാ നാട്ടിൽ പോയി നമുക്ക് വലിയ ഒരു പൂന്തോട്ടം ഉണ്ടാക്കണം. കൃഷിയും ചെയ്യണം”
അങ്ങനെ ബക്കറ്റ് ലിസ്റ്റിൽ ആദ്യത്തെ ഇനം ആദി എഴുതി.
പീതാംബരൻ എന്ന കാനറി പക്ഷിയോടുള്ള സ്നേഹമാണ് പക്ഷികളെ കൂട്ടിൽ അടക്കണ്ടാ എന്ന ബക്കറ്റ് ലിസ്റ്റിലെ രണ്ടാമത്തെ ഇനത്തിൻ്റെ കാരണം.
ഇറങ്ങിപ്പോയിട്ടും അവരെ തേടി തിരിച്ചു വന്ന പിങ്കി എന്ന ഹാംസ്റ്ററിനെ ആരേ ഏൽപ്പിക്കുമെന്ന സങ്കടം, ഗൂഗിൾ നോക്കി പേരും ചരിത്രവും പഠിച്ച അന്ന കാരാസിസ് ഒരാട്ടസ് എന്ന ഗോൾഡ് ഫിഷ് ഇനത്തിലുള്ള ആത്മയുടെ സ്വന്തം അന്നയുടെ വേർപാട്.
ആത്മ മെനയുന്ന നുണക്കഥകൾ…
പപ്പയുടെ ജൈവ വൈവിധ്യം നിറഞ്ഞ കൃഷിയിടത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ …
തിരിച്ചു പോരുന്നതിന് മുൻപ് സ്ത്രീകൾ ( അമ്മയും ആത്മയും)ഒറ്റക്ക് മെട്രോയിൽ യാത്ര ചെയ്യണമെന്ന അമ്മയുടെ ആഗ്രഹം.
ബുർജ്ജ് ഖലീഫയുടെ ഉയരം. നാട്ടിലെ ഉയരമുള്ള ഇടങ്ങളെക്കുറിച്ചുള്ള പപ്പയുടെ വിവരണം.
അങ്ങനെ ആദിയുടെ കാണേണ്ട സ്ഥലങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിക്കുന്ന തുടിയുരുളി പാറയും, ചുട്ടിപ്പാറയും ,ജഡായു പാറയും, മലയാള പഠനം ഇങ്ങനെ വിവിധ വിഷയങ്ങൾ അവതരിപ്പിക്കലിൻ്റെയോ പഠിപ്പിക്കലിൻ്റെ പ്രകടനങ്ങളില്ലാതെ ചർച്ചക്ക് വിധേയമാക്കുന്നുണ്ട് ഈ പുസ്തകത്തിൽ .

നാട്ടിലുണ്ടായിരുന്ന കാലത്തെ വെള്ളപ്പൊക്കത്തിൻ്റെ അനുഭവം ഒരു അധ്യായത്തിൽ വിവരിക്കുന്നുണ്ട്. വെള്ളം കയറി ഏറെ നഷ്ടപ്പെട്ടിട്ടും ബാക്കിയുണ്ടായിരുന്ന മരുന്നും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും ആവശ്യക്കാർക്ക് കൊടുക്കുന്ന അമ്മയുടെ വാക്കുകളിൽ നിന്ന് ആദി പഠിക്കുന്നത് ഇങ്ങനെയാണ് .
“കൊടുത്ത് ദരിദ്രരാവുന്നതാണ് മനുഷ്യത്വം ആർത്തിയോടെ ശേഖരിച്ചു വെക്കുന്നതല്ല “
ഗൂഗിൾ ചെയ്ത കണ്ടു പിടിച്ച മിയാവാക്കി വനം ഉൾപ്പെടെയുള്ള സ്വപ്നങ്ങളും സങ്കൽപ്പങ്ങളും ബക്കറ്റ് ലിസ്റ്റുമായി നാട്ടിലെത്തപ്പെട്ട അമ്മയും ആദിയും ആത്മയും അനുഭവിച്ച അന്യതാ ബോധവും അസ്വസ്ഥതകളും 14 കാരൻ്റെ ചിന്താ തലത്തിൽ നിന്ന് അവതരിപ്പിക്കുന്നുണ്ട് ഇവിടെ. അച്ഛന് എഴുതുകയും അയക്കാതെ മാറ്റിവെക്കുകയും ചെയ്ത കത്തുകളിൽ ആ സങ്കടങ്ങളും വിഹ്വലതകളും നിറഞ്ഞു നിൽക്കുന്നു. ഒന്നിച്ച് തിരികെ അച്ഛൻ്റെ അടുത്തേക്ക് വരാനാഗ്രഹിച്ചെങ്കിലും അമ്മയുടെ അസുഖം കാരണം ആദിക്ക് ഒറ്റക്കാണ് പോരേണ്ടി വന്നത്. ഒരാഴ്ച നീട്ടി വെച്ച ആത്മയുടെയും അമ്മയുടെയും യാത്ര പിന്നീട് അനിശ്ചിതത്വത്തിലാക്കുന്നു കൊറോണ വൈറസ് .കൊറോണ ദിനക്കുറിപ്പുകളിലവസാനിക്കുന്ന പുസ്തകം പ്രവാസികളുടെയും കുടുംബങ്ങളുടേയും പ്രശ്നങ്ങൾ ഗൗരവമായി, മനോഹരമായി അവതരിപ്പിക്കുന്നു.
ഒരു കഥ പറയാം എന്ന അധ്യായത്തിൽ പ്രവാസ ജീവിതത്തിൻ്റെ പ്രതിസന്ധികളും സങ്കടങ്ങളും എത്ര ആഴത്തിലാണ് ഒരു ടീനേജു കാരൻ്റെ ചിന്തയിലൂടെ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് നാം അത്ഭുതത്തോടെ നോക്കി പോകുന്നു.
ചുരുക്കത്തിൽ ആദി & ആത്മ എന്ന കൃതി ഒരു ഡയറിക്കുറിപ്പാണ്, ഒരു നോവലാണ്, അനുഭവങ്ങളാണ്, അറിവാണ്, തിരിച്ചറിവുമാണ്. ലോഗോസ് ബുക്ക്സാണ് പ്രസാധകർ.
വാൽക്കഷണം : സ്നേഹിതരായ അധ്യാപകരും മാതാപിതാക്കളും നിർബന്ധമായും ഈ പുസ്തകം വായിക്കണം. കുട്ടികളെക്കൊണ്ട് വായിപ്പിക്കണം.
MORE IN Latest News
