HIGHLIGHTS : പുസ്തക നിരൂപണം - സുള്‍ഫി ഒരു ക്ലാസിക് പുസ്തകം classic abhimughangal'പ്രതിഫലം ലഭിക്കുന്ന അഡ്വര്‍ടൈസിങ്' എന്നാണ് പ്രമുഖ പത്രപ്രവര്‍ത്തകനായ ഐസക...
പുസ്തക നിരൂപണം – സുള്‍ഫി
ഒരു ക്ലാസിക് പുസ്തകം

‘പ്രതിഫലം ലഭിക്കുന്ന അഡ്വര്‍ടൈസിങ്’ എന്നാണ് പ്രമുഖ പത്രപ്രവര്‍ത്തകനായ ഐസക് എഫ് മര്‍ക്കോസണ്‍ അഭിമുഖത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ പ്രതിഫലം ലഭിക്കല്‍ മാത്രമല്ല, സ്വയം വെളിപ്പെടുത്തലിനുള്ള അവസരം കൂടിയാണ് അഭിമുഖം. ചിലപ്പോള്‍ രണ്ടും ഒരര്‍ത്ഥത്തില്‍ ഒന്നുതന്നെയെന്നും വരാം.
‘ഡെവിള്‍സ് അഡ്വക്കറ്റ്’ തൊട്ട് ജോണ്‍ ബ്രിട്ടാസ് വരെ ചാനല്‍ അഭിമുഖങ്ങളെ ഗൗരവമായിത്തന്നെ ആസ്വദിക്കുന്ന മലയാളിള്‍ ഉണ്ട്. ആസ്വാദനത്തിനപ്പുറം കുറിക്കുകൊള്ളുന്ന ചോദ്യങ്ങളിലൂടെ അറിയാനുള്ളത് ചുഴിഞ്ഞറിയാന്‍ വിദഗ്ദ്ധനായ അഭിമുഖകാരന്‍ തന്ത്രപരമായി നടത്തുന്ന ‘വീഴ്ത്തലുകളിലൂടെ’ അഭിമുഖത്തിന് വിധേയരാകുന്നവര്‍ എല്ലാമങ്ങ് പറഞ്ഞുപോകും.
അഭിമുഖങ്ങള്‍ മിക്കപ്പോഴും വൈയക്തികതയില്‍ ഊന്നുന്നു. എന്നാല്‍ ആശയങ്ങളും ആദര്‍ശങ്ങളുമെല്ലാം അവതരിപ്പിക്കപ്പെടാറുമുണ്ട് അഭിമുഖങ്ങളിലൂടെ. ആദ്യകാലത്ത് ചോദ്യങ്ങള്‍ ചോദിച്ചറിഞ്ഞ് കുറിപ്പുകള്‍ തയ്യാറാക്കി പിന്നീട് ഓര്‍മ്മയുടെ കൂടി അടിസ്ഥാനത്തിലാണ് അഭിമുഖങ്ങള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നത്. (ഉത്തരങ്ങള്‍ അതുപോലെ രേഖപ്പെടുത്തുക അസാദ്ധ്യവും അഭിമുഖത്തെ അലോസരപ്പെടുത്തുകയും ചെയ്യും.) അതുകൊണ്ടൊക്കെത്തന്നെ അഭിമുഖം തയ്യാറാക്കല്‍ ആദ്യകാലത്ത് സാഹസികവും ചിലപ്പോള്‍ അഭിമുഖം അനുവദിച്ചവരുടെതന്നെ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുന്നതുമായി. ടേപ് റെക്കോര്‍ഡറിന്റെ വരവാണ് ഈ ദുസ്ഥിതിയെ ഇല്ലാതാക്കുകയും വലിയ പരിവര്‍ത്തനം ഉണ്ടാക്കുകയും ചെയ്തത്.
നല്ല അഭിമുഖകാരന്‍ വെറുമൊരു മാധ്യമപ്രവര്‍ത്തകന്‍ മാത്രമല്ല, അതിനുമുണ്ട് ഒരു കലാപരത. ചോദ്യങ്ങളുടെയും അവതരണത്തിന്റെയും പറയിക്കലിന്റേതുമായ മനശ്ശാസ്ത്രപരവും മനോഹരവുമായ ഒരുപാട് വശങ്ങള്‍ വേറേയുമുണ്ട്. അത്തരത്തില്‍ പ്രഗദ്ബരായ നിരവധി അഭിമുഖകാരന്മാരുണ്ട്. ഹരോള്‍ഡ് വില്യംസ്, എച്ച്.ജി.വെല്‍സ്. ജോര്‍ജ് സില്‍വര്‍സ്റ്റര്‍ വിവ്‌റെക്, ഒറിയാന ഫാലസി, ആന്‍ഡ്രിയ റെയ്‌നോള്‍ഡ്, യൂജിന്‍ ലയോണ്‍സ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.
അഭിമുഖത്തിന് വിധേയരാകുന്നവരും അതിലുപരി അഭിമുഖം നടത്തുന്നവരും കഴിവുള്ളവരാണെങ്കില്‍ അത്തരം അഭിമുഖങ്ങള്‍ നല്ലൊരു ആശയസംവാദംതന്നെയാകും. സാധാരണ അഭിമുഖങ്ങള്‍ എങ്ങനെയെങ്കിലും വായിക്കപ്പെടുകോയ കാണുകയോ ചെയ്താലും അവ അപ്പോള്‍ത്തന്നെ വിസ്മരിക്കപ്പെടുമ്പോള്‍ നല്ല അഭിമുഖങ്ങള്‍ കാലങ്ങളോളം അവിസ്മരണീയമായിരിക്കും. അവയില്‍ ചിലതെങ്കിലും വായനക്കാരന്/കാഴ്ചക്കാരന് അറിവിന്റെയും അനുഭവങ്ങളുടെയും ഒരു നൂതന ലോകം തുറന്നുകൊടുക്കകയും ചെയ്യും.
ലോകപ്രശസ്തരായ നിരവധി പേരുമായി പ്രശസ്ത പത്രപ്രവര്‍ത്തകര്‍ നടത്തിയ അഭിമുഖങ്ങള്‍ ശേഖരിച്ച് വിവര്‍ത്തനം ചെയ്ത പുസ്തകമാണ് ‘ക്ലാസിക് അഭിമുഖങ്ങള്‍’. മലയാളത്തില്‍ ഒരുപക്ഷേ ഇങ്ങനെയൊരു പുസ്തകം ആദ്യമാണെന്ന് തോന്നുന്നു.
അഭിമുഖങ്ങളുടെ തിരഞ്ഞെടുപ്പിനെപ്പറ്റി വിവര്‍ത്തകന്‍തന്നെ പറയുന്നത്, ‘വ്യത്യസ്ത താത്പര്യക്കാരായ വായനക്കാരെ മുന്നില്‍ കണ്ടുകൊണ്ട് വിവിധതുറകളിലുള്ളവരുമായുള്ള അഭിമുഖങ്ങള്‍’ എന്നാണ്. രാഷ്ട്രീയം, തത്വചിന്ത, ആത്മീയത, കല, ശാസ്ത്രം, സാഹിത്യം എന്നിങ്ങനെ എല്ലാ വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട് പുസ്തകത്തില്‍. ഗാന്ധി, മാര്‍ക്‌സ്, ഐന്‍സ്റ്റീന്‍ തുടങ്ങി ഹിറ്റിലറെയും മുസ്സോളിനിയേയും പോലെ ചരിത്രത്തിലെ നായകരോ പ്രതിനായകരോ ആയിട്ടുള്ളവരാണ് അതില്‍ അണിനിരത്തപ്പെട്ടിരിക്കുന്നത്.
പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ അഭിമുഖങ്ങളെ രണ്ടുഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യ ഭാഗത്തില്‍ ഗാന്ധി, മാര്‍ക്‌സ്, സ്റ്റാലിന്‍, മാവോ, മുസ്സോളിനി, ഹിറ്റ്‌ലര്‍ എന്നിവരും രണ്ടാം ഭാഗത്തില്‍ പിക്കാസോ, ടോല്‍സ്റ്റയ്, സ്റ്റീഫന്‍ ഹോക്കിങ്, എഡ്വേര്‍ഡ് സെയ്ദ്, മാര്‍കേസ്, കൃഷ്ണമൂര്‍ത്തി, ഫ്രോയ്ഡ്, ഹെമിംഗ്വേ, നെരൂദ, സാര്‍ത്ര്, ചാപ്ലിന്‍, അരുന്ധതി റോയ് തുടങ്ങിയവരുമടക്കം ഇരുപത്തിനാല് അഭിമുഖങ്ങളുണ്ട്. കൂടാതെ ആമുഖമായി അഭിമുഖങ്ങളുടെ ഒരു ഹ്രസ്വ ചരിത്രംതന്നെ വിവര്‍ത്തകന്‍ അവതരിപ്പിക്കുന്നുമുണ്ട്.
പ്രശസ്ത പത്രപ്രവര്‍ത്തകനായ ജമാല്‍ കൊച്ചങ്ങാടിയാണ് അഭിമുഖങ്ങള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ക്ലാസിക് അഭിമുഖങ്ങള്‍ എന്ന പുസ്തകത്തിന്റെ പേര് അന്വര്‍ത്ഥമാണെന്നതുപോലെയാണ് ഈ പുസ്തകത്തിലെ അഭിമുഖങ്ങള്‍. വിവര്‍ത്തനത്തിന്റെ ഭാഷാപരമായ മികവുകൊണ്ട് വായന സുഖമമാക്കിയിരിക്കുന്നു. വായിക്കാവുന്ന എന്നല്ല, വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ഈ ‘ക്ലാസിക് അഭിമുഖങ്ങള്‍.’
ക്ലാസിക് അഭിമുഖങ്ങള്‍
വിവര്‍ത്തനം: ജമാല്‍ കൊച്ചങ്ങാടി
ഒലീവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്
വില: 260 രൂപ