മുംബൈയില്‍ സ്‌ഫോടന ഭീഷണി; 2 പേര്‍ പിടിയില്‍, ഭീതി ഒഴിഞ്ഞ് ഗണേശോത്സവം

മുംബൈ: ഗണേശോത്സവം നടക്കുന്നതിനിടെ സ്‌ഫോടനം നടത്തുമെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ 2 പേര്‍ പിടിയില്‍. ഭീഷണി സന്ദേശമയച്ചയാളും പ്രതിക്ക് സിം കാര്‍ഡ് നല്‍കിയയാളും അറസ്റ്റിലായി. പറ്റ്‌ന സ്വദേശിയായ അശ്വിനികുമാര്‍ സുപ്രയാണ് (51) ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. നോയിഡയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

നേരത്തെ സുഹൃത്തായിരുന്ന ഫിറോസിനെ കുടുക്കാനാണ് അശ്വിനികുമാര്‍ ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വര്‍ഷം മുന്‍പ് ഫിറോസ് നല്‍കിയ പരാതിയില്‍ അശ്വിനികുമാറിന് മൂന്ന് മാസം ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. ഫിറോസിനെ ഭീകര കേസില്‍ കുടുക്കാനാണ് അശ്വിനികുമാര്‍ പദ്ധതിയിട്ടത്. ഫിറോസിന്റെ പേര് ഭീഷണി സന്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നു.

മുംബൈ ട്രാഫിക് പൊലീസിന്റെ വാട്‌സ്ആപ്പ് ഹെല്‍പ്പ് ലൈനിലേക്ക് വ്യാഴാഴ്ചയാണ് സന്ദേശം വന്നത്. 14 പാകിസ്ഥാന്‍ ഭീകരര്‍ 400 കിലോഗ്രാം ആര്‍ഡിഎക്‌സുമായി നഗരത്തില്‍ പ്രവേശിച്ചുവെന്നും 34 മനുഷ്യ ബോംബുകള്‍ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. 10 ദിവസത്തെ ഗണേശ ചതുര്‍ത്ഥി ഉത്സവം അവസാനിക്കാനിരിക്കെയാണ് പൊലീസിന് ഈ സന്ദേശം വന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. പറ്റ്‌ന സ്വദേശിയായ അശ്വിനികുമാര്‍ സുരേഷ് കുമാര്‍ സുപ്രയാണ് ഈ സന്ദേശം അയച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. നോയിഡ സെക്ടര്‍ 79-ല്‍ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ മുംബൈ പൊലീസിന് കൈമാറി. അശ്വിനികുമാര്‍ ജ്യോതിഷിയും വ്യാപാരിയുമാണെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്ക് സിം കാര്‍ഡ് നല്‍കിയ പ്രതിയെ സോരാഖയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top