രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബിജെഡിയും ഉത്തരാഖണ്ഡില്‍ ബിജെപിയും ജയിച്ചു. ഉത്തരാഖണ്ഡിലെ ചമ്പാവത് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് വന്‍ വിജയം. 55,025 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. കോണ്‍ഗ്രസ് നേതാവ് നിര്‍മല ഗെഹ്തോറിക്ക് 3233 വോട്ടാണ് നേടാനായത്. ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഖട്ടിമയില്‍ തോറ്റ ധാമി വന്‍ ഭൂരിപക്ഷത്തിലാണ് ചമ്പാവത്ത് മണ്ഡലത്തില്‍ ജയിച്ചത്.
ബിജെഡി എം എല്‍ എ കിഷോര്‍ മൊഹന്തിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒഡീഷയിലെ ബ്രാജ്രാനഗര്‍ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജു ജനതാദള്‍ തങ്ങളുടെ മണ്ഡലം നിലനിര്‍ത്തി. എംഎല്‍എയുടെ ഭാര്യ അലക മൊഹന്ദിയാണ് മത്സരിച്ച് ജയിച്ചത്. ബിജെപിയുടെ രാധാറാണി പാണ്ഡയും കോണ്‍ഗ്രസിന്റെ കിഷോര്‍ പട്ടേലുമായിരുന്നു എതിരാളികള്‍.
ഫെബ്രുവരിയില്‍ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖാതിമയില്‍ മത്സരിച്ച ധാമി പരാജയപ്പെട്ടിരുന്നു. എന്നാല്‍ ധാമിയെ തന്നെ ബിജെപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ ആറ് മാസത്തിനുള്ളില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കല്‍ അനിവാര്യമായിരുന്നു. ചമ്പാവത്തിലെ ബിജെപി എംഎല്‍എ ആയിരുന്ന കൈലാഷ് ഗെഹ്തോരി രാജിവെച്ചാണ് ധാമിക്ക് മത്സരിക്കാന്‍ ഉപതിരഞ്ഞെടുപ്പ് ഒരുക്കികൊടുത്തത്.




